Connect with us

Ongoing News

ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാരുടെ ആദ്യസംഘം ഇന്നെത്തും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്രപോയ ഹാജിമാരുടെ ആദ്യസംഘം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ഉച്ചക്ക് ഒരു മണിക്കുള്ള സഊദി എയര്‍ലൈന്‍സിലാണ് 410 ഹാജിമാരെത്തുന്നത്. വൈകീട്ട് ആറിന് രണ്ടാമത്തെ ഹാജിമാരുടെ സംഘവും എത്തും.

തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ഹജ്ജ് സെല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ഹാജിമാരെ സ്വീകരിക്കും. മടങ്ങിയെത്തുന്ന ഹാജിമാരില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം സ്വീകരിക്കുന്നതിന് വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സഊദി എയര്‍ലൈന്‍സിന്റെ 30 വിമാനങ്ങളിലാണ് ഹാജിമാരുടെ മടക്കയാത്ര. 26 വിമാനങ്ങളില്‍ 410 വീതവും രണ്ട് വിമാനങ്ങളില്‍ 409 പേര്‍ വീതവും ഒരു വിമാനത്തില്‍ 381 പേരും മറ്റൊരു വിമാനത്തില്‍ 154 പേരുമാണുണ്ടാകുക. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരാണ് നെടുമ്പാശ്ശേരി വഴി തിരിച്ചെത്തുന്നത്. ഹാജിമാര്‍ക്കുള്ള സംസം വെള്ളം നേരത്തെ തന്നെ വിമാനത്താവളത്തിലെ ടി-3 ടെര്‍മിനലില്‍ സൂക്ഷിച്ചിട്ടുണ്ട്. ലഗേജിന്റെ കൂടെ സംസം വെള്ളവും കൈമാറും. അഞ്ച് ലിറ്റര്‍ വീതമുള്ള 12,000 ക്യാനുകളിലാണ് സംസം വെള്ളം എത്തിച്ചത്. ഹാജിമാരെ സഹായിക്കാന്‍ 50 അംഗ വളണ്ടിയര്‍മാരുടെ സേവനം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹാജിമാരുടെ മടക്കയാത്ര സംബന്ധിച്ച് സിയാല്‍ അധികൃതര്‍, ഹജ്ജ് കമ്മിറ്റി , കസ്റ്റംസ്, എമിഗ്രേഷന്‍, സി ഐ എസ് എഫ് എന്നിവരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
ഇത്തവണ ഇന്ത്യയില്‍ നിന്ന് 1,75,025 ഹാജിമാരാണ് വിശുദ്ധ ഹജ്ജ് നിര്‍വഹിച്ചത്. ഹജ്ജ് കമ്മിറ്റി മുഖേനെ കേരളത്തില്‍ നിന്ന് 12,013 പേരാണ് പോയത്. ഇത്തവണ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെയുള്ള ഹാജിമാര്‍ ഹജ്ജിന് പുറപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോയ ഹാജിമാര്‍ നേരത്തെ മടക്കമാരംഭിച്ചിരുന്നു.

Latest