പ്രബുദ്ധ കേരളത്തിലെ കന്യാസ്ത്രീകള്‍

കന്യാസ്ത്രീക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ ആള്‍ദൈവ ആത്മീയതയുടെ ഭാഗമായി കണ്ടുകൂടാ. ലോകത്ത് എമ്പാടുമുള്ള ക്രിസ്തീയ സഭയും അതിന്റെ പ്രവര്‍ത്തനങ്ങളും പാരമ്പര്യമായി നിലനില്‍ക്കുന്നതാണ്. അതിനെ നയിക്കുന്ന ആത്മീയ ചട്ടക്കൂടിന് ആഗോളാടിസ്ഥാനത്തില്‍ ബന്ധമുണ്ട്. മതം പഠിപ്പിക്കുന്ന പാഠങ്ങളില്‍ ഏത് രീതിയിലാണ് സഭാ വിശ്വാസികള്‍ ജീവിക്കേണ്ടത് എന്നതിന് മാര്‍ഗരേഖകള്‍ ഉണ്ട്. അതിനുള്ളില്‍ തങ്ങളുടെ ദൈവിക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവരുണ്ട്. എന്നാല്‍, പലപ്പോഴും ഇത്തരം ഇടങ്ങളില്‍ നിന്നും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീ ജീവിതങ്ങളുടെ വിലാപങ്ങള്‍ കേള്‍ക്കാറുണ്ട്. നിലവില്‍ ബിഷപ്പ് ഫ്രാങ്കോക്കെതിരെ കന്യാസ്ത്രീ ഉയര്‍ത്തിയ പരാതിയുടെ അടിസ്ഥാനവും ഇതു തന്നെ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത്?
Posted on: September 11, 2018 10:31 am | Last updated: September 11, 2018 at 10:31 am
SHARE

ജൂണ്‍ അവസാന വാരത്തിലാണ് യു എന്നിന്റെയും മനുഷ്യാവകാശ സംഘടനയായ വാക്ക് ഫ്രീ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ നടന്ന സര്‍വേ ഫലം പുറത്ത് വന്നത്. അതില്‍ ലോകത്ത് സ്ത്രീകള്‍ക്ക് ജീവിതം അപകടമായ രാജ്യമായി കണ്ടെത്തിയത് ഇന്ത്യയെയാണ്. മറ്റ് രണ്ട് രാജ്യങ്ങള്‍ ലിബിയയും മ്യാന്‍മാറും. 2007 മുതല്‍ 2016 വരെ രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 80 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണ്ടെത്തിയത്. 2016ല്‍ മാത്രം 40,000 ബലാത്സംഗങ്ങള്‍. ഇന്ത്യയിലെ നാഷനല്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ 2017ല്‍ 70 ശതമാനം ലൈംഗിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. അതായത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഏറ്റവും വലിയ സ്ത്രീ വിരുദ്ധത സംഭവിച്ച് കൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് സംഭവിക്കുന്നു എന്ന അന്വേഷണത്തിന് വലിയ പ്രസക്തിയില്ലെങ്കിലും ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നതിന് പിന്നിലെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു.
മേല്‍പ്പറഞ്ഞ സര്‍വേയില്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ 21 സംസ്ഥാനങ്ങളില്‍ നിന്നും പല കാരണത്താലും കേരളം വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട്. അത് രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ സാമൂഹികാവസ്ഥകളുമായി ബന്ധപ്പെട്ടാണ് വിലയിരുത്തപ്പെടാറ്. രാഷ്ട്രീയമാണ് അതിന് പിന്നിലെ പ്രധാന കാരണമെങ്കിലും. നമ്മുടെ വിദ്യാഭ്യാസ സാക്ഷരതയും ആരോഗ്യരംഗത്തെ വളര്‍ച്ചയും സാമുദായിക പ്രസ്ഥാനങ്ങളുടെ ഇടപെടലും ഇതിനെ സ്വാധീനിച്ച ഘടകങ്ങള്‍ ആണ്. രാഷ്ട്രീയമായി നിരന്തരം നവീകരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതരായി നില്‍ക്കേണ്ടത് ആ സമൂഹത്തിലെ സ്ത്രീകള്‍ തന്നെയാണ്. സ്ത്രീ സുരക്ഷിതത്വം എന്നത് അവരുടെ ഭൗതിക ജീവിത സാഹചര്യങ്ങളെ വളര്‍ത്തിക്കൊണ്ടുവരിക എന്നത് മാത്രമല്ല. അവര്‍ ഇടപെടുന്ന എല്ലാ മേഖലകളിലും സുരക്ഷിതമായി നില നില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകണം. തൊഴിലിടമായാലും മതവേദിയായാലും രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തായാലും അത് സാധ്യമാകണം. നിലവില്‍ ഇത്തരം രംഗങ്ങളില്‍ സ്ത്രീകള്‍ ലൈംഗീകമായി ആക്രമിക്കപ്പെടുന്നു എന്നതാണ് സത്യം. അതും മുകളില്‍ പറഞ്ഞ പ്രബുദ്ധ കേരളത്തില്‍.
ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്തു വരുന്ന രണ്ട് ലൈംഗിക ആരോപണങ്ങള്‍ ആണ് ബിഷപ്പ് ഫ്രാങ്കോയുമായും ഷൊര്‍ണൂര്‍ എം എല്‍ എ ശശിയുമായും ബന്ധപ്പെട്ടത്. ഒന്ന് മത മേഖലയില്‍ ആണെകില്‍ മറ്റൊന്ന് രാഷ്ട്രീയത്തിലാണ്. രണ്ടും സമൂഹത്തില്‍ മാതൃകാപരമായി ഇടപെടുന്ന രംഗങ്ങള്‍; എന്നിട്ടും എന്തുക്കൊണ്ട് ഇത്തരം സാമൂഹിക വിരുദ്ധ നീക്കങ്ങളിലേക്ക് ഇവര്‍ നീങ്ങുന്നു? ഇവിടെ രണ്ട് പേരും പ്രതിനിധാനം ചെയ്യുന്ന മതവും രാഷ്ട്രീയവും ദൈനംദിന ജീവിതത്തില്‍ നടത്തുന്ന ഇടപെടലുകളെ കുറിച്ച് നല്ല ബോധ്യമുള്ളവരാണ് മലയാളികള്‍. എന്നിട്ടും ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് അതിന്റെ പ്രാധാന്യത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നത് അതിശയം തോന്നാവുന്ന കാര്യമാണ്. അതേസമയം തങ്ങള്‍ തിരഞ്ഞെടുത്ത പ്രവര്‍ത്തന മണ്ഡലങ്ങളെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാണുവരെ സംബന്ധിച്ച് അതൊരു വിഷയമേയല്ല. അവിടെ ആത്മീയത സ്ത്രീവിരുദ്ധതയുടെ ഭാഗമാകുന്നു.
ആത്മീയ രംഗത്തെ സ്ത്രീവിരുദ്ധത
ആള്‍ദൈവങ്ങള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ലൈംഗികചൂഷണം തന്നെയാണ്. അതിന്റെ നിരവധി തെളിവുകള്‍ നിരന്തരം പുറത്ത് വരികയാണ്. ചിലര്‍ ഇതിനകം അഴി എണ്ണി തുടങ്ങിയിട്ടുണ്ട്. ഇത്തരം ആത്മീയ ആചാര്യന്മാര്‍ നിലവിലെ നിയമ വ്യവസ്ഥകളെ നിരാകരിച്ചുകൊണ്ടാണ് തങ്ങളുടെ ആധിപത്യങ്ങള്‍ സ്ഥാപിച്ചെടുക്കാറ്. ഇവരെ സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്ക് ചെറുതല്ല. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളും മാതാ അമൃതാനന്ദമ്മയുടെ കാല്‍കീഴില്‍ കുമ്പിടുന്നത് നാം കണ്ടതാണ്. ഉടുതുണിയില്ലാത്ത ‘സന്യാസി’മാരുടെ അരികില്‍ തലകുനിച്ച പ്രധാനമന്ത്രിയുടെ ഫോട്ടോ നാം കണ്ടതാണ്. ഇത് നല്‍കുന്ന പ്രധാന സൂചന ആത്മീയ കച്ചവടക്കാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ മേല്‍ സൂചിപ്പിച്ച ആള്‍ദൈവ ആത്മീയതയുടെ ഭാഗമായി കണ്ടു കൂടാ. ലോകത്ത് എമ്പാടുമുള്ള ക്രിസ്തീയ സഭയും അതിന്റെ പ്രവര്‍ത്തനങ്ങളും പാരമ്പര്യമായി നിലനില്‍ക്കുന്നതാണ്. അതിനെ നയിക്കുന്ന ആത്മീയ ചട്ടക്കൂടിന് ആഗോളാടിസ്ഥാനത്തില്‍ ബന്ധമുണ്ട്. മതം പഠിപ്പിക്കുന്ന പാഠങ്ങളില്‍ ഏത് രീതിയിലാണ് സഭാ വിശ്വാസികള്‍ ജീവിക്കേണ്ടത് എന്നതിന് മാര്‍ഗരേഖകള്‍ ഉണ്ട്. അതിനുള്ളില്‍ തങ്ങളുടെ ദൈവിക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം മത കേന്ദ്രീകൃത ഇടങ്ങളില്‍ നിന്നും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീ ജീവിതങ്ങളുടെ വിലാപങ്ങള്‍ കേള്‍ക്കാറുണ്ട്. നിലവില്‍ ബിഷപ്പ് ഫ്രാങ്കോക്കെതിരെ കന്യാസ്ത്രീ ഉയര്‍ത്തിയ പരാതിയുടെ അടിസ്ഥാനവും ഇതു തന്നെ. