Connect with us

Articles

പൊളിറ്റിക്കല്‍ ഇസ്‌ലാമിന് കൈകൊടുക്കുന്നതെന്തിന്?

Published

|

Last Updated

ത് മുഹര്‍റമാണ്. ഹിജ്റ കലണ്ടറിലെ ആദ്യ മാസം. നമുക്ക് ജുഹൈമാന്‍ ഇബ്നു മുഹമ്മദ് ഇബ്നു സൈഫുദ്ദീന്‍ എന്ന ജുഹൈമാന്‍ അല്‍ ഉതൈബിയെ ഓര്‍ക്കാം. ഈ മാസത്തില്‍ ഓര്‍ക്കാന്‍ മറ്റു പലതുമുണ്ട്. അതിലേക്കൊന്നും ചേര്‍ത്തുവെക്കാനുള്ള പേരല്ല ജുഹൈമാന്‍ എന്നത്. എങ്കിലും ഇപ്പോഴിത് ഓര്‍ക്കേണ്ടതുണ്ട്. ഭൂതകാലത്തില്‍ മാത്രമായി ഒരാള്‍ക്ക് ജീവിക്കാനാവില്ലെങ്കിലും ഭൂതകാലത്തെ പാടെ കൈയൊഴിയാനാകില്ലല്ലോ. കാരണം, അവിടെ ചരിത്രമുണ്ട്, ഓര്‍മകളും പാഠങ്ങളുമുണ്ട്. വര്‍ത്തമാനത്തെ കുറിച്ചുള്ള ചില വിചാരങ്ങള്‍ പൂര്‍ണമാകണമെങ്കില്‍ നമുക്ക് ഓര്‍മകളെ കൂട്ടുപിടിക്കേണ്ടതായിവരും. അതുകൊണ്ട് കൂടിയാണ് ഈ ജുഹൈമാനോര്‍മ.

ആദ്യം ആളെ പരിചയപ്പെടാം. സഊദിയാണ് സ്വദേശം. അല്‍ഖസീം പ്രവിശ്യയിലാണ് ജനനം. ഉതൈബയാണ് ഗോത്രം. നജ്ദ് മേഖലയിലെ പ്രബല ഗോത്രങ്ങളിലൊന്നാണത്. വഹാബിസത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഗോത്രം. ഈ പശ്ചാത്തല വിവരണങ്ങള്‍ ആളിലേക്കെത്താനുള്ള മുന്നുര മാത്രമാണ്. മുഹര്‍റത്തില്‍ അയാളെ ഓര്‍ക്കാനുള്ള കാരണം അതൊന്നുമല്ല. ഹിജ്‌റ വര്‍ഷം 1400ന്റെ പിറവി നാളില്‍, മുഹര്‍റം ഒന്നിനാണ് അത് സംഭവിച്ചത്. ജുഹൈമാന്റെ സംഘം മസ്ജിദുല്‍ ഹറാമില്‍ കടന്നുകൂടി. അവര്‍അഞ്ഞൂറിലധികം പേര്‍. വെറുംകൈയുമായല്ല രംഗപ്രവേശം. കൈയില്‍ സംഹാരശേഷിയുള്ള ആയുധങ്ങളുണ്ട്. ഹജ്ജ് കഴിഞ്ഞ് ഏറെനാളുകള്‍ കഴിയുന്നതിനു മുമ്പാണ്, 1979 നവംബര്‍ 20ന്. വിശ്വാസികള്‍ പ്രഭാതനിസ്‌കാരത്തിനായി (സുബ്ഹ്) പള്ളിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. നിസ്‌കാരം കഴിഞ്ഞയുടനെ പള്ളിവാതിലുകള്‍ അടക്കപ്പെട്ടു. വാതിലുകള്‍ക്കരികെ തോക്കേന്തിയ ജുഹൈമാന്‍ സംഘാംഗങ്ങള്‍ പ്രത്യക്ഷരായി. പുറത്തുനിന്ന് ആരും അകത്തേക്ക് തള്ളിക്കയറുന്നില്ലെന്നുറപ്പാക്കാന്‍ തന്ത്രപ്രധാന പോയിന്റുകളിലും അവര്‍ നിലയുറപ്പിച്ചു. പള്ളിക്കകത്ത് ഹറം ചുമതലയുള്ള സൗദിസൈനികരില്‍ ചിലരുണ്ട്. അവര്‍ പക്ഷേ, നിരായുധരാണ്. ജമാഅത്തിന് വരുമ്പോള്‍ ആയുധം കൊണ്ടുവരാറില്ല. അക്രമികളുടെ എണ്ണത്തെ കുറിച്ച് കൃത്യധാരണയുമില്ല. ആ നേരത്ത് കൈബലത്തില്‍ മാത്രം കീഴ്‌പ്പെടുത്താനൊരുമ്പെട്ടാല്‍ തിരിച്ചടിയുടെ ആഴം ഊഹിക്കാവുന്നതിലപ്പുറമായിരിക്കും. ജുഹൈമാനോട് പട്ടാളത്തില്‍ ചിലര്‍ക്കൊക്കെ കൂറുണ്ടായിരുന്നതായും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതവിടെ നില്‍ക്കട്ടെ.

