സഊദിയിലെ പ്രവാസം അന്ത്യത്തോടടുക്കുകയാണോ?

ജ്വല്ലറി, മൊബൈല്‍ ഷോപ്പ്, ലേഡീസ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ നേരത്തെ തന്നെ സ്വദേശിവത്കരിച്ചിരുന്നു. ഇന്നലെ മുതല്‍ 12 വ്യാപാര മേഖലകളില്‍ കൂടി സ്വദേശി വത്കരണം നിര്‍ബന്ധമായി. വസ്ത്രങ്ങള്‍, വാഹനങ്ങള്‍, പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നീ മേഖലകളിലെ 20 ഓളം ഇനങ്ങളിലാണ് ഒന്നാം ഘട്ടമെന്ന നിലയില്‍ ഇന്നലെ സ്വദേശിവത്കരണം നിലവില്‍ വന്നത്. വാച്ച്, കണ്ണട, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നവംബര്‍ 10നും മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറി, വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ്, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പ്പറ്റ് തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ 2019 ജനുവരി ഒന്നിനുമാണ് നിയമം നടപ്പില്‍ വരിക. ഇവിടങ്ങളില്‍ മാനേജര്‍, സെയില്‍സ് റെപ്രസെന്റേറ്റീവ്, പര്‍ച്ചേസ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍, അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ തസ്തികകളില്‍ സ്വദേശികളായിരിക്കണം. എന്നാല്‍, മറ്റുള്ളവക്ക് വിദേശികളെ നിയമിക്കാവുന്നതാണ്.
Posted on: September 12, 2018 9:41 am | Last updated: September 12, 2018 at 12:20 pm
SHARE

ലില്‍ ഈജര്‍…ലില്‍ തഖ്ബീല്‍… ലിൽ ബൈഅ… (വാടകയ്ക്ക്… വില്‍പ്പനക്ക്… കൈമാറ്റത്തിന്…)
സഊദിയിലെ നഗരങ്ങളിലും പാതയോരങ്ങളിലും വിദേശികള്‍ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലുമെല്ലാം ഇപ്പോള്‍ കണ്ടുവരുന്ന വാചകങ്ങളാണ് മുകളില്‍. വര്‍ഷങ്ങളായി നടത്തിവന്നിരുന്ന കച്ചവട സ്ഥാപനങ്ങള്‍ ഇനിയെങ്ങനെ മുന്നോട്ടു പോകും എന്ന സങ്കടത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ആശയമാണ് ഇങ്ങിനെയൊരു ബോര്‍ഡ് തൂക്കിയിടാം എന്നതിലെത്തിച്ചത്. പക്ഷേ, ആര് വരും ഏറ്റെടുക്കാന്‍ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

റിയാദിലെ റൗമ നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ഭാഗത്ത് മാത്രം 20 ഓളം കടകള്‍ക്ക് മുന്നില്‍ ഇങ്ങനെ കാണാന്‍ കഴിഞ്ഞു. സഊദിയില്‍ മൂന്ന് വര്‍ഷം മുമ്പ് നടപ്പിലാക്കിയ നിതാഖാത്തിനെ തുടര്‍ന്ന് വന്ന സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തുടങ്ങിവെച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ലെവി ഉള്‍പ്പടെയുള്ള അധിക സാമ്പത്തിക ഭാരവും താങ്ങാന്‍ കഴിയാതെ കടകളും സ്ഥാപനങ്ങളും ഒഴിവാക്കാന്‍ നിര്‍ബന്ധിതരാവുന്ന പ്രവാസികള്‍ അവസാനത്തെ ഒരു ശ്രമമെന്ന നിലയില്‍ വില്‍പ്പനക്കോ കൈമാറ്റത്തിനോ വാടകക്കോ നല്‍കാം എന്ന് തീരുമാനിച്ചിട്ടും ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരാത്ത സ്ഥിതിവിശേഷം.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശി ജോലിക്കാരെന്നാണ് പുതിയ നിയമം. അഥവാ 10 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഏഴ് പേരും സ്വദേശികളായിരിക്കണം. ഈ നിയമം പൂര്‍ണമായും നടപ്പിലായാല്‍ നൂറോളം രാജ്യങ്ങളിലെ വിദേശികള്‍ ജോലി ചെയ്യുന്ന സഊദിയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികളെയാണ്. 11 ലക്ഷത്തിലധികം മലയാളികള്‍ ജോലി ചെയ്യുന്ന ഇവിടെ ബഖാല, സ്‌പെയര്‍പാര്‍ട്‌സ് കട, സൂപ്പര്‍മാര്‍ക്കറ്റ്, റെഡിമെയ്ഡ് വസ്ത്രക്കട തുടങ്ങിയവയിലാണ് കൂടുതലും മലയാളികളുള്ളത്.

