Connect with us

Articles

സനാതന്‍ സന്‍സ്തയും ബുദ്ധിജീവികളുടെ അറസ്റ്റും

Published

|

Last Updated

ഏറ്റവും ഒടുവില്‍ വിഡ്ഢിത്വത്തിന്റെ പെരുമഴ പെയ്തിറങ്ങിയത് മഹാരാഷ്ട്ര നിയമസഭാ മെമ്പറായ റാംകഡം ത്തിന്റെ വായില്‍ നിന്നാണ്. ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ഹിന്ദി ഉത്സവ വേദിയാണ് ഈ മനുഷ്യന്‍ വാക്കുകൊണ്ട് മലിനമാക്കിയത്. അദ്ദേഹം ഹിന്ദു യുവാക്കളോട് പറഞ്ഞത്, ഇഷ്ടമുള്ള പെണ്‍കുട്ടികള്‍ കൂടെ വരാന്‍ വിസമ്മതിക്കുന്ന പക്ഷം വിവരം തന്നെ അറിയിച്ചാല്‍ മതി, അയാളും സംഘവും അവരെ ബലമായി പിടിച്ചു കൊണ്ടുപോകുന്നതിന് വേണ്ടി എല്ലാ ഒത്താശകളും ചെയ്തുകൊടുക്കും” എന്നാണ്. ഈ വീഡിയോദൃശ്യം പരന്നതോടെ ബിജെ പി നേതൃത്വം അപകടം മണത്തു. ഒടുവില്‍ ഇയാള്‍ പറഞ്ഞത്; വാക്കുകള്‍ മാധ്യമങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു, കേള്‍വിക്കാരായ യുവാക്കളെ രസിപ്പിക്കാന്‍ താനൊരു തമാശ പറഞ്ഞതായിരുന്നു എന്നൊക്കെയാണ്. വല്ലാത്തൊരു തമാശ പറച്ചില്‍ തന്നെ! ഉള്ളില്‍ ഫലിതബോധമില്ലാത്തവര്‍ തമാശ പറഞ്ഞാല്‍ ഇങ്ങനെ ചീറ്റിപോവുകയേയുള്ളൂ. എന്‍ സി പിക്കാരാണ് സാമൂഹികമാധ്യമങ്ങളില്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചത്. അവര്‍ പറയുന്നത് രാമന്‍, രാവണന്റെ വേഷത്തില്‍ ഈ എം എല്‍ എയെ ആവേശിച്ചിരിക്കുന്നു എന്നാണ്. ശരിയാണ് ഈയിടെയായി ബി ജെ പിക്കാരായ രാമഭക്തന്മാര്‍ അറിഞ്ഞോ അറിയാതെയോ പച്ച, കത്തി, കരി, താടി ഇവയില്‍ കത്തിയൊഴിച്ചു ബാക്കിയെല്ലാം തിരസ്‌കരിച്ച് തനി രാവണവേഷത്തില്‍ അരങ്ങുകൊഴുപ്പിക്കുകയാണ്. ഇതുകേട്ടാല്‍ പാവം രാവണന്‍ നമ്മളോടു പിണങ്ങിയേക്കും. രാവണന്‍ തനിക്കിഷ്ടം തോന്നിയ സീതയെ ലങ്കയിലേക്ക് അപഹരിച്ചുകൊണ്ടുപോയെങ്കിലും അപഹരിക്കപ്പെട്ട പെണ്ണിന്റെ ദേഹത്തവളുടെ അനുവാദം കൂടാതെ സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ല. രാമരാവണയുദ്ധത്തില്‍ യുദ്ധം ജയിക്കാന്‍ ഒളിപ്പോര്‍ അടവുകളും ചതിയും വഞ്ചനയും ഒക്കെ ആകുന്നതുപോലെ പ്രയോഗിച്ചു എന്ന കാര്യം നമുക്കുബോധ്യമുള്ളതാണ്.
എന്തിന് രാവണനെ പറയുന്നു, ഇഷ്ടം തോന്നിയ പെണ്ണ് വശപ്പെടാത്ത പക്ഷം സ്വയംവരപന്തലില്‍ കയറി മൂന്നുപെണ്ണുങ്ങളെ ഒറ്റയടിക്കു തട്ടിക്കൊണ്ടുപോയി കണ്ണുപൊട്ടനും വെള്ളപ്പാണ്ട് പിടിച്ചവനുമൊക്കെയായ തന്റെ അനുജന്മാരുടെ കിടക്കയിലേക്ക് തള്ളിയിട്ടുകൊടുത്ത ഭീഷ്മ പിതാമഹന്റെ കഥ പരിചിതമല്ലേ? ആ നിലക്കു പടിഞ്ഞാറെ ഗാഡ്‌കോവാര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാംകാഡത്തിന്റെ പ്രഖ്യാപനത്തെ അത്രക്കങ്ങ് തമാശയായി കാണേണ്ടതില്ല. നാരിയും പശുവും ബ്രാഹ്മണനും പൂജിക്കപ്പെടുന്ന ഒരു പൂര്‍വസംസ്‌കാരം എന്ന പച്ചിലത്തണ്ട് ഉയര്‍ത്തിക്കാട്ടിയാണല്ലോ അബദ്ധവശാല്‍ വ്യത്യസ്ത സമുദായത്തില്‍ ജനിച്ചുവളര്‍ന്ന ഹിന്ദു സ്ത്രീപുരുഷന്മാരെ ബി ജെ പി അവരുടെ അറവുശാലകളിലേക്ക് ആകര്‍ഷിക്കുന്നത്. കഷ്ടം!

