Connect with us

Kerala

ബിഷപ്പിനെതിരായ പീഡനക്കേസ്: സിബിഐ വേണ്ട; പോലീസ് അന്വേഷണം തൃപ്തികരം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പോലീസാണെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും പഴയ കേസായതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കുക സ്വാഭാവികമാണെന്നും കോടതി വ്യക്തമാക്കി. അസാധാരണമായ സാഹചര്യമില്ല. പോലീസിന് മേല്‍ സമര്‍ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്.

അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പംകൂടി ക്ഷമ കാണിക്കണം. കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പോലീസ് ശേഖരിച്ച തെളിവുകള്‍ പ്രതിയുടെ കയ്യെത്താത്ത ദൂരത്താണ്. തെളിവുകള്‍ നശിപ്പിക്കുമെന്ന പേടി വേണ്ട. അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു. കേസില്‍ സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ല. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് 23ന് വീണ്ടും പരിഗണിക്കും.

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 27 പേജുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് നാല് തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഠത്തിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കുണ്ടെന്നും പോലീസ് അറിയിച്ചു.

ഇത് കൂടാതെ ഹൈക്കോടതി ജംഗ്ഷനില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് വിശദീകരിച്ചു. കേസ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ കേസായതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുന്നത് കരുതലോടെയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. നേരത്തെ ഒരു തവണ ഒമ്പത് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിന് ശേഷമെ മറ്റു കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ എന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Latest