Connect with us

Editorial

വിജയ് മല്യയുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

ബേങ്കിംഗ് സംവിധാനത്തിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുന്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലിന്റെ പിറകെ മദ്യരാജാവ് വിജയ് മല്യയുടെ തുറന്നുപറച്ചില്‍ കൂടി വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും വെട്ടിലായിരിക്കയാണ്. രാജ്യത്തെ വന്‍കിട സാമ്പത്തിക കുറ്റവാളികളുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നതായും ഇതില്‍ ചിലരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നു നിര്‍ദേശിച്ചിരുന്നതായുമാണ് ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലിമെന്ററി കമ്മിറ്റിക്ക് മുമ്പാകെ രഘുറാം രാജന്‍ ബോധിപ്പിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായതായി അറിയില്ലെന്നും അദ്ദേഹം പറയുന്നു. ബേങ്കുകളിലെ വായ്പ തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടക്കുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു സംസാരിക്കുകയും ബേങ്കുകളിലെ വായ്പാ പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിജയ് മല്യയുടെ വെളിപ്പെടുത്തല്‍.
മല്യയുമായുള്ള കൂടിക്കാഴ്ച ജെയ്റ്റ്‌ലി നിഷേധിച്ചെങ്കിലും ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റ് മല്യയുടെ പ്രസ്താവനയെ സാധൂകരിക്കുന്നുണ്ട്. മല്യ പെട്ടികളുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ലുക്ക് ഔട്ട് നോട്ടീസും യാത്ര തടയുക എന്ന അറിയിപ്പും കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമാകുകയും ആ സ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുക എന്നതുമാത്രമായി സന്ദേശം മാറുകയും ചെയ്തു. ഇതാണ് മല്യയുടെ യാത്രക്ക് വഴിതെളിച്ചതെന്നും ധനമന്ത്രാലയത്തിലെ ചിലരുടെ ഉത്തരവിനെ തുടര്‍ന്നാണ് യാത്ര തടയാനുള്ള ഉത്തരവില്‍ മാറ്റം വരുത്തിയതെന്നും സ്വാമി പറയുന്നു. വന്‍കിട സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായ നടപടിയില്‍ ഭരണകൂടം അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നും അവര്‍ നാട് വിടുന്നതു പോലും ഉന്നതരുടെ അറിവോടെയാണെന്നുമാണ് വ്യക്തമാകുന്നത്.
പൊതുമേഖലാ ബേങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ഷാന്തം വന്‍തോതില്‍ വര്‍ധിച്ചു വരികയാണ്. ഏഴ് ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായത.് 2014 മാര്‍ച്ച് 31ന് രണ്ട് ലക്ഷം കോടി രൂപയായിരുന്ന നിഷ്‌ക്രിയ ആസ്തി 2018 മാര്‍ച്ച് 31ന് ഒമ്പത് ലക്ഷം കോടിയായി. നിഷ്‌ക്രിയ ആസ്തികളില്‍ കൂടുതലും വന്‍കിട ബിസിനസുകാരുടെയും വ്യവസായികളുടേതുമാണ്. വായ്പയെടുത്തു തിരിച്ചടക്കാതെ നിയമ നടപടിക്കു വിധേയമാകുമെന്ന് വരുമ്പോള്‍ രാജ്യം വിടുകയാണ് ഇവരില്‍ പലരും. ലളിത് മോദി, സഞ്ജയ് ഭണ്ഡാരി, വിജയ് മല്യ, നീരവ്‌മോദി, ഭാര്യ അമി നീരവ് മോദി, മകന്‍ നിഷാല്‍ മോദി തുടങ്ങി 31 വന്‍കിടക്കാര്‍ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യം വിട്ടതായി മാര്‍ച്ച് 15ന് വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ലോക്‌സഭയില്‍ വെളിപ്പെടുത്തിയിരുന്നു. 40,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ നടത്തിയത്.

