Connect with us

Articles

പ്രളയത്തിന്റെ നീക്കിബാക്കി

Published

|

Last Updated

രാഷ്ട്രീയവും സാമുദായികവും മറ്റുമായ ഭിന്നതകള്‍ക്കതീതമായി നാടാകെ ഒത്തുപിടിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ പ്രളയ മഹാദുരന്തത്തെ അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞത് വലിയ സന്തോഷത്തിന് വകനല്‍കുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമെ ഒട്ടനവധി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍ കയ്യും മെയ്യും മറന്ന് രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടു. നാം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ പലതും അതിശയോക്തിയോടെയാണ് യു എസ് അടക്കമുള്ള വിദേശങ്ങളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന എസ് വൈ എസിന്റെ സാന്ത്വനം വളണ്ടിയര്‍മാര്‍ കാഴ്ചവെച്ച സേവന പ്രവര്‍ത്തനങ്ങള്‍ ഏവരെയും അതിശയിപ്പിക്കുക തന്നെ ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ് വൈ എസ് സംസ്ഥാന തലത്തില്‍ രൂപം കൊടുത്ത ഒരു മഹനീയ സന്നദ്ധ സേവന സംരംഭമാണ് എസ് വൈ എസ് സാന്ത്വനം. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനകം ഒട്ടേറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ സേവനങ്ങള്‍ക്കും മുന്നിട്ടിറങ്ങി ജനശ്രദ്ധ പിടിച്ചുപറ്റിയ സംവിധാനമാണിത്. പ്രളയത്തിലകപ്പെട്ട സ്ത്രീകളെയും കുട്ടികളെയും പ്രായം ചെന്നവരെയും തോണിയില്‍ കയറ്റാന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കി കൊടുത്ത് ആഗോള പ്രസിദ്ധി നേടിയ ജൈസല്‍ എന്ന ചെറുപ്പക്കാരന്‍ എസ് വൈ എസ് സാന്ത്വന സംരംഭത്തിലെ ഒരു സന്നദ്ധ വളണ്ടിയറാണ്.

താമരശ്ശേരിക്കടുത്ത കരിന്‍ചോല മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യമെത്തിയത് സാന്ത്വനം വളണ്ടിയര്‍മാരായിരുന്നു. ഇങ്ങിനെ ഒട്ടേറെ സംഭവങ്ങളില്‍ ജാതിയും മതവും നിറവും മറ്റും നോക്കാതെ മാനുഷിക പരിഗണന മാത്രം നല്‍കി പടച്ച തമ്പുരാന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുളള മികച്ച സേവനമാണ് ഇവര്‍ കാഴ്ചവെച്ചത്.

ഈ മഹാ ദുരന്തത്തെ നേരിടുന്നതിലും പുനരധിവാസ പ്രക്രിയകളിലും കേരള സര്‍ക്കാര്‍ വളരെ ശ്ലാഘനീയമായ ഇടപെടലുകളാണ് നടത്തിയത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷട്രീയ പാര്‍ട്ടികളും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു. പ്രതിപക്ഷ നേതാവിനെയും കൂടെയിരുത്തി മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തിയതും സഹായങ്ങള്‍ പ്രഖ്യാപിച്ചതും മറ്റുമെല്ലാം വളരെ ശ്ലാഘനീയമായ ഒരു കീഴ് വഴക്കമായിട്ട് കാണേണ്ടതുണ്ട്. ആരെന്ത് പറഞ്ഞാലും ഒരുമികച്ച ഉത്തരവാദിത്തബോധമുള്ള ഭരണാധികാരിയാണെന്ന് തെളിയിക്കാന്‍ ഈ സന്ദര്‍ഭം മുഖ്യമന്ത്രിക്ക് അവസരം നല്‍കുക തന്നെ ചെയ്തു.
അതേസമയം കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രിയും കേരളമൊന്നടങ്കം ഭീതിയുടെ മുള്‍ മുനയില്‍ നില്‍ക്കുമ്പോള്‍ തരംതാണ രാഷ്ട്രീയമാണ് കളിച്ചതെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. പ്രധാനമന്ത്രി നേരിട്ട് ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുപോലും അര്‍ഹമായ സാമ്പത്തിക സഹായം നല്‍കിയില്ല. ദുരിതബാധിതര്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ പോലും കേന്ദ്രം അനുവദിച്ച ദുരിതാശ്വാസ തുകയില്‍ നിന്ന് വില ഈടാക്കിയാണ് നല്‍കിയത്. അതുപോലെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു യു എ ഇ നീട്ടിയ സഹായം തിരസ്‌കരിച്ചു. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്.
നമ്മെയൊക്കെ കണ്ണീരിലാഴ്ത്തിയ ഈ മഹാ ദുരന്തം നമുക്ക് പല തരത്തിലും ഗുണപാഠമാകേണ്ടതുണ്ട്.

ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്തെല്ലാമുള്ള നമ്മുടെ വളര്‍ച്ചയും ഉയര്‍ച്ചയുമെല്ലാം ഒരു നിമിഷം കൊണ്ട് ഇവിടെ തകര്‍ക്കപ്പെടുകയാണ്. സര്‍വശക്തനായ രക്ഷിതാവിന്റെ വിധിക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാവുന്ന ഒരു ശക്തിയും നമുക്കില്ല. സന്തോഷത്തിലും സന്താപത്തിലുമെല്ലാം നമുക്ക് ഓര്‍ക്കാനുള്ളത് ആ രക്ഷിതാവിന്റെ സഹായം തന്നെയാണ്. ആ രക്ഷിതാവിനെ വിസ്മരിച്ചു കൊണ്ടുള്ള നീക്കങ്ങളില്‍ നാം എപ്പോഴും ഭയചകിതരാവുക തന്നെ വേണം.
എല്ലാ വിധ വിഭാഗീയതകളും മാറ്റി വെച്ചാണ് നാം ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുമ്പോഴും കൈയയച്ചു സഹായം നല്‍കുമ്പോഴും ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രിസ്ത്യാനിയെന്നോ കോണ്‍ഗ്രസുകാരനെന്നോ കമ്യുണിസ്റ്റുകാരനെന്നോ ആര്‍ എസ് എസു കാരനെന്നോ മറ്റോ ഉള്ള ഒരു വിഭാഗീയതയും ഇവിടെയുണ്ടായില്ല. മറിച്ചു തന്റെ സഹജീവി എത് വിഭാഗത്തിന്റെ വക്താവായാലും ശരി മാനുഷിക പരിഗണന മാത്രം നല്‍കി അവനെ രക്ഷപ്പെടുത്തുകയെന്ന ദൗത്യമാണ് എല്ലാ രക്ഷാപ്രവര്‍ത്തകരും ഉദാരമനസ്‌കരും നിര്‍വഹിച്ചത്. എന്തൊരു മാതൃകാപരമായ സമീപനമായിരുന്നു ഇത്! ഈ മനോഭാവം എല്ലായിടത്തും കാണിക്കാനുള്ള സന്മനസ്സ് നമുക്കുണ്ടാവേണ്ടതല്ലേ? ഇവിടെ എല്ലാ വിഭാഗം ജനങ്ങളും വ്യത്യസ്ത ചിന്താഗതിക്കാരായി, ആശയക്കാരായി ചുറ്റും ജീവിക്കുന്നു. എല്ലാ വിഭാഗക്കാരോടും സഹിഷ്ണുതയോടെ പെരുമാറാനുള്ള മനഃസ്ഥിതിയല്ലേ നമുക്കുണ്ടാവേണ്ടത്? ആശയ വൈവിധ്യങ്ങളോടുള്ള അസഹിഷ്ണുത സംഘട്ടനത്തിലേക്കും കൊലപാതകങ്ങളിലേക്കും നമ്മെ ചെന്നെത്തിക്കുകയല്ലേ ചെയ്യുന്നത്? തന്റെ സഹജീവിയെ കൊലപ്പെടുത്തിയാല്‍ അവന്റെ കുടുംബത്തിനുണ്ടാവുന്ന ദുരന്തം ഇന്നത്തെ പ്രളയ ദുരന്തത്തേക്കാള്‍ എത്രയോ മടങ്ങ് വലുതാണല്ലോ. കഴിഞ്ഞ ഏതാനും നാള്‍ പ്രളയ ഭീതിയിലകപ്പെട്ടപ്പോള്‍ പേടിച്ചു വിറച്ച നമുക്കിടയില്‍, കണ്ണൂരില്‍ പോലും രാഷ്ടീയ സംഘര്‍ഷമില്ല കൊലപാതകമില്ല. എല്ലാവരും ഉദാരമനസ്‌കരായി സേവനത്തിനിറങ്ങി, ദുരിതബാധിതരെ സഹായിക്കാന്‍ ആയിരങ്ങളും ലക്ഷങ്ങളും കൈവിറക്കാതെ തന്നെ നല്‍കി. എന്ത് നല്ല സമീപനമാണ് നാം സ്വീകരിച്ചത്? അതിര്‍വരമ്പുകളില്ലാത്ത ഈ സൗമനസ്യവും കൃപയും ഉദാരമനസ്‌കതയുമെല്ലാം തുടര്‍ന്നും പാലിക്കാന്‍ നാം സന്നദ്ധമായാല്‍ ഇവിടെ സംഘട്ടനമില്ല, കൊലപാതകമില്ല, വര്‍ഗീയതയില്ല! അതാവട്ടെ പ്രളയാനന്തരം നാം കെട്ടിപ്പടുക്കുന്ന നവകേരളം.