പള്ളി മിഹ്‌റാബില്‍ നിങ്ങള്‍ക്കിപ്പോള്‍ ഖാലിദ് അല്‍യാമിയെ കാണാം. പള്ളിയിലെ ശബ്ദസംവിധാനം കൈക്കലാക്കി അയാള്‍ ജുഹൈമാന് വേണ്ടിസംസാരിക്കുകയാണ്. പ്രസംഗത്തില്‍ആദ്യം തങ്ങള്‍ക്ക് വഹാബിസത്തോടുള്ള കൂറ് അരക്കിട്ടുറപ്പിച്ചു. ഇബ്നു വഹാബിന്റെ ആശയങ്ങള്‍ ലോകമെങ്ങും പ്രചരിച്ചുകാണാനുള്ള ഉത്ക്കടമായ ആഗ്രഹം വെളിപ്പെടുത്തി. നിലവിലെ സഊദി ഭരണകൂടം അതിന് അശക്തരാണെന്ന് വിധിയെഴുതി. സഊദിയിലെ രാജഭരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു. ഒടുവില്‍ തങ്ങള്‍ സഊദിയുടെഖിലാഫത്ത് ഏറ്റെടുക്കുകയാണെന്ന പ്രഖ്യാപനവും. സംഘത്തിലെ വയോധികനായ അബ്ദുല്ലഅല്‍ഖഹ്താനിയെഖലീഫയായി ഓരോരുത്തരും ബൈഅത്ത് ചെയ്തു.

വാര്‍ത്ത പുറംലോകത്തേക്ക് പരക്കാതിരിക്കാന്‍ സഊദി ഭരണകൂടം പരമാവധി ജാഗ്രത പുലര്‍ത്തി. പണ്ഡിതസഭയുടെ നിര്‍ദേശാനുസരണം, പള്ളിയില്‍ കടന്നുകയറിയ ഭീകരരുമായി അനുരഞ്ജനത്തിന് ഭരണകൂടം ശ്രമിച്ചു. ദിവസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ വിഫലമായപ്പോള്‍ സഊദിയുടെയും പാക്കിസ്ഥാന്റെയും സംയുക്തസൈനിക നീക്കത്തിലൂടെ എഴുപതോളം പേരെജീവനോടെ പിടികൂടി, ബാക്കിയുള്ളവരെ അവിടെ തന്നെ കൊലപ്പെടുത്തി. ഈ സൈനിക നീക്കത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള കമാന്‍ഡോകളും പങ്കെടുത്തതായി പിന്നീട് വാര്‍ത്തകളുണ്ടായി. ഹറം കലാപത്തിന് പിറകില്‍ശിയാക്കള്‍ ആണെന്നാണ് സഊദിആരോപിച്ചത്. അതില്‍ കഴമ്പുണ്ടോ എന്നത് ഇനിയും തീര്‍ച്ചപ്പെടുത്തപ്പെട്ടിട്ടില്ല. സഊദിയെ അസ്ഥിരപ്പെടുത്താന്‍ ഇറാന് അജന്‍ഡയുണ്ട് എന്നത് മറക്കുന്നുമില്ല.

