Connect with us

Articles

നേരമായി, പ്രതിഷേധ രീതികള്‍ മാറ്റാന്‍

Published

|

Last Updated

ഇന്ത്യന്‍ ജനതയെ എത്ര പ്രകോപ്പിച്ചാലും അവര്‍ കാര്യമായി പ്രതികരിക്കില്ലെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ഇത് വെറും രാഷ്ടീയ ഭിന്നാഭിപ്രായത്തിന്റെ പേരിലുള്ള ഒരു വിലയിരുത്തലല്ല. നിസ്സഹായതയുടെ പരകോടിയില്‍ എത്തിനില്‍ക്കുന്ന സാധാരണക്കാരനും മധ്യ വര്‍ഗക്കാരനും എല്ലാം ദുസ്സഹമായ ജീവിതാവസ്ഥയിലേക്ക് ഇത്രമാത്രം എടുത്തെറിയപ്പെട്ട ഒരു കാലം ഇന്ത്യാ ചരിത്രത്തില്‍ (സ്വാതന്ത്ര്യാനന്തരം) വേറെയുണ്ടായിട്ടില്ല.

മതേതര സങ്കല്‍പ്പം തന്നെ മാറ്റി എഴുതണമെന്ന വാശിയില്‍ ഉത്തരേന്ത്യന്‍ തെരുവുകളില്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ ഉറഞ്ഞുതുള്ളുന്ന ചില ആള്‍ക്കൂട്ടങ്ങള്‍ തങ്ങള്‍ക്ക് അഹിതമായ വരെ തല്ലിക്കൊല്ലുന്നു. കൊല്ലുന്നു എന്നു മാത്രമല്ല ആ ദുഷ്‌ചെയ്തിയെ പരസ്യമായി ന്യായീകരിക്കാന്‍ അവര്‍ മുന്നോട്ടുവരികയും ചെയ്യുന്നു.

ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ വളരെ നിര്‍ഭയമായാണ് ഈ കൃത്യങ്ങള്‍ക്ക് മുതിരുന്നത് എന്നതാണ് നടുക്കുന്ന ഭീദിതമായ സത്യം! ഇത്തരം വംശീയമായ അരാജകത്വം ഒരു ഭാഗത്തു വളര്‍ച്ച പ്രാപിക്കുമ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിലക്കയറ്റവും പെട്രോള്‍ ഡീസല്‍ വിലകളുടെ ദിനേനയുള്ള വര്‍ധനവും ഇന്ത്യന്‍ കറന്‍സിയുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവും…. എല്ലാം കൂടി ഈ മഹാ രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും ജീവിക്കാന്‍ പറ്റാത്ത ഇടമാക്കി ഭരണാധികാരികള്‍ മാറ്റിക്കഴിഞ്ഞിരിക്കുന്നു.

ഇങ്ങനെയുള്ള അസുഖകരമായ അവസ്ഥയെ നേരിടുക എന്നുള്ളത് അത്ര സുഖകരമായ കാര്യവുമല്ല. ജനങ്ങളുടെ സഹനശക്തിയെ ആവോളം പരീക്ഷണത്തിനു വിധേയമാക്കി കഴിഞ്ഞ് അവരില്‍ അന്യമത വിദ്വേഷവും വംശീയമായ മിഥ്യാഭിമാനവും അടിച്ചേല്‍പ്പിച്ച് വലിയൊരു വിഭാഗത്തെ ഇത്തരം കുടിലതകള്‍ക്ക് അടിപ്പെടുത്തിയതിനു ശേഷമാണ് ഭരണാധികാരികള്‍ വളരെ “കൂളായിട്ട്” സ്വന്തം പ്രജകളെ തീരാത്ത ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത്.

ഒരു പരിധിവരെ, ഇതൊക്കെ സഹിക്കുമ്പോഴും ജനങ്ങള്‍ക്കു മേലുള്ള വിവിധ തരം കടന്നാക്രമണങ്ങള്‍ പരിധി വിടുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന ചട്ടപ്പടി പ്രതിഷേധങ്ങളേ ഇപ്പോള്‍ ഇവിടെ അരങ്ങേറുന്നുള്ളൂ. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ഒരു ഭാരത ബന്ദിന് ആഹ്വാനം നല്‍കിയത്. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിനെ ഇടതുപക്ഷ മടക്കമുള്ള ഇതര പാര്‍ട്ടികള്‍ ഉപാധികളില്ലാതെ പിന്തുണച്ച് വിജയിപ്പിച്ച ചരിത്രത്തിനും നാം സാക്ഷികളായി. അതിനര്‍ഥം അത്രമാത്രം ഊരാക്കുടുക്കില്‍ അകപ്പെട്ട ഒരു ദുസ്സഹാവസ്ഥയെ ഇന്ത്യ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്നു എന്നുള്ളത് തന്നെയാണ്.