ജ്വല്ലറി, മൊബൈല്‍ ഷോപ്പ്, ലേഡീസ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ നേരത്തേ തന്നെ സ്വദേശീവത്കരിച്ചിരുന്നു. ഈ മുഹര്‍റം ഒന്ന് (ഇന്നലെ) മുതല്‍ 12 വ്യാപാര മേഖലകളില്‍ കൂടി സ്വദേശി വത്കരണം നിര്‍ബന്ധമായി. വസ്ത്രങ്ങള്‍, വാഹനങ്ങള്‍, പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നീ മേഖലകളിലെ 20 ഓളം ഇനങ്ങളിലാണ് ഒന്നാം ഘട്ടമെന്ന നിലയില്‍ മുഹര്‍റം ഒന്ന് മുതല്‍ നിലവില്‍ വന്നത്. പുരുഷന്‍മാരുടെയും കുട്ടികളുടെയും തുണിത്തരങ്ങള്‍, കായിക വസ്ത്രങ്ങള്‍, സൈനിക വസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പര്‍ദ, രോമ വസ്ത്രങ്ങള്‍, ടൈ, സോക്‌സ്, കുടകള്‍, പാദരക്ഷകള്‍, സുഗന്ധദ്രവ്യങ്ങള്‍, സോപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, തൊപ്പി, തസ്ബീഹ് മാലകള്‍, ചെടികള്‍ തുടങ്ങി ഒരു കുടക്കീഴില്‍ ചില്ലറ വില്‍പ്പന നടത്തുന്ന കടകളും മൊത്ത വ്യാപാര സ്ഥാപനങ്ങളുമാണ് വസ്ത്രങ്ങള്‍ എന്ന ഇനത്തില്‍ പെടുക.

നാല് ചക്രവാഹനങ്ങള്‍, ആംബുലന്‍സ്, ബസ്, ട്രൈലര്‍, മോട്ടോര്‍സൈക്കിള്‍ തുടങ്ങിയവയുടെ വില്‍പ്പന, കമ്മീഷന്‍ അടിസ്ഥാനത്തില്‍ വാഹന വില്‍പന, പഴയ സാധന വില്‍പ്പന കേന്ദ്രത്തിലെ വാഹന ലേലം എന്നിവയാണ് വാഹന വില്‍പ്പന പരിധിയില്‍ വരുന്നത്. വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ഉപകരണങ്ങള്‍ എന്നിവ ഫര്‍ണിച്ചര്‍ ഇനത്തില്‍ പെടുന്നു. പാത്രങ്ങളുടെ ഇനത്തില്‍ പെടുക അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങളും കത്തി, സ്പൂണ്‍ തുടങ്ങി അനുബന്ധ വസ്തുക്കളും ഗ്ലാസ് പാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയാണ്.

മേല്‍പറഞ്ഞ ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളിലെ നിയമം നടപ്പിലാകുന്നത് മുഹര്‍റം ഒന്ന് മുതലാണെങ്കില്‍ വാച്ച്, കണ്ണട, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ റബീഉല്‍ അവ്വല്‍ ഒന്ന് (നവംബര്‍ 10) നും മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറി, വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ്, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പ്പറ്റ് തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ജമാദുല്‍ അവ്വല്‍ ഒന്ന് (2019 ജനുവരി 1)നുമാണ് സഊദി വത്കരണനിയമം നടപ്പില്‍ വരിക. ഇത്തരം സ്ഥാപനങ്ങളില്‍ മാനേജര്‍, സെയില്‍സ് റെപ്രസെന്റേറ്റീവ്, പര്‍ച്ചേസ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍, അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ തസ്തികകളില്‍ സ്വദേശികളായിരിക്കണം. എന്നാല്‍, കടയുമായി ബന്ധപ്പെട്ട ഇതല്ലാത്ത മറ്റു ജോലികള്‍ (ക്ലീനിംഗ് പോലോത്തവ) ചെയ്യാന്‍ വിദേശികളെ നിയമിക്കാവുന്നതാണ്.

വര്‍ഷങ്ങളായി നല്ല നിലയില്‍ നടത്തിവരുന്ന വിദേശികളുടെ കച്ചവട സ്ഥാപനങ്ങള്‍ ഭൂരിഭാഗവും അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വിറ്റഴിക്കല്‍ വില്‍പ്പനയും ആദായ വില്‍പ്പപനയുമൊക്കെ നടക്കുന്നു. കടകള്‍ വില്‍പ്പനക്കും കൈമാറ്റത്തിനും നല്‍കാന്‍ പലരും മാസങ്ങളായി നടത്തുന്ന ശ്രമം വിജയിക്കുന്നില്ല. അവസാനമായി അടച്ചുപൂട്ടി നാടുപിടിക്കാനുള്ള ശ്രമത്തിലാണ്. അപൂര്‍വമായെങ്കിലും വില്‍പന നടക്കുന്ന സ്ഥാപനങ്ങള്‍ക്കാവട്ടെ തുച്ഛമായ വിലയാണ് ലഭിക്കുന്നത്. ഭീമമായ നഷ്ടത്തിന് കടകള്‍ വിറ്റൊഴിവാക്കിയവരും ധാരാളമാണ്. സ്വദേശിവത്കരണം നിയമമായ സ്ഥാപനങ്ങളില്‍ വിദേശികള്‍ പിടിക്കപ്പെട്ടാലും നിയമങ്ങള്‍ ലംഘിച്ചാലും ഭീമമായ തുകയാണ് പിഴയായി ഈടാക്കുന്നത്.

ജ്വല്ലറി, മൊബൈല്‍ഷോപ്പ്, പച്ചക്കറി, സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കട തുടങ്ങിയവയില്‍ സ്വദേശിവത്കരണം നടപ്പിലാക്കിയപ്പോള്‍ നിയമം ലംഘിച്ച് ഇവിടങ്ങളില്‍ ജോലി ചെയ്ത വിദേശികള്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തിയിരുന്നു. പല മലയാളികളും ഈ രൂപത്തില്‍ പിടിക്കപ്പെടുകയും പച്ചക്കറിക്കടകള്‍ വരെ ഒഴിവാക്കേണ്ടി വന്നിട്ടുമുണ്ട്. നിലവില്‍ വിദേശികള്‍ നടത്തിവരുന്ന ബഖാല, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബൂഫിയ, തസാലി, ഫാസ്റ്റ്ഫുഡ് കടകള്‍, ബാര്‍ബര്‍ഷോപ്പ്, മത്സ്യക്കട, ഹോട്ടല്‍, ലോന്‍ട്രി, തുടങ്ങിയവ സഊദിവത്കരണ പട്ടികയില്‍ വന്നിട്ടില്ലെങ്കിലും ലെവി ഉള്‍പ്പടെയുള്ള സാമ്പത്തിക ഭാരവും ബലദിയ്യ (നഗരസഭ) അധികൃതരുടെ നിരന്തര പരിശോധനകളും മൂലം പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുകയാണ്. പരിശോധകര്‍ സ്ഥാപനത്തില്‍ കയറിയാല്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

കടകളുടെ റുഖ്‌സ (ലൈസന്‍സ്) പുതുക്കണമെങ്കില്‍ ബലദിയ്യ അധികൃതര്‍ പറയുന്ന പരിഷ്‌കരണങ്ങള്‍ പാലിച്ചിരിക്കണം. അതാകട്ടെ സാമ്പത്തിക ഭാരം കൂടിയതായിരിക്കും. അത് കാരണം ലൈസന്‍സ് പുതുക്കാന്‍ താമസിച്ചാല്‍ പിഴയും ചുമത്തും. പിഴ അടച്ചില്ലെങ്കില്‍ കട അടച്ചുപൂട്ടും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിയാദിലെ ബത്ഹയില്‍ കേരള മാര്‍ക്കറ്റിലെ നിരവധി കടകള്‍ അധികൃതര്‍ സീല്‍ചെയ്യുകയുണ്ടായി. പലദിവസങ്ങളിലും ഹര്‍ത്താലിനെ ഓര്‍മിപ്പിക്കുംവിധം അധികൃതര്‍ പരിശോധനക്ക് വരുമ്പോള്‍ കടകള്‍ അടഞ്ഞുകിടക്കുന്നതായി കാണാം. ബഖാല, മിനി മാര്‍ക്കറ്റുകള്‍ എന്നിവയില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍ക്കുന്ന ഇനങ്ങള്‍ സോപ്പ്, പേസ്റ്റ്, ഷാംപു തുടങ്ങിയവ വില്‍ക്കാന്‍ പാടില്ല. 100 മീറ്ററില്‍ താഴെയുള്ള കടയാണെങ്കില്‍ സിഗരറ്റ് വില്‍പ്പന പാടില്ല. ഇവ പിടിക്കപ്പെട്ടാല്‍ 10,000 മുതല്‍ 20,000 റിയാല്‍ വരെ പിഴ ചുമത്തുന്നു. ഇങ്ങനെയൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കഷ്ടപ്പെട്ട് മുന്നോട്ടുപോകാമെന്ന് വെച്ചാല്‍ ഇഖാമ പുതുക്കല്‍, ലെവി, ഇന്‍ഷ്വര്‍ തുടങ്ങിയ ചെലവുകള്‍ താങ്ങാവുന്നതിനുമപ്പുറമാണ്. ഇഖാമ പുതുക്കണമെങ്കില്‍ പ്രതിമാസം 400 റിയാല്‍ വെച്ച് ഒരുവര്‍ഷത്തേക്ക് 4,800 റിയാല്‍ ലെവി അടക്കണം. 2019ല്‍ ഇത് പ്രതിമാസം 600 വെച്ച് വര്‍ഷത്തില്‍ 7,200 റിയാലും 2020ല്‍ 800 റിയാല്‍ കണക്കില്‍ വര്‍ഷത്തില്‍ 9,600 റിയാലും വരും. മെഡിക്കല്‍, ഇന്‍ഷ്വര്‍, സ്‌പോണ്‍സര്‍ തുക എന്നിവ കൂടാതെയാണ് ഒരു വര്‍ഷത്തില്‍ ഒരാള്‍ക്ക് ഇത്രയും ഭീമമായ തുക ഒടുക്കേണ്ടിവരിക. ഇങ്ങനെയൊക്കെയായാല്‍ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്.

