Connect with us

Gulf

ക്രിക്കറ്റ് ലഹരിയില്‍ ദുബൈ; ഏഷ്യാ കപ്പിന് നാളെ തുടക്കം

Published

|

Last Updated

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കം. വൈകീട്ട് അഞ്ചിന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലെ മത്സരത്തോടെയാണ് തുടക്കം. മറ്റന്നാള്‍ പാക്കിസ്ഥാനും ഹോങ്കോങ്ങും മത്സരത്തിനിറങ്ങും. സെപ്തംബര്‍ 17ന് അബുദാബിയില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. സെപ്തംബര്‍ 18ന് ദുബൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളി ഹോങ്കോങ്. ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ, പാക്കിസ്ഥാന്‍ ഏറ്റുമുട്ടല്‍ സെപ്തംബര്‍ 19ന് ദുബൈയിലാണ്. സെപ്തംബര്‍ 28ന് ദുബൈയില്‍ ഫൈനലോടെ തിരശീല വീഴും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനും ഹോട്സ്റ്റാറിനുമാണ് സംപ്രേഷണാവകാശം.

ഇന്ത്യന്‍ ടീം ഇന്നലെ വൈകുന്നേരത്തോടെ ദുബൈയിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ പ്രകടനത്തിനുശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം യു എ ഇയിലെത്തുന്നത്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര 1-4നും ഏകദിന പരമ്പര 1-2നും തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍, താല്‍ക്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യ ഇറങ്ങുക.
ചെറിയ ഇടവേളയ്ക്കുശേഷം ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലേക്കു മടങ്ങുന്നുവെന്ന സവിശേഷതയുണ്ട്. 2016 ഏഷ്യാ കപ്പ് ചരിത്രത്തില്‍ ആദ്യമായി ട്വന്റി20 ഫോര്‍മാറ്റിലാണ് സംഘടിപ്പിച്ചത്. ഇതിനു തൊട്ടുപിന്നാലെ ട്വന്റി20 ലോകകപ്പ് വരുന്നതു പരിഗണിച്ചായിരുന്നു ഇത്. യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഹോങ്കോങ്ങാണ് ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരത്തിലെ എതിരാളി.

ഏകദിനത്തിന് എത്തുമ്പോള്‍ ഇന്ത്യന്‍ ടീം കൂടുതല്‍ സന്തുലിതമാണെന്ന സമാധാനമുണ്ട്. ഇംഗ്ലണ്ട് പര്യടനം ഒഴിച്ചുനിര്‍ത്തിയാല്‍ സമീപ കാലത്ത് വിരാട് കോഹ്‌ലിക്കു കീഴില്‍ ഇന്ത്യന്‍ ടീമിന്റെ കുതിപ്പ് സ്വപ്‌ന സമാനമായിരുന്നു. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ, കോഹ്‌ലിക്കു കീഴില്‍ കൈവിട്ട ഏക ഏകദിന പരമ്പര ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെതിരെയാണ്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്