അപ്പോഴും അവശേഷിക്കുന്ന വലിയ പ്രശ്‌നം ഭരണകൂടം ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ്. തന്നെയുമല്ല പ്രതിഷേധത്തോട് പരിഹാസ്യമായിട്ടാണ് ഭരണകൂടം പ്രതികരിക്കുന്നത് എന്നും കാണണം. പെട്രോളിനും ഡീസലിനും ക്രമാതീതമായി വിലവര്‍ധിപ്പിച്ച സമയത്ത് മാത്രമാണ് അള മുട്ടിയാല്‍ ചേരയും കടിക്കും എന്നു പറഞ്ഞ പോലെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭാരതബന്ദിന് ആഹ്വാനം ചെയ്തതെന്നുകൂടി ഓര്‍ക്കണം. എന്നിട്ടും ബന്ദും പ്രതിഷേധവും രാജ്യത്തൊട്ടാകെ അലയടിച്ച ദിവസം തന്നെ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് ബന്ധപ്പെട്ടവര്‍ ജനത്തോട് ദാര്‍ഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ദും പണിമുടക്കും പോലുള്ള ചട്ടപ്പടി സമരമുറകളില്‍ ഒതുങ്ങിക്കൂടിയാല്‍ മതിയാവുമോ നമ്മുടെ പ്രതിഷേധങ്ങള്‍? ഇങ്ങനെയൊരു ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. മോദിയെപ്പോലുള്ള ഏകാധിപത്യ പ്രവണതയുള്ള ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പിന്‍സീറ്റ് െ്രെഡവിംഗ് നടത്തുന്ന വന്‍കിട കോര്‍പറേറ്റുകളും വിലക്കയറ്റമടക്കമുള്ള ജനദ്രോഹ നടപടികള്‍ ആസൂത്രണം ചെയ്യുന്ന സമയത്തു തന്നെ അവര്‍ ബന്ദുകളും ഒന്നോ രണ്ടോദിവസത്തെ പണിമുടക്കങ്ങളും പ്രതീക്ഷിച്ചു കൊണ്ടു തന്നെയാവും ഇത്തരം കൃത്യത്തിനു മുതിരുക. അവര്‍ക്കറിയാം ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റിന്റെ ഗതിയില്‍ കെട്ടടങ്ങുമെന്ന്.

ഇന്ത്യയില്‍ ഭരണകൂടത്തിന്റെ മര്‍ദനം ഏല്‍ക്കേണ്ടി വന്നവരില്‍ ഏറ്റവും ഉന്നതിയില്‍ എത്തിനില്‍ക്കുന്ന വര്‍ഗം ഇവിടുത്തെ എഴുത്തുകാരായിരുന്നു. കല്‍ബുര്‍ഗി, പന്‍സാരെ, ഒടുവില്‍ ഗൗരിലങ്കേഷ് വരെ ഉന്നതര്‍ കൊല്ലപ്പെട്ടു. പലരുടേയും തലക്കു മുകളില്‍ ഇപ്പോഴും മരണവാറന്റുകള്‍ ഡമോക്ലസിന്റെ വാള് പോലെ തൂങ്ങിയാടുന്നു. മതത്തിന്റെയും ജാതിയുടേയും പശുവിന്റേയും പേരില്‍ തെരുവുകളില്‍ മുസ്‌ലിം, ദളിത് വിഭാഗത്തില്‍ പെട്ടവര്‍ കൊലക്കത്തിക്ക് ഇരയായിക്കൊണ്ടിരുന്നത് വല്ലാതെ വര്‍ധിച്ചു കൊണ്ടിരുന്നപ്പോഴാണ് ഫാസിസത്തിനെതിരേ ഇന്ത്യയില്‍ എഴുത്തുകാര്‍ പ്രതിഷേധം ശക്തമാക്കിയത്.