ജുഹൈമാനെ കുറിച്ചുള്ള ലഭ്യമായവിവരങ്ങള്‍ പ്രകാരം, അയാള്‍ ഒന്നാന്തരം വഹാബി(സലഫി)യായിരുന്നു. അയാളുടെ സംഘത്തിന്റെ പേര് അല്‍ജമാഅത്തുസ്സലഫിയ്യ എന്നായിരുന്നു. സഊദിയിലെ പ്രമുഖ സലഫി പണ്ഡിതന്‍ ശൈഖ് ഇബ്നുബാസിന്റെ ആശീര്‍വാദമുണ്ടായിരുന്നു ഈ സംഘത്തിന്റെരൂപവത്കരണത്തിന്. ഇബ്നുബാസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതത്രേ. ശൈഖ് ഇബ്‌നുബാസ്, ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി, ശൈഖ് അബൂബക്കര്‍ അല്‍ജസായിരിതുടങ്ങിയ സലഫി പണ്ഡിതരെ കൊണ്ടുവന്ന് സംഘാംഗങ്ങള്‍ക്ക് ക്ലാസെടുപ്പിച്ചിരുന്നു. യമന്‍കാരനായ ശൈഖ് മുഖ്ബില്‍ ഉള്‍െപ്പടെ സലഫി പണ്ഡിതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ജുഹൈമാന്‍ അല്‍ ഉതൈബിക്ക്. എന്നിട്ടും ഈ ചര്‍ച്ചയിലേക്ക് ശിയാക്കള്‍ എങ്ങനെ കടന്നുവന്നു? അതില്‍രാഷ്ട്രീയമുണ്ട് എന്നാണ് പ്രാഥമികമായി നല്‍കാവുന്ന ഉത്തരം.

പൊളിറ്റിക്കല്‍ ഇസ്ലാം അങ്ങനെയൊന്നില്ലല്ലോ എന്ന് പറയുന്നുണ്ടിപ്പോള്‍ ഇസ്ലാമിലെ “പുരോഗമനവാദികള്‍”. രാഷ്ട്രീയ ഇസ്‌ലാമിനു വേണ്ടി ഇക്കണ്ട കാലമത്രയും എഴുതിയും പറഞ്ഞും പണിപ്പെട്ടവരാണ് ഇപ്പോള്‍ അതിനെ തള്ളിപ്പറയുന്നത് എന്നതാണ് കൗതുകമുള്ള കാര്യം. അധികാരം കൊണ്ട് മാത്രം പൂര്‍ത്തിയാകുന്ന ഇസ്ലാമിനെ കുറിച്ച് ആദ്യം പറഞ്ഞത് ഇബ്നു അബ്ദുല്‍ വഹാബാണ്. പില്‍ക്കാലം സയ്യിദ് ഖുതുബ്, മൗദൂദിമുതല്‍ പേര്‍. മതം അധികാരത്തിലേക്കുള്ള വഴിയും വെളിച്ചവുമായി കരുതിയവരുടെ പിന്‍മുറയിലാണ് നമ്മള്‍ ജുഹൈമാനെ കണ്ടുമുട്ടുന്നത്. അധികാരം പിടിക്കാന്‍ ഏതു മാര്‍ഗവുമാകാം. അതിനു വേണ്ടി പള്ളിയില്‍ ആയുധവുമായികടന്നു കയറാം, വിശ്വാസികളെ ബന്ദികളാക്കാം, ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കാം, നിരപരാധരുടെ ചോരവീഴ്ത്താം, ആളെക്കൊല്ലാം.. അധികാരത്തോടുള്ള ഉന്മാദദശയില്‍എന്തുമേതുംഹലാലായി മാറുന്നത് കാണാം. അവിടെ പ്രമാണങ്ങള്‍ തടസ്സമാകില്ല. പൂര്‍വികര്‍ ഒരു ഭാരമാകില്ല. കാരണം പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ആദ്യം കോടാലിക്കൈ വെക്കാറുള്ളത് പാരമ്പര്യത്തിലാണ്. പാരമ്പര്യത്തെ നിരാകരിക്കുന്ന ഒരാളുടെ മുന്നില്‍ പല സൗകര്യങ്ങളുമുണ്ട്. അയാള്‍ക്ക് സ്വേച്ഛ പ്രകാരം മതത്തെ വ്യാഖ്യാനിക്കാം, വെട്ടിമുറിക്കാം, കൂട്ടിച്ചേര്‍ക്കാം. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ അവിടവിടെയായി അറബിക് ഉദ്ധരണികളുടെ മേമ്പൊടി വിതറിയാല്‍ മതി. ഈ ട്രിപ്പീസിനിടയില്‍ മതമേത്, രാഷ്ട്രീയമേത് എന്ന് തിരിച്ചറിയാത്ത പരുവത്തിലാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രചാരകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മതത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വഴിവെട്ടിയവര്‍എവിടെ നില്‍ക്കുന്നു എന്നതിന് ചരിത്രത്തിലും വര്‍ത്തമാനത്തിലും ഉദാഹരണമുണ്ട്. കേരളത്തില്‍ ഈ വിഭാഗം പുരോഗമനത്തിന്റെ കുപ്പായമണിഞ്ഞാണെത്തിയത്. ഒടുവില്‍ എത്തിനില്‍ക്കുന്നത് കാനനച്ഛായയിലാണ്. ചങ്ങമ്പുഴയുടെ കാനനച്ഛായയല്ല, അബൂബക്കര്‍ ബാഗ്ദാദിയുടെ കാനനച്ഛായ. അവിടെ ആടുമേക്കാന്‍ പോയതാണത്രേ.

