Connect with us

National

സിനിമാക്കഥയെ കമടത്തിവെട്ടും തയ്യല്‍ക്കാരന്റെ പരമ്പരക്കൊല

Published

|

Last Updated

ഭോപ്പാല്‍: ആദേശ് ഖാംബ്രയെന്ന തയ്യല്‍ത്തൊഴിലാളിയെ മധ്യപ്രദേശ് പോലീസ് ഭോപ്പാലില്‍ വെച്ച് അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു പെറ്റിക്കേസ് കൈകാര്യം ചെയ്യുന്ന ലാഘവം മാത്രമായിരുന്നു അവര്‍ക്ക്. പക്ഷേ, ഖാംബ്രയുടെ കുറ്റസമ്മത മൊഴി കേട്ട് പോലീസ് ശരിക്കും ഞെട്ടി.

കുറ്റസമ്മതം ചെറുതൊന്നുമായിരുന്നില്ല. “കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ 33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയിട്ടുണ്ട്”. ഇവിടെയും തീര്‍ന്നില്ല 48കാരന്റെ ഏറ്റുപറച്ചില്‍. കൊലപാതകത്തിന് ക്വട്ടേഷന്‍ ഏറ്റെടുക്കാറുണ്ടെന്നും ഇത്തരത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ ഡസന്‍ കണക്കിന് കൊലപാതകങ്ങള്‍ വേറെയും നടത്തിയിട്ടുണ്ടെന്നും ഖാംബ്ര സമ്മതിച്ചതായി ഇന്നലെ ഭോപ്പാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നത പോലീസ് ഓഫീസര്‍ രാഹുല്‍ കുമാര്‍ ലോധ വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് 12ന് 50 ടണ്‍ കമ്പികളുമായി ഭോപ്പാലിലേക്ക് പുറപ്പെട്ട ട്രക്ക് അപ്രത്യക്ഷമായതോടെ പോലീസ് നടത്തിയ അന്വേഷണമാണ് ഖാംബ്രയിലേക്ക് എത്തുന്നത്. മന്‍ദിദീപ് വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ട്രക്ക് ഡ്രൈവറെ ബില്‍കിരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിന്നീട്, ആഗസ്റ്റ് 15ന് അയോധ്യാ നഗറില്‍ നിന്ന് ഒഴിഞ്ഞ ട്രക്കും കണ്ടെത്തി. കമ്പികള്‍ മോഷണം പോയെന്ന കണക്കുകൂട്ടലില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

ഈ കമ്പികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തവരാണ് അറസ്റ്റിലായത്. ഇവരിലൊരാളില്‍ നിന്നാണ് ജൈകരണ്‍ പ്രജാപതി എന്നയാളെ കുറിച്ച് പോലീസ് മനസ്സിലാക്കുന്നത്. ഇയാളെ പോലീസ് തേടിപ്പിടിച്ച് മന്‍ദിദീപില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളാണ് നാട്ടുകാര്‍ക്കിടയില്‍ വളരെയേറെ സാധാരണക്കാരനായി ജീവിക്കുന്ന ആദേശ് ഖാംബ്രയെന്ന് അറിഞ്ഞപ്പോള്‍ മൂക്കത്ത് വിരല്‍വെക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല.

പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, താന്‍ നടത്തിയ കൊടും കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ സങ്കോചമൊന്നും കൂടാതെ ഖാംബ്ര തുറന്നു പറഞ്ഞു. ചരക്കുമായി വരുന്ന ട്രക്ക് ഡ്രൈവറുമായി ചങ്ങാത്തത്തിലാകുന്നതോടെയാണ് ഇയാളുടെ ക്രൂരത ആരംഭിക്കുന്നത്.

റോഡരികില്‍ നിര്‍ത്തിയിടുന്ന ട്രക്ക് ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും മദ്യസത്കാരത്തിനും ഭക്ഷണത്തിനും വിളിച്ച് മയക്കി കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതി. 2010 മുതല്‍ ഇങ്ങോട്ട് ഇത്തരത്തില്‍ 33 കൊലപാതകങ്ങള്‍ നടത്തി. ഝാന്‍സിയില്‍ നിന്നുള്ള ക്രിമിനല്‍ സംഘങ്ങളും പിന്നീട് ഇയാളുടെ കൂട്ടാളികളായി. 2014ല്‍ ഒരു കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും ജാമ്യം ലഭിച്ചു. ഇയാളുടെ ക്രൂരക്രൃത്യങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ അടക്കം അത് അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു.

ഇപ്പോള്‍ അറസ്റ്റിലായിട്ടും താന്‍ ചെയ്ത കാര്യങ്ങളില്‍ ഒരുതരത്തിലുള്ള കുറ്റബോധവും പ്രതിക്കുണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ചോദ്യം ചെയ്യലിനോട് നന്നായി സഹകരിക്കുന്നുണ്ട്. കൊലചെയ്ത ആളുകളെ കുറിച്ചും കൊലപാതകം നടത്തിയ രീതിയെ കുറിച്ചും വ്യക്തമായ ഓര്‍മയും ഇയാള്‍ക്കുണ്ട്. പല പരമ്പര കൊലപാതകികളെയും പോലെ പ്രത്യേക മാനസികാവസ്ഥയാണ് ആദേശ് ഖാംബ്രയെയും കൊലയാളിയാക്കിയതെന്നാണ് പോലീസ് കരുതുന്നത്.
ആദേശ് ഖാംബ്രക്ക് പ്രചോദനമായത് അശോക് ഖാംബ്രയെന്ന മറ്റൊരു പരമ്പര കൊലയാളിയാണ്. 2010ല്‍ അറസ്റ്റിലായ ഇയാള്‍ 100 കൊലപാതകങ്ങള്‍ നടത്തിയെന്നാണ് പോലീസ് പറയുന്നത്. ലോറി ഡ്രൈവര്‍മാര്‍ തന്നെയായിരുന്നു ഇയാളുടെയും ഇരകള്‍.

Latest