Connect with us

Kerala

ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത

Published

|

Last Updated

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത.
സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ശ്രമമാണ് ഇതിന് പിന്നിലെന്നും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ പറയുന്നു. ബിഷപ്പിനെതിരായുള്ളത് ആരോപണം മാത്രമാണ്. എന്നാല്‍, ബിഷപ്പ് കുറ്റക്കാരനാണെന്ന് ഉറപ്പിച്ചുള്ള മാധ്യമ വിചാരണയാണ് നടന്നുവരുന്നത്. ഇതില്‍ മിതത്വം വേണം. ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ട്.

ആദ്യം പീഡനം നടന്നുവെന്ന് കന്യാസ്ത്രീ ആരോപിക്കുന്ന ദിവസം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയം കുറവിലങ്ങാട്ടെ മഠത്തിലല്ല താമസിച്ചത്. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് പങ്കെടുക്കുകയും ചെയ്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെയാണ് ബിഷപ്പിനെ സ്വീകരിച്ചത്. തലേദിവസം ബിഷപ്പ് പീഡിപ്പിച്ചെന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാന്‍ കഴിയുമോയെന്നും രൂപത നാല് പേജുള്ള പ്രസ്താവനയില്‍ ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നല്‍കിയ ശേഷമാണ് ബിഷപ്പുമായി അവര്‍ അകന്നതെന്നും രൂപത ചൂണ്ടിക്കാണിക്കുന്നു.

ജലന്ധര്‍ ബിഷപ്പിനെ കൈവിലങ്ങ് വെക്കുംവരെ
പോരാട്ടത്തിലുറച്ച് കന്യാസ്ത്രീകള്‍

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ആരുടെയും പ്രേരണയിലല്ല സമരം ചെയ്യുന്നതെന്ന് കന്യാസ്ത്രീകള്‍ മാധ്യമങ്ങളെ അറിയിച്ചു.
സഹോദരിക്ക് നീതി കിട്ടണം. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തില്‍ തങ്ങള്‍ പങ്കെടുക്കും. മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ എതിര്‍പ്പിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്നെയാണ്. അനുസരണം എന്നുപറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. കന്യാസ്ത്രീയുടെ പരാതി സത്യമാണ്. അവര്‍ക്കൊപ്പം ഉറച്ച് നില്‍ക്കും. മിഷനറീസ് ഓഫ് ജീസസ് സന്യാസസഭ തളളിപ്പറഞ്ഞതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലാണെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു. ബിഷപ്പിനെ സംരക്ഷിക്കാനാണ് തങ്ങളെ മഠത്തില്‍ നിന്നും പുറത്താക്കാന്‍ നോക്കുന്നത്. നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിഷപ്പിനെതിരായ പരാതി ഒതുക്കിതീര്‍ക്കാന്‍ മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ ശ്രമിച്ചതായും കന്യാസ്ത്രീകള്‍ വെളിപ്പെടുത്തി. ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മദര്‍ പരാതിയില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ടതായും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ഏപ്രില്‍ മാസം നല്‍കിയ പരാതിക്ക് മദര്‍ ജനറല്‍ നല്‍കിയ മറുപടിയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ വ്യക്തിപരമായി തീര്‍ക്കണമെന്നും അല്ലാത്ത പക്ഷം അത് സഭക്ക് നാണക്കേട് ഉണ്ടാക്കുമെന്നുമായിരുന്നു പറഞ്ഞത്. ഈ നിലപാട് സ്വീകരിച്ചത് ബിഷപ്പിനെ സംരക്ഷിക്കാനാണെന്ന് കന്യാസ്ത്രീകള്‍ അരോപിച്ചു. അമ്മയെന്ന സ്ഥാനത്താണ് മദര്‍ ജനറലിനെ കണ്ടത്. പക്ഷേ മക്കളെന്ന നിലയില്‍ ഞങ്ങളുടെ പരാതി കേട്ടില്ല. ബിഷപ്പിനെയാണ് ഇപ്പോഴും മദര്‍ ജനറല്‍ വിശ്വസിക്കുന്നത്. മദര്‍ ജനറല്‍ ഉറച്ച തീരുമാനം എടുത്തിരുന്നെങ്കില്‍ തങ്ങള്‍ തെരുവിലിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ലായിരുന്നു.

പരാതി പറഞ്ഞിട്ടും സ്വന്തം സഭയിലെ കന്യാസ്ത്രീകളെ മദര്‍ ജനറല്‍ വിശ്വസിച്ചില്ലെന്നും അവര്‍ പറഞ്ഞു. മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭ പരാതിക്കാരിയായ കന്യാസ്ത്രീയെയും പിന്തുണക്കുന്ന കന്യാസ്ത്രീകളെയും മഠത്തില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് മദര്‍ ജനറലിന്റെ ഇടപെടല്‍ പുറത്ത് വന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ച് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അപലപനീയമാണെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹം പറഞ്ഞിരുന്നത്. ബാഹ്യശക്തികളുടെ ഗൂഡാലോചനയാണ് സമരം. ഇതില്‍ അന്വേഷണം വേണമെന്നും കന്യാസ്ത്രീയും അവരുടെ കൂടെ സമരം ചെയ്യുന്നവരും ഉന്നയിക്കുന്ന കപട ആരോപണങ്ങള്‍ക്ക് കൂട്ടുനിന്ന് നിരപരാധിയെ ക്രൂശിക്കുന്നത് തങ്ങളുടെ മനഃസാക്ഷിക്ക് ചേര്‍ന്നതല്ലെന്ന് മിഷനറീസ് ഓഫ് ജീസസ് വ്യക്തമാക്കിയിരുന്നു.

മാനഭംഗത്തിനിരയായതിനുശേഷവും പീഡനത്തിന് ഇരയായ കന്യാസ്ത്രീ ബിഷപ്പിന് ഒപ്പം എന്തിനാണ് പോയതെന്ന മിഷനറീസ് ഓഫ് ജീസസ് ആരോപിച്ചിരുന്നു. എന്നാല്‍ മദര്‍ ജനറലും സഭയുമാണ് പരിപാടികള്‍ ആസൂത്രണം ചെയ്തതെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കേരള ഇന്‍ചാര്‍ജ് ആയിരുന്നതിനാല്‍ ഇവിടങ്ങളില്‍ പരാതിക്കാരിയായ സിസ്റ്റര്‍ക്ക് പോകേണ്ടിയിരുന്നു. മാറിനില്‍ക്കാനാകുമായിരുന്നില്ല. ബിഷപ്പിന്റെ കൂടെ ഒറ്റക്ക് അല്ലായിരുന്നു ഇവര്‍ പോയിരുന്നത്. ആരെങ്കിലും എപ്പോഴും കൂടെയുണ്ടാകുമായിരുന്നുവെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി കന്യാസ്ത്രീകള്‍ പറഞ്ഞു. മാത്രമല്ല പരാതിക്കാരിക്കെതിരെയും തങ്ങള്‍ക്കെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എക്കെതിരെ പരാതി നല്‍കും. എംഎല്‍എക്കെതിരേ അടുത്ത ദിവസംതന്നെ മൊഴി നല്‍കുമെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു.

Latest