അതിന് അവര്‍ അവലംഭിച്ച മാര്‍ഗം ഭരണകൂട സ്ഥാപനങ്ങള്‍ തന്ന വില പിടിച്ച അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു. എന്നിട്ടും ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കാന്‍ അതുകൊണ്ടായില്ല. അരുന്ധതി റോയി അതേ കുറിച്ച് പറഞ്ഞതോര്‍ക്കുുക: “മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കും നേരെ ആള്‍ക്കൂട്ടകൊലകള്‍ പെരുകുന്നതില്‍ പ്രതിഷേധിച്ചാണ് ഞങ്ങള്‍ ഭരണകൂടം തന്ന അവാര്‍ഡുകള്‍ ഒന്നൊന്നായി തിരിച്ചുനല്‍കിയത്. എന്നിട്ടെന്താ ഒരു ഫലവുമുണ്ടായില്ല. ആള്‍ക്കൂട്ട കൊലകള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നു. ഇനി തിരിച്ചുനല്‍കാന്‍ ഞങ്ങളുടെ പക്കല്‍ അവാര്‍ഡുകളൊന്നും ബാക്കിയില്ല.” പ്രതിഷേധങ്ങളുടെ രീതി ഒന്ന് മാറ്റിപ്പിടിക്കാന്‍ സമയമായി എന്നതിലേക്ക് സൂചന നല്‍കുന്നു ഇതൊക്കെ. ബന്ദുകളും പണിമുടക്കുകളും നിരന്തരമായുണ്ടാവുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെ മുതലെടുത്ത് ഒരു വിഭാഗത്തെ ഭരണകൂടത്തിന് അനുകൂലമാക്കാം എന്ന കുടില ബുദ്ധിയായിരിക്കും മോദിയേയും അമിത് ഷായേയും പോലുള്ളവര്‍ ലക്ഷ്യമാക്കുന്നത്. കാരണം അവരില്‍ ജന വിരുദ്ധതക്കൊപ്പം ധിക്കാരവും ആവോളം കുടികൊള്ളുന്നു എന്നത് കാണാതിരുന്നുകൂടാ. പാര്‍ലിമെന്റടക്കമുള്ള ഭരണസിരാ കേന്ദ്രങ്ങളിലേക്ക് നിരന്തരം മാര്‍ച്ചുകള്‍ നടത്തി അവയെ സ്തംഭിപ്പിക്കുകയും വന്‍കിട കോര്‍പറേറ്റുുകളുടെ ഉത്പന്നങ്ങള്‍ കഴിവതും ബഹിഷ്‌കരിച്ച് അവരുടെ ലാഭക്കൊതിക്കെതിരെ ക്രിയാത്മക പ്രതിരോധങ്ങള്‍ തീര്‍ക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നത് നന്നാവും. ജനങ്ങളെ അണിനിരത്തി ടുണീഷ്യ പോലുള്ള രാജ്യങ്ങളില്‍ നടന്ന മുല്ലപ്പൂവിപ്ലവങ്ങളുടെ ഇന്ത്യന്‍ പതിപ്പുകള്‍ പരീക്ഷിക്കേണ്ടിടത്തേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കഴിയുന്നതും ലഘൂകരിച്ച് ഏകാധിപതികളായ ഭരണാധികാരികള്‍ക്കും അവരുടെ ശിങ്കിടികളായ കോര്‍പറേറ്റുകള്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും മാര്‍ഗ തടസ്സങ്ങള്‍ സൃഷ്ടിക്കാനുതകുന്ന സമരമുറകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാന്‍ സമയമായി. ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് കോട്ടം തട്ടാത്ത രീതിയില്‍ ഏകാധിപതികളേയും കോര്‍പറേറ്റുകളേയും ഫാസിസ്റ്റ് വര്‍ഗീയതയെയും ഇപ്പോള്‍ ചെറുക്കാനായില്ലെങ്കില്‍ ഭാവിഇന്ത്യ സോമാലിയയുടേയും അഫ്ഗാന്റെയും ഒക്കെ മറുപതിപ്പായി മാറുന്ന കാലം വിദൂരമല്ലെന്നു കൂടി ഓര്‍ക്കുന്നത് നന്നാവും. ഗാന്ധിയന്‍ പിന്‍മുറക്കാര്‍ക്കും ഇന്ത്യന്‍ സോഷ്യലിസ്റ്റ്, ദളിത് മതേതര സംഘങ്ങള്‍ക്കും അതിന് നേതൃത്വം കൊടുത്ത് കരുത്ത് പകരാനാവുമോ എന്നു ള്ളത് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് എല്ലാ അര്‍ഥത്തിലും നിസ്സഹായരായ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍..