Connect with us

Gulf

ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക്

Published

|

Last Updated

ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക്. യൂറോപ്പിലും മറ്റും 2020 ഓടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് സ്തംഭിക്കുമെന്നും അനുബന്ധമായി ധാരാളം തൊഴില്‍നഷ്ടം സംഭവിക്കുമെന്നും കമ്പോളത്തില്‍ പണലഭ്യത തുച്ഛമായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള ആശ്വാസം, അത് 2008ലേത് പോലെ അധികം നീണ്ടുനില്‍ക്കില്ല എന്നതാണ്. എണ്ണവില കുറയാനിടയില്ലാത്തത്, ഗള്‍ഫ് മേഖലക്ക് പ്രതീക്ഷ നല്‍കുന്നു.

അമേരിക്കയില്‍ ധനവിനിമയ സ്ഥാപനങ്ങള്‍ തകര്‍ന്നതാണ് 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബേങ്കുകള്‍ വന്‍തോതില്‍ വായ്പ നല്‍കിയിരുന്നു. തിരിച്ചടവ് ഉണ്ടായില്ല. ലെഹ്മാന്‍ ബ്രദേഴ്‌സ് എന്ന ധനവിനിമയ സ്ഥാപനം പൂട്ടി. 61900 കോടി ഡോളറാണ് വെള്ളത്തിലായത്. നിക്ഷേപകര്‍ക്ക് ഒറ്റയടിക്ക് പണം നഷ്ടമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബേങ്കുകള്‍ പോലും ലെഹ്മാന്‍ ബ്രദേഴ്‌സില്‍ നിക്ഷേം നടത്തിയിരുന്നു. അവയെല്ലാം കൂപ്പുകുത്തി. ഓഹരിക്കമ്പോളം തകര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഇന്ധനവില മോശമല്ലാതിരുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുവിധം പിടിച്ചുനിന്നു. എന്നിരുന്നാലും ആഗോള മാന്ദ്യത്തിന്റെ ചെറിയ അലയൊലികള്‍ ഗള്‍ഫില്‍ ചിലയിടങ്ങളിലും പ്രകടമായിരുന്നു.

കോര്‍പറേറ്റുകളുടെ ആര്‍ത്തിയും വലിയ അവകാശവാദങ്ങളുമാണ് സാമ്പത്തിക മാന്ദ്യത്തിന് രാസത്വരകമായതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. “കുമിള തകര്‍ന്നു” എന്ന് മാധ്യമങ്ങള്‍ തലക്കെട്ട് നല്‍കി.
മറ്റൊരു ഭാഗത്ത്, ആവശ്യവും ഉല്‍പാദനവും സന്തുലിതമായിരുന്നില്ലെന്ന് വിലയിരുത്തപ്പെട്ടു. ആഢംബരത്തില്‍ അഭിരമിക്കപ്പെട്ട ജനതയായിരുന്നു പാശ്ചാത്യ രാജ്യങ്ങളിലേത്. അവരില്‍ മിക്കവരും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഉല്‍പന്നങ്ങള്‍ വാങ്ങിയിരുന്നത്. തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍, ചെറുകിട കച്ചവടങ്ങള്‍ തകര്‍ന്നപ്പോള്‍ ലോകം തന്നെ അനിശ്ചിതത്വത്തിലായി.

