Connect with us

International

ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ശരീഫിന് പരോള്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും മകള്‍ മറിയത്തിനും മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിനും പരോള്‍ അനുവദിച്ചു. ശരീഫിന്റെ ഭാര്യ ഖുല്‍സൂം നവാസിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് 12 മണിക്കൂറാണ് പരോള്‍ അനുവദിച്ചത്. 68 കാരിയായ ഖുല്‍സൂം നവാസ് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ തൊണ്ടയിലെ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

ഖുല്‍സൂം നവാസിന്റെ തൊണ്ടയില്‍ അര്‍ബുദമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് നിരവധി ശസ്ത്രക്രിയകള്‍ നടത്തുകയും അഞ്ച് കീമോകള്‍ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. 1971ലാണ് നവാസ് ശരീഫ് കുല്‍സൂമിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. മര്‍യം, അസ്മ, ഹസന്‍, ഹുസൈന്‍. നവാസ് ശരീഫും അവരുടെ മകള്‍ മറിയവും മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറും അഴിമതിക്കേസില്‍ കഴിഞ്ഞ ജൂലൈ മുതല്‍ റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുകയാണ്.

നവാസിന്റെ രാജിയെത്തുടര്‍ന്ന് 2017ല്‍ എംപിയായി മത്സരിച്ചു ജയിച്ചെങ്കിലും ലണ്ടനില്‍ ചികിത്സയിലായതിനാല്‍ ഖുല്‍സുമിനു സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.