Connect with us

Articles

അറ്റമില്ലാത്ത എണ്ണക്കൊള്ള

Published

|

Last Updated

പെട്രോളിന് വില 82ന് മുകളില്‍ ഡീസലിന് വില 76. നാളെ ചിലപ്പോള്‍ 85ഉം 90ഉം കടന്ന് പോയേക്കാം. ഒരു കാരണമുണ്ട്, ക്രൂഡ് ഓയിലിന്റെ വില ബാരലിന് 78 ആണല്ലോ. അപ്പോള്‍ പിന്നെ എന്തായാലും വില കൂടണമല്ലോ. നല്ലൊരു കാരണം തന്നെ. 2014ല്‍ കുറച്ചാളുകള്‍ 15 ലക്ഷം, ബേങ്ക്, അക്കൗണ്ട് എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. അവരൊക്കെ ഇപ്പോള്‍ ഏത് രാജ്യത്തേക്ക് വിമാനം കയറിയോ ആവോ? പിന്നെ 2016 നവംബര്‍ എട്ടിന് അതേ കൂട്ടര്‍ തന്നെയാണെന്ന് തോന്നുന്നു നോട്ട് നിരോധനം എന്നു പറഞ്ഞ് പഴയ 1000ത്തിന്റെയും 500ന്റെയും ഉപയോഗം വിലക്കി. അതൊരു ഒന്നൊന്നര വിലക്കായിരുന്നു. അതിന്റെ പിന്നാലെ എന്തൊക്ക കോലാഹലങ്ങള്‍. ആയിക്കോട്ടെ പുതിയ 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ കൊണ്ടുവന്നല്ലോ. പഴയ നോട്ടും ഗാന്ധിത്തലയും കണ്ടു മടുത്തിട്ടാണെങ്കില്‍ കൂടി നാമത് സ്വീകരിച്ചു. അല്ലെങ്കിലും ഒരു പുതുമ ആരാണ് ആഗ്രഹിക്കാത്തത്? പുതിയ നോട്ട് കൊണ്ടുവന്നു എന്നു മാത്രമല്ല കൂടെ നമുക്ക് മെച്ചം കിട്ടുന്ന ഒരു ഡയലോഗും കിട്ടി. നമ്മുടെ സമ്പദ്ഘടന വളരും. അത് മുഖാന്തരം പെട്രോളിന് വില 50 രൂപയായി കുറയും. 2014ല്‍ 15ലക്ഷം അക്കൗണ്ടില്‍ കയറിയ ഭാരതീയന്‍ ഒന്ന് പ്രതീക്ഷിച്ചു. ഇപ്പോള്‍ കൊടുക്കുന്ന 70ഉം 80ഉം കൊടുക്കേണ്ടല്ലോ. 50 രൂപക്ക് പെട്രോള്‍ കിട്ടുന്ന പക്ഷം ദൈനംദിന ചെലവില്‍ വലിയൊരു ആശ്വാസമാകും.

എന്നാല്‍ നടന്നതോ? ഇന്ത്യ കണ്ടിട്ടില്ലാത്ത പെട്രോള്‍ വില വര്‍ധന. നോട്ട് നിരോധനം സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ അന്നേ വിലയിരുത്തിയ പോലെ ശുദ്ധ മണ്ടത്തരം ആണെന്ന് സര്‍വേണ ജനങ്ങള്‍ക്ക് മനസ്സിലാവുക കൂടി ചെയ്തിരിക്കുന്നു. ഇന്ത്യയുടെ സമ്പദ്ഘടന താളം തെറ്റുകയും രൂപയുടെ മൂല്യം കൂപ്പ്കുത്തി ഡോളറുമായുള്ള വിനിമയത്തില്‍ 72 എന്ന നിലയിലേക്ക് മാറുകയും ചെയ്ത ഈ ഘട്ടത്തില്‍ (ഏകദേശം 11 ശതമാനം കുറവ്) നേരത്തെ വാഗ്ദാനം ചെയ്ത കാര്യങ്ങളെ പറ്റി ഓര്‍മിപ്പിക്കുക കൂടിചെയ്താല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അവര്‍ക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തായിരിക്കും.