മനുഷ്യാവകാശപ്രവര്‍ത്തകനായ സുധാഭരദ്വാജ് ഈ പ്രവണതയെ വിളിക്കുന്നത് ലക്ഷണം കെട്ട ദേശക്കൂറ് എന്നാണ്. (ഘൗായമി ുമേൃശീശോെ) ഇന്ത്യയിലെ പുത്തന്‍ പണക്കാരുടെ അധഃമബോധത്തില്‍ നിന്നാണ് ഈ അവലക്ഷണം പിടിച്ച രാജ്യസ്‌നേഹം രൂപപ്പെടുന്നതെന്നാണ്. എന്‍ ഡി എ കക്ഷികള്‍ ഒരു തരത്തില്‍ ഭരണം തട്ടിമുട്ടികൊണ്ടുപോകുന്നു എന്നല്ലാതെ ഇവരുടെ ശക്തിസ്രോതസ്സ് സാമാന്യജനങ്ങളല്ല; തീവ്രഹിന്ദുത്വ വക്താക്കളായ ആര്‍ എസ് എസ് ബജ്‌രംഗദള്‍ സനാതന്‍ സന്‍സ്ത തുടങ്ങിയ വലതുപക്ഷ തീവ്രവാദപ്രസ്ഥാനങ്ങളാണ്. കോണ്‍ഗ്രസും സഖ്യകക്ഷികളും പിന്തുടര്‍ന്നുപോന്ന മൃദുഹിന്ദുത്വം തന്നെയാണ് വാജ്‌പേയിയും നരേന്ദ്ര മോദിയും പിന്തുടരുന്നതെന്നും ഇതവസാനിപ്പിക്കണം എന്നുമാണ് ഈ സംഘടനകളും ശിവസേന ഉള്‍പ്പെടെയുള്ള വലതു തീവ്രവാദരാഷ്ട്രീയക്കാരും വിളിച്ചുകൂവുന്നത്.
ഇതിന്റെ ഭാഗമാണ് സനാതന്‍ സന്‍സ്ത നേതാക്കള്‍ നടത്തിയ വെട്ടിതുറന്നുള്ള പറച്ചില്‍. ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ ഹിന്ദുക്കളുടെ അധീനതയിലാക്കാനുള്ള ഒരു മൂന്നാം ലോകയുദ്ധം 2016 മുതല്‍ തന്നെ തങ്ങള്‍ തുടങ്ങിവെച്ചു എന്നാണ് സനാതന്‍ സന്‍സ്ത അധ്യക്ഷന്‍ ഡോ. ജയന്റ്അത്‌വാള്‍ (ഖമ്യമി േഅവേംമഹ) തുറന്നുപറഞ്ഞത്. 2018ല്‍ ഇതിന്റെ ഒരു ഘട്ടം അവസാനിക്കും. അതോടെ എല്ലാ ഹിന്ദുത്വവിരുദ്ധശക്തികളെയും ഇന്ത്യയില്‍ നിന്നു മാത്രമല്ല ലോകത്തുനിന്നാകെ തുടച്ചുനീക്കുമത്രെ. 2019- 22 കാലമാകുമ്പോഴേക്കും ഒരു ഹിന്ദുരാഷ്ട്രം അതായത് ഭൂമിയിലെ ദൈവരാജ്യം ഇന്ത്യയില്‍ സ്ഥാപിതമാകും. യു എസിലേയും യൂറോപ്പിലെയും ചില ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകള്‍ ലോകാവസാനത്തെക്കുറിച്ചും ഭൂമിയില്‍ സ്ഥാപിതമാകാന്‍ പോകുന്ന ദൈവരാജ്യത്തെക്കുറിച്ചും നടത്തുന്ന പ്രവചനങ്ങളെ പോലും കടത്തിവെട്ടുന്നതാണീ പ്രവചനം.
അടുത്തകാലം വരെയും സനാതന്‍ സന്‍സ്ത പോലുള്ള സംഘടനകള്‍ ചില മറകള്‍ക്കു പിന്നിലായിരുന്നു എങ്കില്‍ ഇപ്പോള്‍ അത്തരം മറകള്‍ അവര്‍ തന്നെ തട്ടിമാറ്റിയിരിക്കുന്നു. 2013ല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ നരേന്ദ്ര ദാബോല്‍ക്കറിന്റെ കൊലപാതകത്തിനു പിന്നിലും ഇത്തരം സംഘടനകളാണ് എന്ന് ആരോപിക്കപ്പെടുന്നു. അന്വേഷണം ഇപ്പോഴും ഒരു വഴിക്കെത്തിയിട്ടില്ല. സമീപദിവസങ്ങളിലായിരുന്നു മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ഇവരുടെ കേന്ദ്രങ്ങളില്‍ സംഭരിച്ചിരുന്ന വന്‍ ആയുധശേഖരം പിടിച്ചെടുത്തത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ഈ ജോലി 1995 മുതലേ തുടങ്ങിയതാണെന്നാണ് സംഘടനയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍ ദമ്പതിമാര്‍ പരസ്യമായി വെളിപ്പെടുത്തിയതെന്ന് “ദി ഹിന്ദു” റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി. പ്രധാനമായും ഗോവ, മഹാരാഷ്ട്ര, കര്‍ണാടക (ഹിന്ദു. 