ബേങ്കുകളില്‍ നിന്ന് കടമെടുത്തു മുങ്ങുന്നവരില്‍ മിക്കവരും സര്‍ക്കാറിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ളവരാണ്. പലപ്പോഴും ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഇവര്‍ വന്‍തോതില്‍ വായ്പയെടുക്കുന്നത്. പഞ്ചാബ് നാഷനല്‍ ബേങ്കില്‍നിന്ന് 11,400 കോടി രൂപ വായ്പയെടുത്ത ശേഷം കഴിഞ്ഞ ഫെബ്രുവരി 13ന് ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ്‌മോദി പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ അടുത്തയാളാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ് തലസ്ഥാനമായ ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നീരവ് മോദിക്കും ഇയാളുടെ കച്ചവട പങ്കാളി മെഹുല്‍ചോക്‌സിക്കും ഒപ്പമാണ് പ്രധാനമന്ത്രി എത്തിയത്. ബി ജെ പിക്ക് ഫണ്ട് നല്‍കി സഹായിക്കുന്നവരില്‍ പ്രമുഖനാണ് നീരവ്‌മോദിയെന്ന് ബി ജെ പിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ മുഖപത്രം “സാമ്‌ന” എഴുതിയിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും രാജ്യം വിടുന്നതും തടയാനായി ജൂലൈ 19ന് ഒരു പുതിയ ബില്‍ ലോക്‌സഭ പാസാക്കിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പേരിലുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതിന് പുറമെ, ഇവരുടെ ബിനാമി സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നു. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവര്‍ വന്‍തുകയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍, രാജ്യസഭയില്‍ ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടതു പോലെ ഏട്ടിലെ പശു പുല്ലുതിന്നില്ലെന്നു പറയുന്നതു പോലെയാണ് സാമ്പത്തിക കുറ്റവാളികളുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ സമീപനവും നിയമങ്ങളും.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും വിമര്‍ശകരുടെ നാവടപ്പിക്കാനുമുള്ള ഒരു രാഷ്ട്രീയ തന്ത്രമെന്നതിലുപരി നടപ്പില്‍ വരുത്താനുള്ളതല്ല ഇത്തരം നിയമങ്ങളെന്നാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അല്ലെങ്കില്‍ രഘുറാം രാജന്‍ സാമ്പത്തിക കുറ്റവാളികളുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ ഉടനെ ഇവരെ അറസ്റ്റ് ചെയ്യാമായിരുന്നു. അന്ന് അവര്‍ക്ക് രാജ്യം വിടാന്‍ മൗനാനുവാദം നല്‍കിയവര്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് അവരെ തിരിച്ചുകൊണ്ടുവന്ന് നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്ന് വിശ്വസിക്കാമോ? വന്‍കിട സാമ്പത്തിക തട്ടിപ്പുകാരില്‍ ഒരാളെയും പിടികൂടാനുള്ള ആര്‍ജവമോ തന്റേടമോ ഭരണാധികാരികള്‍ക്കില്ല. ഇത്തരം കള്ളപ്പണക്കാരുടെയും സാമ്പത്തിക തട്ടിപ്പുകാരുടെയും സംഭാവനകളെ ആശ്രയിച്ചാണല്ലോ പാര്‍ട്ടികളും നേതാക്കളും കഴിയുന്നത്. ഇന്ധന വിലവര്‍ധനവും സര്‍ക്കാറിന്റെ തെറ്റായ ഭരണനടപടികളും കാരണം നാള്‍ക്കുനാള്‍ വറുതിയിലേക്കും കഷ്ടപ്പാടിലേക്കും കൂപ്പുകുത്തുന്ന പാവപ്പെട്ടവര്‍ക്കുള്ളതാണ് ഇവിടെ നിയമങ്ങളും നിയമനടപടികളും. ഉന്നതര്‍ എപ്പോഴും നിയമങ്ങള്‍ക്ക് അതീതരാണ്.