പെട്രോള്‍ വില ക്രൂഡോയിലിന് കൂടുന്നതിനനുസരിച്ച് വര്‍ധിച്ചു വരികയാണ്. ശരിക്കും അങ്ങനെ വര്‍ധിക്കേണ്ട കാര്യമുണ്ടോ ? ഇന്ത്യ വാങ്ങുന്ന അതേ വിലക്ക് ക്രൂഡോയില്‍ വാങ്ങുന്ന പാകിസ്താനും ശ്രീലങ്കയുമെല്ലാം വളരെ മിതമായ നിരക്കില്‍ ഇവ ജനങ്ങള്‍ക്ക് ലഭ്യമാക്കുമ്പോള്‍ ഇവിടെ മാത്രം അടിക്കടി വര്‍ധിക്കാനുള്ള കാരണമെന്താണ്? ഇവിടെയാണ് ജര്‍മനിയിലെ ജനങ്ങള്‍ മാതൃകയാകേണ്ടത്. പെട്രോള്‍ വില വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ അവര്‍ പ്രതികരിച്ച രീതി. അവരുടെ വാഹനങ്ങള്‍ നടുറോഡില്‍ കൊണ്ടുപോയി പാര്‍ക്ക് ചെയ്തു തിരികെ വീട്ടില്‍ വന്നിരുന്നു. ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ വില കുറച്ചു. രണ്ട് ദിവസത്തോളമായിരുന്നു ഈ ഉപരോധം എന്നതും ശ്രദ്ധേയമാണ്. ജര്‍മനിയെക്കാള്‍ എത്രയോ ഇരട്ടി ജനസംഖ്യയുള്ള ഇന്ത്യയില്‍ ജനങ്ങള്‍ രണ്ട് ദിവസം വേണ്ട ഒറ്റ ദിവസം വേണ്ട രൂപത്തില്‍ പരിശ്രമിച്ചാല്‍ ഈ ദുര്‍നടപ്പുകാരായ അധികാരികളെ വരച്ചവരയില്‍ നിര്‍ത്താന്‍ സാധിക്കും. അല്ലാതെ ജനജീവിതം സ്തംഭിപ്പിക്കുന്ന ഹര്‍ത്താലും ബന്ദും എന്നനിലയിലേക്ക് താഴാനാണ് ഉദ്ദേശമെങ്കില്‍ ഒരു മാറ്റം ഒരിക്കലും സംഭവിക്കില്ല.

മുമ്പ് യു പി എ ഭരണകാലത്ത് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഇരട്ടിവില ബാരലിന് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് പെട്രോള്‍ വില ഇത്ര ഉയര്‍ത്താതിരുന്നത്? രസമതല്ല, അന്ന് പെട്രോള്‍ വിലക്കയറ്റത്തിനെതിരെ കാളവണ്ടി സമരം നടത്തിയവരില്‍ ചില നേതാക്കന്മാര്‍ ഇന്നത്തെ ഭരണത്തലപ്പത്തുണ്ട്. കഴിഞ്ഞ വാരമാണ് പാചകവാതക വില വീണ്ടും ഉയര്‍ന്ന് 800 രൂപക്ക് മുകളിലായി എന്ന വാര്‍ത്ത വായിച്ചത്. സബ്‌സിഡിയുടെ പേരിലും പെരുംകൊള്ള നടത്തുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതം ആകെ താറുമാറായി. ഇപ്പോള്‍ നടക്കുന്നത് മേക്ക് ഇന്‍ ഇന്ത്യ അല്ല നരേന്ദ്ര മോദിയുടെ ഇന്ത്യയെ ഏറ്റെടുക്കലാണ്. കര്‍ഷകര്‍ക്ക് വേണ്ടി പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ല. മന്‍ കീ ബാത് ഷോയില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും കാണാനും അദ്ദേഹം സമയം ചെലവഴിക്കാറില്ല എന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍ പപ്പു എന്ന് വിളിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിന് പകരം കാര്യങ്ങളുടെ നിജസ്ഥിതി ശരിക്ക് പഠിക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് എന്താണെന്നും, അത് എങ്ങനെ വന്നു എന്നും, എങ്ങനെ പരിഹരിക്കാന്‍ പറ്റും എന്നും മനസ്സിലാകും. ജനങ്ങളുടെ മന്‍ കീ ബാത് വല്ലപ്പോഴും കേള്‍ക്കൂ!

