Connect with us

National

യെല്ലമ്മയുടെ മൂന്നാം പ്രസവവും ഓടുന്ന ട്രെയിനില്‍

Published

|

Last Updated

ബെംഗളൂരു: യാത്രക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി ട്രെയിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കര്‍ണാടക സ്വദേശിനിയായ യെല്ലമ്മ മയൂര്‍ ഗെയ്ക്വാദ് (23) ആണ് ട്രെയിനുള്ളില്‍ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചത്.
യെല്ലമ്മ ഇതിന് ആദ്യ രണ്ട് കുഞ്ഞുങ്ങളെയും പ്രസവിച്ചതും ട്രെയിനില്‍ തന്നെയായിരുന്നു.

കഴിഞ്ഞ ദിവസം മൂന്നാമത്തെ പ്രസവത്തിന് വേണ്ടി ഹരിപ്രിയ എക്‌സ്പ്രസില്‍ കോലാപൂരില്‍ നിന്ന് റായ്ബാഗിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു യെല്ലമ്മ. രാവിലെ 9.30ഓടെ പ്രസവ വേദന അനുഭവപ്പെട്ടു. വിവരം അറിയിച്ചതനുസരിച്ച് റെയില്‍വേ അധികൃതര്‍ പ്രസവത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ട്രെയിനില്‍ തന്നെ ഏര്‍പ്പെടുത്തി.
ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്തൃസഹോദരിക്കൊപ്പമായിരുന്നു യെല്ലമ്മ സഞ്ചരിച്ചത്. റെയില്‍വേ അധികൃതരുടെ നിര്‍ദേശ പ്രകാരം സഹയാത്രികര്‍ ഇവര്‍ക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്തു. തുടര്‍ന്ന് ബെഡ് ഷീറ്റുകള്‍ മറച്ചുവെച്ച് യെല്ലമ്മക്ക് അവിടെ സ്വകാര്യത ഒരുക്കി. വൈകാതെ അതിനുള്ളില്‍ യെല്ലമ്മ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി. അധികൃതരുടെ നര്‍ദേശ പ്രകാരം തൊട്ടടുത്ത റായ്ബാഗ് റെയില്‍വേ സ്റ്റേഷനില്‍ മാതാവിനും കുഞ്ഞിനുമായി ആംബുലന്‍സ് കാത്തിരിപ്പുണ്ടായിരുന്നു. ഒട്ടും വൈകാതെ യെല്ലമ്മയെയും കുഞ്ഞിനെയും റായ്ബാഗ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കോലാപൂരില്‍ വീട്ടുജോലി ചെയ്ത് ഉപജീവനം കഴിക്കുന്ന യെല്ലമ്മയുടെ ഭര്‍ത്താവ് കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര ഹടകനാഗലെ സ്റ്റേഷന് സമീപത്ത് ട്രെയിനില്‍ വെച്ചായിരുന്നു യെല്ലമ്മ രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

Latest