കേരളം പോലൊരു പ്രബുദ്ധ ദേശത്ത് ഇവരെങ്ങനെയാണ് വേരിറക്കിയത്? ഇവര്‍ക്കെങ്ങനെ സ്വീകാര്യത കൈവന്നു? പുരോഗമന നാട്യങ്ങള്‍ കാരണം എന്നൊറ്റ ശ്വാസത്തില്‍ ഉത്തരം പറയാം. അവിടെ അവസാനിപ്പിക്കാമോ? പറ്റില്ല. കാരണം ഇടതു സംഘടനകള്‍ക്ക് മേല്‍കൈയുള്ള സംസ്ഥാനമാണ് കേരളം. വലതുപക്ഷത്ത് പോലും ഇടതു സ്വാധീനമുണ്ടെന്ന് പറയപ്പെടുന്ന സ്ഥലം. ഇ എം എസ് മുതല്‍ മഹാമേരുക്കള്‍ രൂപപ്പെടുത്തിയതാണ് ഈ ഇടതുബോധം. അതുകൊണ്ട് ഈ ചര്‍ച്ചയില്‍ ഇടതുപക്ഷത്തെ, വിശിഷ്യാ സി പി എമ്മിനെ പറയാതെ മുന്നോട്ടുപോകാനാകില്ല. പൊളിറ്റിക്കല്‍ ഇസ്ലാമിനെ തിരിച്ചറിയുന്നതില്‍ ഇടതുപക്ഷം സമ്പൂര്‍ണ പരാജയമായിരുന്നു. എന്തുകൊണ്ട്?

ഇടതുവ്യവഹാരങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? എത്ര സൂക്ഷ്മമായാണ് അവര്‍ കാര്യങ്ങളെ വിശകലനം ചെയ്യാറുള്ളത്. ഓരോ പ്രശ്‌നത്തിന്റെയും തായ്വേരില്‍ചെന്നുതൊടും, അതാണ് വഴക്കം. ഇന്ത്യന്‍ ഫാസിസത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം മുസോളിനിയെ പറയും, കരിങ്കുപ്പായക്കാരെ പറയും. അലകും പിടിയും സ്പര്‍ശിക്കും. മുതലാളിത്തത്തെ കുറിച്ചാകുമ്പോള്‍ അതും അങ്ങേത്തലക്കല്‍ നിന്ന് തുടങ്ങും. ആലോചന കോണ്‍ഗ്രസിനെ കുറിച്ചാകുമ്പോഴും അതങ്ങനെ തന്നെ. മുദ്രാവാക്യങ്ങള്‍ നോക്കി മാത്രം ആര്‍ക്കും കൈകൊടുത്തു ശീലമില്ല. എന്തുകൊണ്ട്‌മോദിഇന്ത്യയില്‍ അവര്‍ കോണ്‍ഗ്രസുമായി ചേരുന്നില്ല എന്നതിനുള്ള ഉത്തരം ഇങ്ങനെ ചിലത് കൂടിയാണ്. പക്ഷേ, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കാര്യത്തില്‍ ഈ സൂക്ഷ്മത ഒരിക്കല്‍ പോലും അവരില്‍ നിന്നുണ്ടായില്ല. ചരിത്രത്തില്‍/ വേരുകളില്‍ എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം കുഴപ്പക്കാരല്ലെന്ന ബോധ്യത്തിലാണ് അവരിപ്പോഴുമുള്ളത്. ആ വേരുകള്‍ മുറിച്ചുകളയാനോ ആ ചരിത്രത്തെ തള്ളിപ്പറയാനോ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നാളിതുവരെ തയ്യാറായിട്ടില്ല എന്നുമോര്‍ക്കണം. ആ സലഫി തന്നെയാണ് ഈ സലഫി. ആ ഇബ്‌നുവഹാബ് തന്നെ ഇവരുടെയും നേതാവ്.

