Connect with us

Kerala

മുഹറം ആശൂറാഅ് സമ്മേളനം വ്യാഴാഴ്ച സ്വലാത്ത് നഗറില്‍

Published

|

Last Updated

മലപ്പുറം: ഇസ്‌ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹറം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മുഹറം ആശൂറാഅ് ആത്മീയ സമ്മേളനം വ്യാഴാഴ്ച (സെപ്തംബര്‍ 20) സ്വലാത്ത് നഗറില്‍ നടക്കും.

ഹിജ്‌റ വര്‍ഷാരംഭം കൂടിയായ മുഹറം ഒന്നു മുതല്‍ മഅ്ദിന്‍ കാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ് ഈ സംഗമം. പ്രഥമ പ്രവാചകന്‍ ആദം നബി തൊട്ട് മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ച മാസമായ മുഹറത്തിലെ ഓരോ ചരിത്ര നിമിഷങ്ങളേയും സ്മരിക്കുന്നതായിരിക്കും പരിപാടികള്‍.

മുഹറം സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 7.30ന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ നടക്കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും. തിങ്കളാഴ്ച രാവിലെ 10ന് മുഹറം അസംബ്ലി നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഹറം സന്ദേശം നല്‍കും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഹിജ്‌റ പ്രഭാഷണം നടക്കും. അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ഉദ്‌ബോധനം നടത്തും.
ബുധന്‍, വ്യാഴം (മുഹറം 9, 10) ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ വനിതകള്‍ക്കായി വിജ്ഞാനവേദിയും പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കും. മെസ്സേജ് ഡിസ്‌പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ മുഹറം പരിപാടിയുടെ ഭാഗമായി നടക്കും.
ആശൂറാഅ് ദിനമായ വ്യാഴാഴ്ച(മുഹറം 10) രാവിലെ 9ന് സമാപന സമ്മേളനത്തിന് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേകമായ ദിക്‌റുകള്‍, പ്രാര്‍ത്ഥനകള്‍, ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. പ്രാര്‍ത്ഥനകള്‍ക്കും മജ്‌ലിസുകള്‍ക്കും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും.

Latest