Connect with us

Gulf

വിമാനത്താവളത്തില്‍ മാതാവിനെ നഷ്ടപ്പെട്ടു; ദുബൈ പോലീസ് രക്ഷകരായി

Published

|

Last Updated

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ വിമാനം കയറാന്‍ കഴിയാതിരുന്ന വയോധികയെ ദുബൈ പൊലീസ് കുടുംബത്തില്‍ എത്തിച്ചു. തുടര്‍യാത്രക്കുള്ള വിമാനം നഷ്ടപ്പെട്ട സ്ത്രീക്ക് ടിക്കറ്റും പോലീസ് എത്തിച്ചു കൊടുത്തു. അമ്മയുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് ജോഹന്നാസ് ബര്‍ഗില്‍ നിന്ന് മകള്‍ ദുബൈ പോലീസിനെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ദുബൈ വിമാനത്താവളത്തില്‍ വെച്ച് അമ്മയുമായുള്ള ഫോണ്‍ ബന്ധം നഷ്ടമായെന്നു കാണിച്ച് പൊലീസിനെ വിളിച്ചത്.

യു എസിലേക്കുള്ള വിമാനത്തിലായിരുന്നു ഈ സ്ത്രീ യാത്ര ചെയ്യേണ്ടിയിരുന്നതെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റിയുടെ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ബ്രി. മുഹമ്മദ് ബിന്‍ ദയാലിന്‍ അല്‍ മസൂറി പറഞ്ഞു. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ സ്ത്രീക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടെന്നും ഫോണ്‍ ചെയ്ത മകള്‍ അറിയിച്ചിരുന്നു. ഇവരുടെ കൈവശം അധികം പണവും ഉണ്ടായിരുന്നില്ലെന്നും മകള്‍ പറഞ്ഞതായി ബ്രി. മുഹമ്മദ് ബിന്‍ ദയാലിന്‍ അല്‍ മസൂറി വ്യക്തമാക്കി. ജോഹനാസ്ബര്‍ഗില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് സ്ത്രീ ദുബൈയില്‍ എത്തിയത്. ഇവിടെ നിന്നും യുഎസിലേക്കുള്ള കണക്ഷന്‍ വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്യേണ്ടിയിരുന്നത്.

ഇവര്‍ ബോര്‍ഡിങ് ഗേറ്റില്‍ എത്തിയിട്ടില്ലെന്ന് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമായി. സ്ത്രീയുടെ പാസ്‌പോര്‍ട്ടിലെ ഫോട്ടോ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൈമാറി. രണ്ടു മണിക്കൂറിനുള്ളില്‍ സ്ത്രീയെ ടെര്‍മിനല്‍ മൂന്നിലെ ഒരു റസ്റ്ററന്റില്‍ കണ്ടെത്തി. തളര്‍ന്ന അവസ്ഥയിലായിരുന്നു ഇവര്‍. ഉടന്‍ തന്നെ വെള്ളവും ഭക്ഷണവും ആവശ്യമായ വൈദ്യസഹായവും നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു.

Latest