ഇടതുപക്ഷത്തിന്റെ ഈ ജാഗ്രതക്കുറവ് എന്‍ ഡി എഫിന്റെ (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് കാര്യത്തിലുമുണ്ടായി. മുസ്ലിംകള്‍ക്കിടയിലെ അനേകം സംഘടനകള്‍ക്കിടയില്‍ മറ്റൊരു സംഘടനയല്ല എന്‍ ഡി എഫ് എന്ന് സി പി എമ്മിന് തിരിയാന്‍ നാദാപുരത്ത് ഒരു യുവസഖാവിന് ജീവന്‍ നഷ്ടമാകേണ്ടിവന്നു. അന്ന് ചില പ്രതിഷേധങ്ങളുംബോധവത്കരണങ്ങളും ഉണ്ടായി. പിന്നെയടങ്ങി. ഒടുവില്‍ മഹാരാജാസില്‍ഒരു വിദ്യാര്‍ഥി സഖാവിന്റെ നെഞ്ച് പിളര്‍ന്നപ്പോള്‍ മാത്രമാണ് അവര്‍ പഴയവിമര്‍ശങ്ങള്‍ പൊടിതട്ടിയെടുത്തത്, വര്‍ഗീയത തുലയണമെന്ന് സഖാക്കള്‍ക്ക് തോന്നിയത്. ഇക്കാലയളവില്‍ സലഫി, ജമാഅത്ത് വേദികളില്‍ പോയിഅവര്‍ക്ക് കൈകൊടുക്കുന്നുണ്ടായിരുന്നു ഇടതുനേതാക്കള്‍. അതേ, പൊളിറ്റിക്കല്‍ ഇസ്ലാമുമായി ചങ്ങാത്തത്തിലായിരുന്നു ഇടതുപക്ഷം. ചങ്ങാത്ത രാഷ്ട്രീയം എന്ന് പറയാം. സലഫി, ജമാഅത്താദി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കൈക്കോടാലികളാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് ഇടതുപക്ഷത്തിന് അഭിമന്യു അനന്തരവും മനസ്സിലായിട്ടില്ല എന്നാണ് തോന്നുന്നത്.

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍മഹാരാജാസ് ഒറ്റക്കെട്ടായി വര്‍ഗീയതയോടൊപ്പമില്ല എന്ന് പ്രഖ്യാപിച്ചു. മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐവിജയിച്ചു. നല്ലത്. പക്ഷേ, പോപ്പുലര്‍ ഫ്രണ്ടിനെതിരായ പോരാട്ടം ചുവരെഴുതി വിജയിപ്പിച്ചുകളയാമെന്നു കരുതുന്ന നിഷ്‌കളങ്കരാകരുത് ഇടതുസഖാക്കള്‍. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സകലവകഭേദങ്ങള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പിലൂടെ മാത്രം സാധ്യമാകേണ്ട വിജയമാണത്. മഹാരാജാസിലെ വിജയത്തെക്കാള്‍ മധുരമുണ്ടാകും ചരിത്രത്തില്‍ തൊട്ടുള്ള വിമര്‍ശങ്ങള്‍ക്കും പുനരാലോചനകള്‍ക്കും. ഇടതുപക്ഷം അതിനു തയ്യാറാകുമോ?

ജുഹൈമാന്‍ അല്‍ ഉതൈബി എന്നത് ഒരാളുടെ പേരല്ല, ആക്രമണോത്‌സുകമായ ഒരു വിചാരധാരയുടെ പ്രതിനിധാനമാണ്. സൈനികമായി അയാള്‍ തോല്‍പ്പിക്കപ്പെട്ടു, അനന്തരം വധശിക്ഷ നടപ്പാക്കപ്പെടുകയും ചെയ്തു. അതുകൊണ്ടെന്ത്? ആ മനോഭാവം മാറ്റമില്ലാതെ പിന്തുടരുന്നവര്‍ ഈ കേരളത്തില്‍ പോലുമുണ്ട്. അവര്‍ക്ക് കുടപിടിക്കുന്നവരുടെ കൂട്ടത്തില്‍ ഇടതുപക്ഷമുണ്ടാകരുത് എന്നാഗ്രഹിക്കുന്നത് തെറ്റല്ലല്ലോ?

Latest