3 സെപ്തംബര്‍ 2018) സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നയിച്ചതെന്ന് അവരുടെ മുഖപത്രമായ സനാതന്‍ പ്രഭാതില്‍ എഴുതുകയുണ്ടായി. ശത്രുക്കള്‍ ആരാണെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നുപോലും. ഇന്ത്യയിലെ ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അവര്‍ തങ്ങളുടെ ശത്രുനിരയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ക്രിസ്ത്യാനികളും മുസ്‌ലിംകളും അടക്കം ന്യൂനപക്ഷ വിഭാഗങ്ങളാണ് പ്രധാന ശത്രുക്കളെന്ന് ശങ്കാലേശമന്യേ അനുയായികളെ തര്യപ്പെടുത്തുന്നു. തങ്ങള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനു തടസ്സം നില്‍ക്കുന്ന ഇത്തരം വിഭാഗങ്ങളെ പാടെ തുടച്ചുനീക്കിയാലേ അവര്‍ സ്വപ്‌നം കാണുന്ന “2023” യാഥാര്‍ഥ്യമാകൂ. ഇവരുടെ ഉന്മൂലനലക്ഷ്യത്തില്‍ ഇന്ത്യന്‍ സൈന്യവും പോലീസും കൂടി ഉള്‍പ്പെടുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്ത ഡോ. ദാബോല്‍ക്കര്‍ വധക്കേസില്‍ അവര്‍ തങ്ങളുടെ നിലപാടുതുറന്നു പറയുന്നു. അയാളെ പോലുള്ളവര്‍ തീര്‍ച്ചയായും കൊല്ലപ്പെടേണ്ടവരാണ്. സനാതനികള്‍ ഇവരെ ദുര്‍ജനങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ദുര്‍ജനങ്ങള്‍ക്കെതിരായി സദ്ജനങ്ങള്‍ നടത്തുന്ന അതിക്രമത്തെ അതിക്രമമായി കാണേണ്ടതില്ലെന്നാണ് ഇന്ത്യയുടെ ക്ഷത്രീയ ധര്‍മത്തില്‍ ഉറ്റം കൊള്ളുന്ന ഇവര്‍ അനുയായികളെ ബോധവത്കരിക്കുന്നത്. ഇവര്‍ ഒടുവില്‍ പ്രസിദ്ധീകരിച്ച ക്ഷത്രിയധര്‍മം (ഞലഹശഴശീി ീള ഗവെമവേൃശ്യമ)െ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഇതിനൊക്കെ അപ്പുറത്തേക്കു പോകുന്നു. നമുക്കാവശ്യമില്ലാത്ത മരത്തിന്റെ ഏതെങ്കിലും ഒരു ശാഖ മാത്രം മുറിച്ചു കളഞ്ഞിട്ടു കാര്യമില്ല. അതു ചുവട്ടില്‍ നിന്നുതന്നെ മുറിച്ചുകളയണം. അനുയായികള്‍ സായുധപരിശീലനം നേടേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നു. മഹാഭാരതകഥയിലെ അര്‍ജുനന്‍ ചരിത്രത്തിലെ ഛത്രപതി ശിവജി ഇവരൊന്നും അധികാരത്തിലേറിയത് തിരഞ്ഞെടുപ്പുകളില്‍ ജയിച്ചിട്ടല്ല; ശത്രുവിനെ തോല്‍പ്പിക്കാനുള്ള ആയുധപരിശീലനം സ്വായത്തമാക്കിയായിരുന്നു എന്നും പുസ്തകം ഓര്‍മിപ്പിക്കുന്നു. പരസ്യമായി അക്രമത്തിനു പച്ചക്കൊടികാണിക്കുന്ന ഈ പുസതകം നിരോധിക്കണമെന്നോ പ്രസാധകരെ അറസ്റ്റുചെയ്യണമെന്നൊ ഒരാവശ്യം ഇതുവരെ ഉന്നയിച്ചു കേട്ടില്ലെന്നതാണ് ആശ്ചര്യം. പോലീസില്‍ നിലവില്‍ കൃത്യമായ ഹിന്ദുരാഷ്ട്രവാദികള്‍ കേവലം അഞ്ച് ശതമാനം മാത്രമാണുള്ളതെന്നും ഇതുപോരാ കഴിയുന്നതും ഹിന്ദുത്വകൂറ് സംശയമന്യേ തെളിയിച്ചവരുടെ എണ്ണം കൂട്ടണമെന്നും പോലീസിലും സൈന്യത്തിലും നുഴഞ്ഞുകയറി ബോധവത്കരണം നടത്തണം എന്നതുപോലെയുള്ള അത്യന്തം അപകടകരമായ ആശയങ്ങളാണ് സനാതന്‍സന്‍സ്ത പോലെയും, ഹിന്ദുജനജാഗ്രത സമിതിപോലെയുമുള്ള സംഘടനകള്‍ മോദി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് സ്വതന്ത്രമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരും ഐ എസും തമ്മില്‍ എന്താണ് വ്യത്യാസം?

