Connect with us

Kerala

എസ് വൈ എസ് സാന്ത്വനം രണ്ടാം ഘട്ട ദുരിതാശ്വാസ തുക കൈമാറി

Published

|

Last Updated

എസ് വൈ എസ് സാന്ത്വനം രണ്ടാംഘട്ട ദുരിതാശ്വാസ ഫണ്ട് മന്ത്രി ടി പി രാമകൃഷ്ണന് എന്‍ അലി അബ്ദുല്ല കൈമാറുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സമീപം

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ രണ്ടാം ഘട്ട തുക കൈമാറി. ഇന്നലെ കലക്ടറേറ്റില്‍ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍ അലി അബ്ദുല്ല മന്ത്രി ടി പി രാമകൃഷ്ണന് ചെക്ക് നല്‍കി. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സംബന്ധിച്ചു. മൂന്നാം ഘട്ടമായി 50 ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കും.

മൂന്ന് ഘട്ടങ്ങളിലായാണ് ദുരിതബാധിത മേഖലകളില്‍ എസ് വൈ എസ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രളയക്കെടുതിയില്‍ എല്ലാം ഉപേക്ഷിച്ച് ഓടിപ്പോന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ ആവശ്യമായ സഹായങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. പിന്നീട് ക്യാമ്പുകളില്‍ ആവശ്യമായ സഹായങ്ങളെത്തിച്ചു. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് ഭക്ഷണക്കിറ്റുകള്‍, ഗൃഹോപകരണങ്ങള്‍, കുടിവെള്ള വിതരണം, വസ്ത്രങ്ങള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവ ഉറപ്പാക്കി. പ്രളയക്കെടുതിയില്‍ വീട് ഭാഗികമായി നഷ്ടപ്പെട്ട 1000 കുടുംബങ്ങള്‍ക്ക് വീടുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വാസയോഗ്യമാക്കിക്കൊടുക്കും. എസ് വൈ എസിന്റെ പ്രൊഫഷനല്‍ വിഭാഗമായ ഐ പി എഫ് മെഡിക്കല്‍ ഫോറം വിവിധ ജില്ലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.

ആവശ്യമായ കൗണ്‍സിലിംഗും മരുന്നുകളും നല്‍കി. എലിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്റെ രണ്ടര ലക്ഷം ഗുളികകള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഫോറം നല്‍കിയിരുന്നു. പ്രളയബാധിത ജില്ലകളില്‍ 3.6 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വയനാട് പോലെയുള്ള പിന്നാക്ക ജില്ലകളില്‍ ഉരുള്‍പൊട്ടി കുടിവെള്ളം കിട്ടാതായ കുടുംബങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ള സജ്ജീകരണവും ഒരുക്കി.

പ്രളയബാധിത ജില്ലകളില്‍ പലയിടത്തും ഇപ്പോഴും ആവശ്യമായ സഹായങ്ങളും മറ്റും നല്‍കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യചവിട്ടുപടിയായി ദുരിതാശ്വാസ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകന്‍ ജൈസല്‍ താനൂരിന് സംഘടന നിര്‍മിച്ച് നല്‍കുന്ന “ദാറു ല്‍ ഖൈര്‍” ഭവനത്തിന് ഇന്ന് രാവിലെ 8.30ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലി യാര്‍ കുറ്റിയടിക്കും.

Latest