കന്യാസ്ത്രീക്ക് അവഹേളനം: പിസി ജോര്‍ജ് എംഎല്‍എയോട് വിശദീകരണം തേടും- സ്പീക്കര്‍

Posted on: September 11, 2018 3:06 pm | Last updated: September 12, 2018 at 9:56 am
SHARE

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയോട് വിശദീകരണം ചോദിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമക്യഷ്ണന്‍. നിയമസഭാഗം നിയമ വ്യവസ്ഥയെ അവഹേളിക്കും വിധം സംസാരിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.

ജലന്തര്‍ ബിഷപ്പിനെതിരെ ലൈംഗി ക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുംവിധം ഇന്നലേയും പിസി ജോര്‍ജ് സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയോട് വെല്ലുവിളി നടത്താനും ജോര്‍ജ് തയ്യാറായി. 20ന് രാവിലെ ഡല്‍ഹിയിലെ കമ്മിഷന്‍ ആസ്ഥാനത്തെത്തി വിശദീകരണം നല്‍കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യാത്രാ ബത്ത തന്നാലെ ഡല്‍ഹിയിലേക്ക് വരുവെന്നും അല്ലാത്ത പക്ഷം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കേരളത്തിലേക്ക് വന്ന വിശദീകരണം കേള്‍ക്കണമെന്നുമാണ് പിസി ജോര്‍ജിന്റെ നിലപാട്. ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം പടരുകയാണ്.