പെട്രോള്‍ വില നിയന്ത്രിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം കൊടുത്തതിലൂടെ ഏറ്റവും വലിയ ചതിയാണ് ഇന്ത്യന്‍ ജനതയോട് ഈ അധികാരിവര്‍ഗം ചെയ്തത്. ആദ്യ വാരം നിലവിലുള്ളതിനെക്കാള്‍ നേരിയ കുറവ് വന്നെങ്കിലും പിന്നീടൊരു കുതിച്ചു ചാട്ടമായിരുന്നു. സ്വകാര്യ ലോബികള്‍ ദിനേന വില കൂട്ടികൊണ്ടിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞ് കൊള്ളലാഭമുണ്ടാക്കുകയാണവര്‍. അവരോട് തോള്‍ ചേര്‍ന്ന് ഭരണ വര്‍ഗവും ജനങ്ങളുടെ വിഴുപ്പിന്റെ അംശം പറ്റുകയാണ്. എന്നിട്ട് യാതൊരു ലജ്ജയുമില്ലാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് പിടിക്കാന്‍ ഇറങ്ങുകയും ചെയ്യുന്നു. വേണമെങ്കില്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇന്ധന വില 50- 70 ന്റെ ഇടയില്‍ കൊണ്ടുവന്ന് ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാനും ശ്രമിച്ചേക്കാം. ഇതുമാത്രമല്ലല്ലോ 28 ശതമാനത്തോളം ജി എസ് ടി കൊണ്ടുവന്ന് ഒരു പ്രഹരം വീണ്ടുമേല്‍പ്പിച്ചിരുന്നു. സി ജി എസ് ടിയുടെ പേരില്‍ വന്‍ നികുതി പിഴിഞ്ഞെടുക്കുമ്പോള്‍ എന്തേ പെട്രോളിലും ഡീസലിലും ഈ ചരക്കു സേവന നികുതി കൊണ്ടുവരാത്തത്? അവര്‍ക്കറിയാം ഇന്ധനത്തില്‍ ഈ നികുതി കൊണ്ടു വന്നാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നല്ല നിലയില്‍ വില കുറയും എന്ന്. അങ്ങനെയുണ്ടായാല്‍ കൈയിട്ടു വാരാന്‍ ഒന്നും കിട്ടില്ല. അതറിഞ്ഞു കൊണ്ടുതന്നെയാണ് ഇന്ധനത്തെ മാത്രം ഈ നികുതിയില്‍ ഉള്‍പ്പെടുത്താത്തത്.

ഈയിടെ കര്‍ണാടകയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. സാധ്യത പ്രദേശങ്ങളും കോട്ടകളും നഷ്ടപ്പെടുന്നതാണ് കണ്ടത്. ഈ ഭരണത്തെ ജനങ്ങള്‍ എത്ര മാത്രം വെറുക്കുന്നു എന്നതിന്റെ തെളിവാണത്. ദുസ്സഹമായ ജീവിത ചുറ്റുപാടില്‍ നിന്നും ജനങ്ങളെ കരകയറ്റേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലൂടെ ജനങ്ങളുടെ സൈ്വരജീവിതം താറുമാറാക്കുകയല്ല വേണ്ടത്. വോട്ടു പിടിക്കാന്‍ ഇറങ്ങുമ്പോള്‍ പറയുന്ന 100കാര്യങ്ങളില്‍ 20 ശതമാനമെങ്കിലും നടപ്പിലാക്കാന്‍ ശ്രമിക്കുക. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുക്കാറായ ഈ ഘട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അവസരോചിതമായ ഇടപെടല്‍ ഉണ്ടായാല്‍ 2019ല്‍ മറ്റൊരു ചരിത്രത്തിനായിരിക്കും ഇന്ത്യ സാക്ഷിയാകുക.