കച്ചവട സ്ഥാപനങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ കമ്പനികളും ഫാക്ടറികളും സ്‌കൂളുകളും മറിച്ചല്ല. കമ്പനികള്‍ പലതും അടച്ചുപൂട്ടി. ലക്ഷത്തോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സഊദി ഓജര്‍ കമ്പനി ചരിത്രത്തിന്റെ ഭാഗമായി. പല കമ്പനികളിലും മാസങ്ങളായി ശമ്പളമില്ലാതെ, ഇഖാമ പുതുക്കാതെ വിദേശ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. മേല്‍പറഞ്ഞ രൂപത്തില്‍ സഊദിവത്കരണവും സാമ്പത്തിക അധിക ഭാരവും മൂലം കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. കുടുംബമായി കഴിഞ്ഞവരില്‍ നല്ലൊരു വിഭാഗം ലെവി ഉള്‍പ്പടെയുള്ള ഭാരം താങ്ങാനാകാതെ നാട്ടിലേക്ക് മടങ്ങി. ഇക്കഴിഞ്ഞ സ്‌കൂള്‍ അധ്യയന വര്‍ഷാരംഭത്തോടെ കുടുംബമായി കഴിഞ്ഞിരുന്നവരില്‍ പലരും അവരുടെ മക്കളെ നാട്ടിലെ സ്‌കൂളുകളില്‍ ചേര്‍ത്തി.

സ്‌കൂളുകള്‍ 11 ശതമാനം സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. മലയാളികളുടെ മാനേജ്‌മെന്റില്‍ നടക്കുന്ന സ്‌കൂളുകള്‍ പലതും പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുകയാണ്. കര്‍ശന നിയമവും തൊഴില്‍ പ്രതിസന്ധിയും മൂലം കുടുംബ സമേതം താമസിച്ച പ്രവാസികള്‍ കുടുംബത്തെ നാട്ടിലേക്കയച്ചത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. എംബസികളുടെ കീഴിലുള്ള സ്‌കൂളുകളില്‍ പോലും നല്ല ശതമാനം വിദ്യാര്‍ഥികളുടെ കുറവാണുണ്ടായത്. ഇതു കാരണം ആയിരക്കണക്കിന് വിദേശ അധ്യാപകര്‍ ജോലി ചെയ്യുന്ന സ്‌കൂളുകളില്‍ നിരവധി അധ്യാപകര്‍ തൊഴില്‍ രഹിതരായി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസികളില്‍ പലരും പ്രതീക്ഷ കൈവെടിയുന്നില്ല. നേരത്തെ നൂറ് ശതമാനം നടപ്പിലാക്കുമെന്ന് പറഞ്ഞ സഊദിവത്കരണം 70 ശതമാനമായി കുറച്ചതും ഫാമിലി സന്ദര്‍ശന വിസക്ക് 2,000 റിയാലാക്കിയത് 300 ആക്കി കുറച്ചതും തീരുമാനങ്ങളില്‍ മാറ്റം വരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയം സ്വദേശിവത്കരണത്തെയോ പരിശോധനയെയോ കുറ്റപ്പെടുത്താതെ നിയമം രാജ്യനന്മക്ക് വേണ്ടിയാണെന്ന ബോധത്തോടെ സംസാരിക്കുന്നവരുമുണ്ട്. ഒരുപാട് കാലം ഈ രാജ്യം അന്നത്തിനുള്ള വക തന്നു. ലഭ്യമായ സമ്പാദ്യമെല്ലാം ഈ രാജ്യം തന്നതല്ലേ. എല്ലാം ഒരു നന്മക്ക് വേണ്ടിയാകാം എന്ന് പറഞ്ഞ് ആശ്വസിക്കിമ്പോഴും പ്രതീക്ഷ കൈവെടിയുന്നില്ല പ്രവാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here