ബിഷപ്പിനെതിരായ ആരോപണം

Posted on: September 12, 2018 9:34 am | Last updated: September 12, 2018 at 9:34 am

ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം ശക്തിയാര്‍ജ്ജിച്ചു വരികയാണ്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ആരംഭിച്ച സമരത്തിന് പിന്തുണ അറിയിച്ചു കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും മതസാമൂഹിക നേതാക്കളും രംഗത്ത് വന്നതോടെ സര്‍ക്കാറും ക്രിസ്ത്രീയ സഭകളും കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കയാണ്. ബിഷപ്പിനെ ജലന്ധറില്‍ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇത് അന്വേഷണോദ്യോഗസ്ഥരും ബിഷപ്പും തമ്മിലുള്ള ഒത്തു കളിയാണെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. ഫ്രാങ്കോ മുളക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കും കത്തയച്ചിരിക്കയുമാണ്.
പ്രശ്‌നത്തില്‍ ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട്. കന്യാസ്ത്രീ പരാതി നല്‍കിയ ആഗസ്റ്റ് 13ന്് ശേഷമുള്ള ഒരു മാസം പോലീസ് ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജീവന് ഭീഷണിയുണ്ടെന്ന് പറയുന്ന പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും സാക്ഷികളായ മറ്റു കന്യാസ്ത്രീകളുടേയും സുരക്ഷ ഉറപ്പു വരുത്തിയോയെന്നും കോടതി ചോദിക്കുന്നു. കന്യാസ്ത്രീക്ക് സുരക്ഷ നല്‍കണമെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിന്മേലാണ് കോടതി വിശദീകരണം തേടിയത്.

2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തില്‍ വെച്ചാണ് ബിഷപ്പ് ആദ്യമായി പീഡിപ്പിച്ചതെന്നും പിന്നീട് രണ്ട്‌വര്‍ഷത്തോളം ബിഷപ്പിന്റെ പീഡനം തുടര്‍ന്നുവെന്നും ജൂണ്‍ അവസാനത്തിലാണ് കന്യാസ്ത്രീ വെളിപ്പെടുത്തിയത്. ബിഷപ്പ് സഭയിലെ പല കന്യാസ്ത്രീകളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും അത് മേലധികാരികള്‍ക്ക് പോലും അറിയാമെന്നും ഇവര്‍ പറയുന്നു. പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ പല കുടുംബങ്ങള്‍ക്കും പണം നല്‍കി ഒതുക്കുകയായിരുന്നുവെന്നും ഇവരുടെ ദുരിതം വിവരിക്കുന്ന കത്തുകള്‍ തന്റെ കൈവശമുണ്ടെന്നും കന്യാസ്ത്രീ അവകാശപ്പെടുന്നു. ജലന്ധര്‍ ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്ന് പാലാ ബിഷപ്പ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ടത്രേ. ആരോപണം തെളിയിക്കാന്‍ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ കന്യാസ്ത്രീയുടെ പക്കലുണ്ടെന്ന് ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ മാധ്യമങ്ങളെ അറിയിക്കുകയുമുണ്ടായി.

അതേസമയം, ജലന്ധര്‍ രൂപതയില്‍ വൈദികരും ബിഷപ്പും തമ്മിലുള്ള രൂക്ഷമായ ഭിന്നതയുടെ ഭാഗമാണ് പീഡനപരാതി എന്നും പറയപ്പെടുന്നു. കന്യാസ്ത്രീയെ ആയുധമാക്കി ബിഷപ്പിനെ കേസില്‍ കുടുക്കാനാണ് വൈദികരുടെ നീക്കമെന്നും ഇത് മുന്‍കൂട്ടി മനസ്സിലാക്കിയാണ് ബിഷപ്പ് കന്യാസ്ത്രീക്കെതിരെ പോലീസിന് പരാതി നല്‍കിയതെന്നുമാണ് ബിഷപ്പ് പക്ഷം പറയുന്നത്. പരാതിക്കാരിയായ സ്ത്രീക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവത്രേ. അതിനുള്ള പ്രതികാരമായാണ് തനിക്കെതിരെ പീഡനം ആരോപിക്കുന്നതെന്നാണ് ബിഷപ്പ് വ്യക്തമാക്കുന്നത്. ബിഷപ്പ് രക്ഷാധികാരിയായ സന്യാസിനി സമൂഹത്തിലെ ഉന്നത സ്ഥാനത്തിരുന്ന ആളായിരുന്നു പരാതിക്കാരി. ഗ്രൂപ്പ് കളിയുടെ ഭാഗമായതോടെ പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ അവരെ നീക്കുകയും പുതിയ മേലധികാരി ചുമതലയേല്‍ക്കുകയും ചെയ്തുവത്രേ. കന്യാസ്ത്രീക്കെതിരെ നേരത്തെ തന്നെ ഗുരുതരമായ സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പ് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നതായും ബിഷപ്പ് വിശദീകരിക്കുന്നു.

ക്രിസ്തീയ സഭക്കകത്ത് ലൈംഗിക പീഡനാരോപണം ഇതാദ്യമല്ല. കുമ്പസാര വേളയില്‍ ഒരു വീട്ടമ്മ തുറന്നു പറഞ്ഞ രഹസ്യങ്ങള്‍ ഉപയോഗപ്പെടുത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി അഞ്ച് വൈദികര്‍ക്കെതിരെ പരാതി ഉയര്‍ന്നത് അടുത്തിടെയാണ്. എന്നാല്‍, ഒരു ബിഷപ്പിനെതിരെ ലൈംഗികാരോപണം സംസ്ഥാനത്തെ സഭകളുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇതോടൊപ്പം കന്യാസ്ത്രീകള്‍ കൂട്ടത്തോടെ ബിഷപ്പിനെതിരെ പരസ്യമായി സമരവേദിയില്‍ ഇറങ്ങിയതും സഭയെ വിഷമത്തിലാക്കിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ് സൂസപാക്യം അഭിപ്രായപ്പെട്ടത് പോലെ ഇത് സഭക്ക് അപമാനകരവും വേദനാജനകവുമാണ്. ഇക്കാര്യത്തില്‍ സത്യസന്ധവും നീതിപൂര്‍വകവുമായ അന്വേഷണം ആവശ്യമാണ്. ബിഷപ്പ് കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടി സ്വീകരിക്കണം. നിരപരാധിയെങ്കില്‍ ആരോപിതയായ കന്യാസ്ത്രീക്കെതിരെ നടപടികള്‍ ഉറപ്പാക്കണം. നീതി ഉറപ്പാക്കാന്‍ സഭാ നേതൃത്വം തന്നെ മുന്നോട്ട് വരികയും അന്വേഷണോദ്യോഗസ്ഥര്‍ക്ക് നിര്‍ലോഭമായ പിന്തുണ നല്‍കുകയും വേണം. മിഷണറീസ് ഒാഫ് ജീസസ് ഇക്കാര്യത്തില്‍ എടുത്ത നിലപാട് പ്രതിലോമപരമായിപ്പോയി. കന്യാസ്ത്രീയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും ബിഷപ്പ് നിരപരാധിയാണെന്നും ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു സംഘടന. പോലീസ് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെ തിടുക്കപ്പെട്ടുള്ള ഈ പ്രസ്താവന കുറ്റവാളിയെ സംരക്ഷിക്കാന്‍ സഭാനേതൃത്വം ശ്രമിക്കുകയാണെന്ന ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കും. ഈ വിവാദത്തിന്റെ പേരില്‍ ക്രിസ്ത്രീയ സഭകളെ മൊത്തം പ്രതിക്കൂട്ടിലാക്കാനും ആചാരങ്ങളെ അവഹേളിക്കാനുമുള്ള ശ്രമം അംഗീകരിക്കാനാകില്ല. ഒരു വ്യക്തിയുടെ വേണ്ടാത്തരങ്ങള്‍ക്ക് അയാളുടെ സംഘടനയോ സമുദായമോ ഉത്തരവാദിയല്ലല്ലോ.