ഇത്തരം പ്രതിലോമശക്തികളുടെ ഭീകരവാദപ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാറുകള്‍ വിവിധ സംസ്ഥാനങ്ങളിലെ അടിത്തട്ടു വിഭാഗം മനുഷ്യരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന വിവിധ മനുഷ്യാവകാശപ്രവര്‍ത്തകരെ മാവോവാദികളെന്നു മുദ്രകുത്തി ജയിലിലടക്കുന്നതും കരിനിയമങ്ങള്‍ ചുമത്തി പീഡിപ്പിക്കുന്നതും ഇഞ്ചിഞ്ചായി കൊല്ലുന്നതും പതിവായിരിക്കുന്നു. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കള്‍ പറയുന്നത് ഇന്ത്യയില്‍ ഇപ്പോള്‍ മനുഷ്യാവകാശ രംഗത്ത് നിലനില്‍ക്കുന്നത് ഒരു തരം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ്. ഇതിനെതിരെ ദേശീയ മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും കവികളും കലാകാരന്മാരും എന്തിന് മതാധ്യക്ഷന്മാര്‍ പോലും പ്രതിഷേധശബ്ദവുമായി രംഗത്തുവരാന്‍ കാലം അതിക്രമിച്ചിരിക്കുന്നു. ഇനിയും വൈകിയാല്‍ അവര്‍ക്കൊരിക്കലും ശബ്ദിക്കാന്‍ അവസരം ലഭിക്കാതെ പോയേക്കും.

