Connect with us

Kerala

കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശം പിന്‍വലിച്ച് പി സി ജോര്‍ജ്

Published

|

Last Updated

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശം പിന്‍വലിക്കുന്നതായി പിസി ജോര്‍ജ് എംഎല്‍എ. കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് പിസി ജോര്‍ജ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ല. എത്ര മോശപ്പെട്ട സ്ത്രീയാണെങ്കിലും അവരെ ആ വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ പാടില്ലായിരുന്നു. വൈകാരികമായി പറഞ്ഞുപോയതാണ്. കേസില്‍ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. എന്നാല്‍, കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് പിസി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ജലന്ധര്‍ ബിഷപ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ പി.സി ജോര്‍ജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.

തുടര്‍ന്ന് പി.സി ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചു. ഈ മാസം 20ന് ജോര്‍ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. മൊഴി ലഭിക്കുന്നതോടെ പി.സി. ജോര്‍ജിനെതിരെ കേസെടുക്കാനാണ് പോലീസിന്റെ നീക്കം. ഇതിനിടെയാണ് ഖേദപ്രകടനവുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്.