Connect with us

Gulf

ഷാര്‍ജ വിമാനത്താവള മേല്‍പാലം തുറന്നു; ഗതാഗതം എളുപ്പമായി

Published

|

Last Updated

ഷാര്‍ജ: രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതുതായി പണിത മേല്‍പാലം തുറന്നു. ദൈദ് റോഡിനുകുറുകെ നിര്‍മിച്ച നീളമേറിയ പാലമാണ് കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം ഏറെ സൗകര്യപ്രദവും എളുപ്പവുമായി. വിമാനത്താവള വികസനത്തിന്റെ ഭാഗമായാണ് ഗതാഗതം സുഗമമാക്കുന്ന പുതിയ പാലം പണിതത്. റോയല്‍ ആശുപത്രി പരിസരത്ത്കൂടി ചുറ്റിക്കറങ്ങിവേണമായിരുന്നു വിമാനത്താവളത്തിലെത്താന്‍. ഇനി ദൈദ് റോഡില്‍ നിന്ന് നേരിട്ട് പാലത്തില്‍ കയറി വിമാനത്താവളത്തിലെത്താം. ഇതുവഴി ഏറെ സമയലാഭവും ദൂരവും കുറഞ്ഞുകിട്ടും. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകും. ഗതാഗത കുരുക്കുമൂലം ഉണ്ടാകുന്ന ക്ലേശവും ഒഴിവാകും. യാത്രക്കാര്‍ക്ക് യഥാസമയം വിമാനത്താവളത്തിലെത്താനും സാധിക്കും.

ആഗമന നിര്‍ഗമന കവാടങ്ങളിലേക്ക് പ്രത്യേക സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്. വി വി ഐ പി ലോഞ്ചുകളിലേക്കുള്ള പാതയും ഒരുക്കിയിട്ടുണ്ട്. പാലംതുറന്നതോടെ സമീപത്ത് ചില ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. വാഹന പാര്‍ക്കിംഗിനും സൗകര്യമുണ്ട്. ധ്രുതഗതിയിലാണ് പാലം നിര്‍മാണം പൂര്‍ത്തിയായത്. സമീപത്ത് മനോഹരമായ പൂന്തോട്ടങ്ങളും നിര്‍മിക്കുന്നുണ്ട്.

അനുദിനം വികസിച്ചുവരുന്ന വിമാനത്താവളമാണ് ഷാര്‍ജ രാജ്യാന്തര വിമാനത്താവളം. ലക്ഷക്കണക്കിന് യാത്രക്കാരാണ് പ്രതിവര്‍ഷം ഈ വിമാനത്താവളം വഴി യാത്രചെയ്യുന്നത്. ഇതുവഴിയെത്തുന്ന യാത്രക്കാരുടെ എണ്ണം നാളുകള്‍ കഴിയുംതോറും വര്‍ധിച്ചുവരികയാണ്. ഇതിനനുസൃതമായ വികസന പ്രവര്‍ത്തനങ്ങളാണ് വിമാനത്താവളത്തില്‍ നടന്നുവരുന്നത്. വിനോദ സഞ്ചാരികളുടെ പറുദീസയായി ഷാര്‍ജയെ മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് യാത്ര സൗകര്യം വര്‍ധിപ്പിക്കുന്നത്. അതേസമയം, വിമാനത്താവളത്തില്‍ നിന്ന് തിരികെ വരുന്നതിനു പഴയ റോഡ് സൗകര്യമാണ് നിലവിലുള്ളത്. ഇതുവഴിയുള്ള യാത്ര ഗതാഗതതടസ്സം സൃഷ്ടിക്കാറുണ്ട്.

Latest