ഇത്തരം സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും യാതൊരു ഭീഷണിയും കൂടാതെ സ്വന്തം വാസസ്ഥലങ്ങളില്‍ സുരക്ഷിത ജീവിതം തുടരാന്‍ കഴിയുമ്പോഴാണ് മാവോയിസ്റ്റ് മുദ്രകുത്തപ്പെട്ട ഇന്ത്യയിലെ സമുന്നത ബുദ്ധിജീവികള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും യാതൊരു തരത്തിലുമുള്ള സംരക്ഷണവും ലഭിക്കാതെ അലഞ്ഞു തിരിയേണ്ടിവരുന്നത്. “ഇടതുപക്ഷ തീവ്രവാദം” അധികാരസ്ഥാപനങ്ങളാല്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ വലതുപക്ഷതീവ്രവാദം സ്വച്ഛന്ദവിഹാരം നടത്തുന്നു. എന്തായിരിക്കാം ഇതിന്റെ കാരണങ്ങള്‍?
വലതുപക്ഷം തീവ്രമായ ഒരു ദൈവികപരിവേഷം പുറമേ പ്രകടിപ്പിക്കുമ്പോള്‍ ഇടതുപക്ഷം എല്ലാവിധ ദൈവികപരിവേഷങ്ങളേയും തള്ളിപ്പറയുന്നു. സനാതന്‍സന്‍സ്തയുടെ നേതാവ് ഡോ. അതാവലെ ദൈവത്തിന്റെ അവതാരമാണെന്നാണ് അനുയായികള്‍ പ്രചരിപ്പിക്കുന്നത്. ഇതുപറയുന്ന അതേ ശ്വാസത്തില്‍ അവര്‍ എടുത്തുപറയുന്ന മറ്റൊരു കാര്യം ഉണ്ട്. ഇദ്ദേഹം ഒരിക്കലും ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നില്ലത്രേ. വളരെ അപൂര്‍വമായേ ഈ ആള്‍ദൈവവും ഭാര്യയും പൊതു സമൂഹത്തിനു മുഖം കൊടുക്കൂ. ഇത്തരം ആള്‍ദൈവങ്ങള്‍ സദാസമയവും ധ്യാനത്തിലാണെന്നാണ് അനുയായികള്‍ പറയാറുള്ളത്. ഇവരുടെ ധ്യാനവേളകളില്‍ ലഭിക്കുന്ന ദര്‍ശനങ്ങളുടെ ആകെത്തുക മറ്റൊന്നും അല്ല. പ്രതിയോഗികളെന്നു സംശയിക്കുന്നവര്‍ അവരാരായിരുന്നാലും ശങ്കാലേശമന്യേ അവരെ കൊന്നുതള്ളുക, 2013ല്‍ ഗോവിന്ദ പന്‍സാരെ, 2015ല്‍ എം എം കുല്‍ബുര്‍ഗി, 2017ല്‍ ഗൗരി ലങ്കേഷ്. ഇത്തരം ആള്‍ ദൈവങ്ങള്‍ക്ക് ഒട്ടും സഹിച്ചുകൂടാത്തത് സ്വതന്ത്രചിന്തകരെയും കലാകാരന്മാരെയുമാണ്. ഇന്നു ഞാന്‍ നാളെ നീ എന്ന ചരിത്രത്തിന്റെ ചുവരെഴുത്തിനെ കരുതിയിരിക്കുക മാത്രമാണ് ഇന്ന് ഇന്ത്യയിലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജനുസ്സില്‍ പെട്ട മനുഷ്യര്‍ക്കു മുമ്പിലുള്ള ഏക പോംവഴി. വൈദ്യവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് പോലും രോഗം ബാധിക്കാറുണ്ട്. അവരും മാനസികരോഗത്തിനു ചികിത്സിക്കാറുണ്ട്. ഇവരുള്‍പ്പെടെയുള്ള ആള്‍ദൈവങ്ങള്‍ക്ക് അവകാശപ്പെട്ട വാസസ്ഥലം തീര്‍ച്ചയായും മാനസിക രോഗചികിത്സാലയങ്ങളാണ്. എത്രയും പെട്ടെന്ന് ഇത്തരക്കാരെ അങ്ങോട്ട് മാറ്റിയില്ലെങ്കില്‍ അവര്‍ ഈ രാജ്യം ആകെ നശിപ്പിച്ച് നാനാവിധമാക്കും.