2008ല്‍ നിന്ന് ലോകജനത പാഠം ഉള്‍ക്കൊണ്ടില്ല. പത്തുവര്‍ഷത്തിനപ്പുറത്തേക്ക് തിരിഞ്ഞുനോക്കാന്‍ ആരും തയാറല്ല.
ഉദാഹരണത്തിന്, മൊബൈല്‍ ഫോണ്‍ കമ്പനികള്‍ കൂടെക്കൂടെ പുതിയ മോഡലുകള്‍ ഇറക്കുന്നു. ഒരാള്‍ക്ക് ഒരു ഫോണ്‍ ധാരാളം. പുതിയ മോഡലുകളുടെ തിളക്കം കണ്ട്, രണ്ടോ മൂന്നോ കൈക്കലാക്കാന്‍ പ്രലോഭിക്കപ്പെടുന്നു. ഉല്‍പാദകര്‍, ആര്‍ത്തിയുള്ളവരാണ്. അവര്‍, ആളുകളില്‍ ഉപഭോഗാസക്തി സജീവമായി നില്‍ക്കാന്‍ വിസ്മയിപ്പിക്കുന്ന പരസ്യങ്ങളും വാഗ്ദാനങ്ങളും മുന്നിലിടുന്നു. മിക്കവരും വായ്പയിലൂടെയാണ് ഉപഭോഗതൃഷ്ണ ശമിപ്പിക്കുന്നത്. ആഗോള സാമ്പത്തികമാന്ദ്യം കാരണം ജീവിതോപാധി നഷ്ടപ്പെടുന്നതോടെ, വായ്പയുടെ തിരിച്ചടവ് അസാധ്യമാകും. പിന്നെ, വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും എത്തും. 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഇപ്പോഴും കഴിയാത്ത എത്രയോപേര്‍ ചുറ്റിലുമുണ്ട്. വാണിജ്യ, വ്യവസായ സ്ഥാപനം തുടങ്ങാനോ നിലനിര്‍ത്താനോ വേണ്ടി ബേങ്കുകളില്‍ നിന്ന് വായ്പ വാങ്ങിതിരിച്ചടക്കാന്‍ കഴിയാത്ത നിരവധിപേരാണ് പലയിടങ്ങളിലേയും ജയിലുകളിലുള്ളതില്‍ നല്ലൊരു ഭാഗവും. ഇക്കാര്യത്തില്‍ വന്‍കിടക്കാരെന്നോ ചെറുകിടക്കാരെന്നോ വ്യത്യാസമില്ല. കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നതറിയാതെ, ഒരു കടംവീട്ടാന്‍ മറ്റൊരു കടം എന്ന, കുഴിബോംബുള്ള വഴികള്‍ തെരഞ്ഞെടുത്തവര്‍, ദീര്‍ഘകാലമായി അഴിയെണ്ണുന്നു.

മേഖലയിലെ രാഷ്ട്രീയ അസ്ഥിരത, വാണിജ്യമേഖലക്ക് വലിയ ആഘാതമായിട്ടുണ്ട്. ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷം ഇവിടങ്ങളിലെ ജനങ്ങളെ പാപ്പരാക്കി. അമേരിക്കയുടെയും ഇസ്രാഈലിന്റെയും കുടിലതന്ത്രങ്ങള്‍ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. അത് കൊണ്ടുതന്നെ, മേഖലക്ക് മാത്രമായി മറുതന്ത്രം രൂപപ്പെടുത്താന്‍ സാധിക്കുന്നില്ല.
എന്തിനും ഏതിനും ഗള്‍ഫിനെ ആശ്രയിക്കുന്ന മലയാളികള്‍ക്കാണ് തിരിച്ചടി വരാന്‍പോകുന്നത്. പ്രളയദുരന്തത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കേരളത്തിന്, 2020ലെ ആഗോള സാമ്പത്തിക മാന്ദ്യം താങ്ങാനാകില്ല.

ഇപ്പോള്‍തന്നെ, സ്വദേശിവല്‍കരണം കാരണം സഊദി അറേബ്യയില്‍ നിന്ന് ആയിരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു. സ്വദേശിവല്‍കരണത്തിന്റെ പേരില്‍ സഊദിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. സ്വന്തം നാട്ടുകാര്‍ക്ക് തൊഴിലൊരുക്കിക്കൊടുത്തിട്ടല്ലേ, മറുരാജ്യക്കാര്‍ക്ക് അവസരം നല്‍കേണ്ടതുള്ളൂ. ചെറുകിട ജോലിചെയ്യാന്‍ തയ്യാറായി നിരവധി തദ്ദേശീയ യുവതീയുവാക്കളാണ് രംഗത്തുള്ളത്. 2020ലെ സാമ്പത്തിക മാന്ദ്യം നേരിടാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ചിന്തിക്കേണ്ട സമയമായി. ആഢംബരം കുറക്കുക എന്നതാണ് പ്രധാനം. നാട്ടില്‍, കൊട്ടാര സദൃശ്യമായ വീട് വെക്കുന്നതിലോ, ലക്ഷങ്ങള്‍ പൊടിച്ച് കല്യാണം ഒരുക്കുന്നതിലോ അര്‍ഥമില്ല. ഒരു പ്രളയം വന്നാല്‍ ഒലിച്ചുപോകുന്ന കെട്ടിപ്പൊക്കലാണ് ദുരഭിമാനം.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest