Connect with us

Kerala

പ്രളയക്കെടുതി: കേരളം രാജ്യത്തിന് മാതൃക- കാന്തപുരം

Published

|

Last Updated

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചവരെ ജാതി മത രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം ചേര്‍ത്തുപിടിച്ച മലയാളികള്‍ രാജ്യത്തിന് തന്നെ മാതൃകയാണന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പറഞ്ഞു. പ്രളയബാധിത മേഖലകളില്‍ സേവനം ചെയ്ത എഴുനൂറോളം വളണ്ടിയര്‍മാരെ അനുമോദിക്കുന്നതിനായി എസ് വൈ എസ് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേമാരിയിലും ഉരുള്‍പൊട്ടലിലും സഹജീവികള്‍ക്കായി സ്വന്തം സുരക്ഷ പോലും മറന്ന് സേവനം ചെയ്ത എസ് വൈ എസ് വളണ്ടിയര്‍മാരെ കാന്തപുരം പ്രശംസിച്ചു. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ തണലുണ്ടാകും. നമ്മുടെ കടമയാണ് നിങ്ങള്‍ നിര്‍വഹിച്ചത്. ഇസ്‌ലാം പഠിപ്പിക്കുന്നതിതാണ്. ഇനിയും ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഞങ്ങള്‍ സേവന രംഗത്തുണ്ടാകുമെന്ന് കാന്തപുരം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നേരത്തെ ദുരിതബാധിത പ്രദേശങ്ങളില്‍ കാന്തപുരം സന്ദര്‍ശനം നടത്തി. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിനാളുകള്‍ തങ്ങളുടെ സങ്കടങ്ങള്‍ കാന്തപുരത്തോട് പറഞ്ഞു. അച്ചൂര് മേല്‍മുറിയില്‍ തടിച്ചുകുടിയ ജനങ്ങളുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തി. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി അത്ഭുതകരമായി രക്ഷപ്പെട്ട തൊണ്ണൂറ് ദിവസം പ്രായമായ കുഞ്ഞിനെയുമായാണ് പൊഴുതന ആനോത്ത് ഒരു കുടുംബം കാന്തപുരത്തെ കണ്ടത്. പ്രാര്‍ഥനയാണ് നമ്മുടെ ഏറ്റവും വലിയ ആയുധമെന്നും ഈ പ്രതിസന്ധികളേയെല്ലാം അതിജീവിക്കാന്‍ അല്ലാഹു നമുക്ക് കരുത്ത് നല്‍കട്ടേയെന്നും തടിച്ചുകൂടിയ ജനങ്ങളോട് കാന്തപുരം പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തി ല്‍ പി ഹസന്‍ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു.

Latest