Connect with us

National

മല്ല്യയുടെ വെളിപ്പെടുത്തല്‍: പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിടണം- രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മല്ല്യ ഗുരുതമായ ആരോപണമാണ് ഇന്നയിച്ചിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. നീരവ് മോദി രാജ്യം വിടുന്നതിന് മുമ്പ് പ്രധാന സേവകനെ കണ്ടു. മല്യ രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രിയെ കണ്ടു. ഈ കൂടിക്കാഴ്ചകളില്‍ എന്തു ചര്‍ച്ചയായെന്ന് രാജ്യത്തിന് അറിയണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

 

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് മല്യ വെളിപ്പെടുത്തല്‍ നടത്തിയത്. പാര്‍ലിമെന്റില്‍ വെച്ചാണ് ധനമന്ത്രിയെ കണ്ടതെന്നും ലണ്ടനിലേക്ക് പോകുന്ന കാര്യം അറിയിച്ചിരുന്നുവെന്നും മല്യ പറഞ്ഞു. കൂടിക്കാഴ്ച ജെയ്റ്റ്‌ലി നിഷേധിച്ചതോടെ ഔദ്യോഗികമായ കൂടിക്കാഴ്ചയല്ല നടന്നതെന്ന് മല്യ വ്യക്തമാക്കി. ജനീവയില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് പോയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ധനമന്ത്രിയെ കണ്ടിരുന്നു. പോകുന്ന കാര്യം മന്ത്രിയെ അറിയിച്ചിരുന്നു. ബേങ്കുകളുമായുള്ള എല്ലാ ഇടപാടുകളും തീര്‍പ്പാക്കുമെന്നും മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ മല്യ പറഞ്ഞു. മല്യ രാജ്യം വിടുമ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു ധനമന്ത്രി.

മല്ല്യയുടെ പ്രസ്താവന വിവാദമായതോടെയാണ് നിഷേധക്കുറിപ്പുമായി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. മല്യയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും 2014ന് ശേഷം മല്യക്ക് സന്ദര്‍ശനത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ജെയ്റ്റ്‌ലി അറിയിച്ചു. രാജ്യസഭാംഗമെന്ന നിലയില്‍ മല്യ ഇടക്കിടെ പാര്‍ലിമെന്റില്‍ എത്താറുണ്ട്. എം പി എന്ന നിലയിലുള്ള അധികാരം ചിലപ്പോള്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടാകാമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ലണ്ടനിലേക്ക് കടന്ന മല്യയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നത് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്. എസ് ബി ഐ ഉള്‍പ്പെടെയുള്ള ബേങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഒമ്പതിനായിരം കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെയാണ് മല്യ രാജ്യം വിട്ടത്.

Latest