Connect with us

National

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പുതിയ ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ഒക്‌ടോബര്‍ മൂന്നിന്

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയ് അടുത്ത മാസം മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അദ്ദേഹത്തെ ചീഫ് ജസ്റ്റിസാക്കാനുള്ള തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി. 2019 നവംബര്‍ 17 വരെയാണ് ജസ്റ്റിസ് ഗൊഗോയിയുടെ കാലാവധി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്‌ടോബര്‍ രണ്ടിന് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഗൊഗോയിയുടെ പേര് നിര്‍ദേശിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ചീഫ് ജസ്റ്റിസിന് എതിരെ പത്രസമ്മേളനം വിളിച്ച നാല് ജഡ്ജിമാരില്‍ ജസ്റ്റിസ് ഗൊഗോയിയുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

അസമില്‍നിന്നുള്ള ഗൊഗോയ് 2001 ഫെബ്രുവരിയില്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2010 സെപ്റ്റംബറില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായി. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അവിടെത്തന്നെ ചീഫ് ജസ്റ്റിസായി. 2012 ഏപ്രിലിലാണു സുപ്രീം കോടതിയില്‍ നിയമിക്കപ്പെട്ടത്.