Connect with us

National

ജെയ്റ്റ്‌ലി പറയുന്നത് പച്ചക്കള്ളം: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനേയും അരുണ്‍ ജെയ്റ്റ്‌ലിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിജയ് മല്ല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന ജെയ്റ്റ്‌ലിയുടെ പ്രസ്താവന കള്ളമെന്ന് പറഞ്ഞ രാഹുല്‍ ജെയ്റ്റ്‌ലി രാജിവെച്ചേ മതിയാകൂ എന്നും കൂട്ടിച്ചേര്‍ത്തു.

ഇരുവരും തമ്മില്‍ പാര്‍ലിമെന്റ് സെന്‍ട്രല്‍ ഹാളില്‍ വെച്ച് 20 മിനുട്ടോളം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയ കൂടിക്കാഴ്ചക്ക് സാക്ഷിയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതിനുള്ള തെളിവ് ലഭിക്കും. മല്ല്യക്ക് സുഖയാത്രക്ക് സൗകര്യമൊരുക്കിക്കൊടുക്കുയാണ് ധനമന്ത്രി ചെയ്തത്. കുറ്റവാളിയെ സഹായിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. അനൗപചാരികമായ കൂടിക്കാഴ്ചയാണെന്ന വാദം ശരിയല്ല. വിദേശത്തേക്ക് പോകുകയാണെന്ന് മല്ല്യ ജെയ്റ്റ്‌ലിയെ അറിയിച്ചിരുന്നു. എന്തുകൊണ്ട് സിബിഐയേയും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയോ ഇക്കാര്യം അറിയിച്ചില്ലെന്നും രാഹുല്‍ ചോദിച്ചു.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് മല്യ വെളിപ്പെടുത്തല്‍ നടത്തിയത്. പാര്‍ലിമെന്റില്‍ വെച്ചാണ് ധനമന്ത്രിയെ കണ്ടതെന്നും ലണ്ടനിലേക്ക് പോകുന്ന കാര്യം അറിയിച്ചിരുന്നുവെന്നും മല്യ പറഞ്ഞു. കൂടിക്കാഴ്ച ജെയ്റ്റ്‌ലി നിഷേധിച്ചതോടെ ഔദ്യോഗികമായ കൂടിക്കാഴ്ചയല്ല നടന്നതെന്ന് മല്യ വ്യക്തമാക്കി. ജനീവയില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പോയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ധനമന്ത്രിയെ കണ്ടിരുന്നു. പോകുന്ന കാര്യം മന്ത്രിയെ അറിയിച്ചിരുന്നു. ബേങ്കുകളുമായുള്ള എല്ലാ ഇടപാടുകളും തീര്‍പ്പാക്കുമെന്നും മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ മല്യ പറഞ്ഞു. മല്യ രാജ്യം വിടുമ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു ധനമന്ത്രി.

മല്ല്യയുടെ പ്രസ്താവന വിവാദമായതോടെയാണ് നിഷേധക്കുറിപ്പുമായി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. മല്യയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും 2014ന് ശേഷം മല്യക്ക് സന്ദര്‍ശനത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ജെയ്റ്റ്‌ലി അറിയിച്ചു. രാജ്യസഭാംഗമെന്ന നിലയില്‍ മല്യ ഇടക്കിടെ പാര്‍ലിമെന്റില്‍ എത്താറുണ്ട്. എം പി എന്ന നിലയിലുള്ള അധികാരം ചിലപ്പോള്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടാകാമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ലണ്ടനിലേക്ക് കടന്ന മല്യയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നത് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്. എസ് ബി ഐ ഉള്‍പ്പെടെയുള്ള ബേങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഒമ്പതിനായിരം കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെയാണ് മല്യ രാജ്യം വിട്ടത്.

---- facebook comment plugin here -----

Latest