സ്വതന്ത്രാനന്തര ഭാരതം ഒന്നിലേറെ വിഭജനങ്ങളുടെ ഭാരം പേരി തളര്‍ന്നിരിക്കുന്നു. വീണ്ടും ഈ ക്ഷുദ്രശക്തികള്‍ ലക്ഷ്യമാക്കുന്നത് മറ്റൊരു വിഭജനമാണ്. ഇതു വ്യക്തമാക്കുന്ന ഒരു നടപടിയായിരുന്നു ഈയിടെ നടന്ന ചില നിഷ്ഠൂരമായ അറസ്റ്റുകള്‍. വരവരറാവു, ഗൗതം നവലാഖ് സുധാ ഭരദ്വാജ്, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറെയ്‌റ എന്നീ ബുദ്ധിജീവികളെ അറസ്റ്റുചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ എക്കാലത്തെയും തന്ത്രമാണ്. ഇത്തരം ഫാസിസ്റ്റുകളെ ഇല്ലായ്മചെയ്യാന്‍ സായുധപോരാട്ടമല്ല പരിഹസിച്ചു കൊല്ലലാണ് ഏറ്റവും അനുയോജ്യമായിരിക്കുന്നതെന്നു നിരീക്ഷിച്ച പ്രതിഭാശാലിയായിരുന്നു ചാര്‍ലി ചാപ്ലിന്‍. തന്റെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ദിഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ സിനിമയിലൂടെ അദ്ദേഹം ഇതു തെളിയിച്ചതാണ്. പ്രധാന മന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനാ സിദ്ധാന്തം കെട്ടിചമച്ചു എന്ന പുണെ പോലീസിന്റെ കൗശലത്തെ അന്തഹന്തയ്ക്കിന്തപ്പട്ട് എന്ന നമ്മുടെ പഴയശൈലി പ്രയോഗം ആവര്‍ത്തിച്ചുകൊണ്ട് മൂര്‍ച്ചയുള്ള പരിഹാസ ശരങ്ങളാല്‍ നേരിടുന്നതായിരിക്കും ബുദ്ധി. ജനാധിപത്യത്തിന്റെ അടിസ്ഥാന തതമായ പരസ്യമായി വിയോജിക്കാനുള്ള അവകാശം നിഷേധിക്കുന്നവരെ കാത്തിരിക്കുന്നത് നരകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലമായിരിക്കും എന്ന് മഹാ കവി ഡാന്‍ തന്റെ ഡിവൈന്‍ കോമഡി എന്ന വിശ്വോത്തര കാവ്യത്തില്‍ ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. അതു യാഥാര്‍ഥ്യമാകും എന്ന് തന്നെ വിശ്വസിക്കാം.

Latest