Connect with us

Kerala

ഒതുക്കാന്‍ മുജാഹിദ് നേതാക്കള്‍ കൂട്ടുനില്‍ക്കുന്നു; എടവണ്ണ ജാമിഅ നദ്‌വിയ്യ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് പിതാവ്

Published

|

Last Updated

മലപ്പുറം: മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന് കീഴിലുള്ള എടവണ്ണ ജാമിഅ നദ്‌വിയ്യയിലെ പ്ലസ് ടു വിദ്യാര്‍ഥി മുഹമ്മദ് സഹീറിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പിതാവ് പി വി മുഹമ്മദ് സ്വാദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട്് പടന്ന സ്വദേശിയായ മുഹമ്മദ് സഹീറിനെ സെപ്തംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചരയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചതായി ഹോസ്റ്റല്‍ വാര്‍ഡനാണ് വീട്ടിലേക്ക് വിളിച്ച് അറിയിച്ചത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാര്‍ഥിയാണ് സഹീര്‍. തെറ്റുകള്‍ കണ്ടാല്‍ തുറന്ന് പറയുന്ന സ്വഭാവക്കാരനായിരുന്നു. ഇതുകൊണ്ട് തന്നെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്നും പിതാവ് പറഞ്ഞു.

നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് ആഗസ്ത് 28ന് എടവണ്ണയിലെ സ്ഥാപനത്തിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ ഹോസ്റ്റലിലേക്ക് തിരിച്ചു പോയ ദിവസം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് ഹോസ്റ്റലിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ എവിടെയെങ്കിലും കിടന്നോ, ഇങ്ങോട്ട് വരേണ്ട എന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞുവത്രെ. സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലാണ് അന്ന് സഹീര്‍ താമസിച്ചത്. പിറ്റേന്ന് വാര്‍ഡനുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. സംഭവം നടന്ന് പത്ത് ദിവസമായിട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന കയര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം ആരാണ് കണ്ടതെന്നോ, ഇറക്കിയതെന്നോ, ആശുപത്രിയില്‍ ആര് എത്തിച്ചുവെന്നോ ഇതുവരെ പറഞ്ഞിട്ടില്ല. സഹപാഠികള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. കോളജിന്റെ വിളിപ്പാടകലെയാണ് പോലീസ് സ്റ്റേഷനെങ്കിലും പോലീസ് മൃതദേഹം കാണുന്നത് പിറ്റേന്ന് രാവിലെ ഒമ്പതരക്ക് മോര്‍ച്ചറിയില്‍ വെച്ചാണ്. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ സ്ഥാപന അധികാരികള്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേസ് അന്വേഷിക്കുന്നതില്‍ ബാഹ്യമായ ഇടപെടല്‍ നടക്കുന്നാതായും സ്ഥാപനം നിയന്ത്രിക്കുന്ന സംഘടനയുടെ നേതാക്കള്‍ പോലും സംഭവം ഒതുക്കിതീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മുഹമ്മദ് സ്വാദിഖ് പറഞ്ഞു.

കെ എന്‍ എം കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് പോലും ഇതിന് കൂട്ടു നില്‍ക്കുകയാണ്. അവധി കഴിഞ്ഞ് ഒരു വിദ്യാര്‍ഥി മരിച്ചിട്ട് സ്ഥാപന അധികാരികളോ അധ്യാപകരോ മൃതദേഹത്തെ അനുഗമിക്കുക പോലും ചെയ്യാതെ മരണ ശേഷം സഹീറിനെ മാനസിക രോഗിയാക്കാനുള്ള ശ്രമമാണ് സ്ഥാപന അധികൃതര്‍ നടത്തിയതെന്നും പിതാവ് പറഞ്ഞു. ഹോസ്റ്റലില്‍ സി സി ടി വി ഉണ്ടായിട്ടും ഇതുവരെ പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. സംഭവം നടന്നതിന് ശേഷം വാര്‍ഡന്‍ മൊയ്തീന്‍ കോയ ഹോസ്റ്റലില്‍ എത്തിയിട്ടില്ല. അരുതാത്ത കാര്യം സഹീര്‍ കണ്ടിരിക്കാമെന്നും ഇത് തുറന്ന് പറയുമെന്ന ഭയത്താല്‍ കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നും പിതാവ് പറഞ്ഞു.

മുജാഹിദ് നേതാക്കള്‍ സ്ഥാപനത്തിന്റെ പ്രതിഛായ നഷ്ടമാകാതിരിക്കാന്‍ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് ലൈന്‍ എന്നിവടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും ഇതില്‍ നടപടിയുണ്ടായിട്ടില്ലെങ്കില്‍ സ്ഥാപനത്തിന് മുന്നില്‍ കുടുംബത്തോടൊപ്പം മരണം വരെ നിരാഹാര സമരമിരിക്കുമെന്നും മുഹമ്മദ് സ്വാദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബന്ധുക്കളായ അഡ്വ. പി എന്‍ അബ്ദുല്‍ ലത്വീഫ്, പി എന്‍ ഹര്‍ഷദ്, പി വി മന്‍സൂര്‍, ടി കെ പി മുസ്്തഫ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest