പ്രളയം: 40,000 കോടിയുടെ നഷ്ടമെന്ന് മന്ത്രി ജയരാജന്‍

Posted on: September 12, 2018 3:49 pm | Last updated: September 12, 2018 at 7:35 pm

തിരുവനന്തപുരം: പ്രളയം മൂലം കേരളത്തിന് 40,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇതുവരെയുള്ള ഏകദേശ കണക്കാണിത്. ഇനിയും അത് ഉയരുമെന്നും മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയായി ആയിരം കോടിയോളം നല്‍കി. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കും. ഈ മാസം 25 മുതല്‍ ഇത് നല്‍കിത്തുടങ്ങും. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കും.

ദുരിതാശ്വാസ സഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തിന് നല്‍കേണ്ട നിവേദനം തയ്യാറാക്കി കഴിഞ്ഞു. ഇത് നാളെ സമര്‍പ്പിക്കും.
1498 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ വീതം നല്‍കുന്നത് ഉടന്‍ പൂര്‍ത്തിയാക്കും.

സംസ്ഥാനത്ത് ഭരണ സ്തംഭനമില്ല. മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ആയതിനാലാണ് മന്ത്രിസഭാ യോഗം ചേരാത്തത്. മന്ത്രിസഭാ ചേരാത്തതിന്റെ പേരില്‍ തീരുമാനങ്ങള്‍ വൈകുന്നില്ല. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അനര്‍ഹരുടെ കൈയില്‍ ദുരിതാശ്വാസ സഹായം എത്തിയെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.