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മനുഷ്യന്റെ സാമൂഹിക ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നുണ്ട് മതവും രാഷ്ട്രീയവും. രണ്ടും വെളിച്ചത്തിന്റെ വഴികളാണ് എന്നാണ് വിശ്വാസം. ബിഷപ്പ് സഭയിലെ വെളിച്ചത്തിന്റെ അടയാളമാണ്. ആ വെളിച്ചത്തെ തങ്ങളുടെ സുരക്ഷിതത്വത്തിന്റെ കവചമായിട്ടാണ് കന്യാസ്ത്രീകള്‍ കാണുക. എന്നാല്‍, മതത്തിന്റെ ആന്ത്യന്തിക ചിന്താധാരയില്‍ നിന്നും വഴുതി ലൗകിക ജീവിതത്തിന്റെ പല തരത്തിലുള്ള ആസക്തി മനസ്സില്‍ ഉറഞ്ഞുതുള്ളുമ്പോള്‍ അവിടെ ആത്മീയതയുടെ വിശുദ്ധിയില്ല. താന്‍ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നത് പോലും മറക്കാന്‍ പാകത്തില്‍ അയാളുടെ ഉള്ളില്‍ ചീത്തമനുഷ്യന്‍ ഉണര്‍ന്നു വരികയാണ്. ഇത് കാണാന്‍ ദൈവത്തിന്റെ മണവാട്ടികള്‍ക്ക് കഴിയുന്നില്ല. കാരണം, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് അവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലല്ലോ? എന്നിട്ടും മതത്തിന്റെ കുപ്പായത്തിനുള്ളില്‍ നിന്നും സ്ത്രീവിരുദ്ധത ഇറങ്ങി വരുന്നു അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും മനോഗതികളും മറ്റൊരു വിഷയമാണ്. അതിലുപരി ആരാണ് കന്യാസ്ത്രീ എന്ന് അറിയാവുന്ന ബിഷപ്പിന് എങ്ങനെ ഈ രീതിയില്‍ തന്റെ മനസ്സിനെ പാകപ്പെടുത്താന്‍ കഴിയുന്നു എന്നതാണ് ചിന്തിക്കേണ്ടത്?
ഒരു സാധാരണ മനുഷ്യനില്‍ ഉണ്ടാകുന്ന ഭൗതിക ജീവിത ആസക്തിക്ക് പുറത്താണ് ബിഷപ്പിന്റെ മനോവിചാരങ്ങള്‍. അവിടെ അയാളെ നിരന്തരം സംസ്‌കരിച്ചെടുക്കുന്നത് ദൈവിക ബോധമാണ്. തന്റെ വിശ്വാസപ്രകാരം ദൈവത്തിന്റെ മണവാട്ടിയായ കന്യാസ്ത്രീകളെ അവര്‍ ആദരിക്കണം. എന്നിട്ടും അവിടെ നടക്കുന്നത് കവലകളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തന്നെ. ഇത് ആദ്യത്തേതല്ല. രണ്ടര പതിറ്റാണ്ട് പഴക്കമുള്ള അഭയയുടെ ഓര്‍മകള്‍ നമുക്ക് ചുറ്റും കറങ്ങി നടക്കുന്നുണ്ട്. അതിനിടയില്‍ എണ്ണിപ്പറയാന്‍ നിരവധി കേസുകള്‍. എന്നാല്‍, നിയമത്തിനു മുന്നില്‍ ഇത്തരം മതവേഷങ്ങള്‍ നിവര്‍ന്നു നില്‍ക്കുകയാണ്. ഇതിനെ നിയന്ത്രിക്കുന്ന അവിഹിത ബന്ധം മതവും അധികാര രാഷ്ട്രീയവും തമ്മിലുണ്ട്. അതാണ് നീതിക്ക് വേണ്ടി കന്യാസ്ത്രീകളെ തെരുവിലേക്ക് ഇറക്കാന്‍ കാരണമാക്കിയത് . ഇതൊക്കെ മതത്തില്‍ മാത്രമാണ് എന്ന് കരുതരുത്. രാഷ്ട്രീയത്തിലുമുണ്ട് ഇത്തരം അഴിഞ്ഞാട്ടങ്ങള്‍.
രാഷ്ട്രീയ നേതാക്കളുടെ
സ്ത്രീവിരുദ്ധ നിലപാടുകള്‍
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയരായ രാഷ്ട്രീയ നേതാക്കള്‍ നിരവധിയാണ്. മന്ത്രിക്കസേര തെറിച്ച് പോയവര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ട്. അടുത്ത കാലത്തായി ചില മാതൃകാ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ക്ക് രക്ഷാകവചമായി തീരുന്നത് അനുയായികളാണ്. ഒരര്‍ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അതിനെ കാണാം. അതേ സമയം ഇതൊരു ജീര്‍ണിച്ച സമൂഹത്തിന്റെ ഭാഗം കൂടിയാണ്. പ്രബുദ്ധ കേരളത്തില്‍ എങ്ങനെ ഇത്തരത്തിലുള്ള രാഷ്ട്രീയ ജീര്‍ണതകള്‍ക്ക് നിര്‍ഭയമായി പിന്തുണ നല്‍കാന്‍ കഴിയുന്നു? നേരത്തേതില്‍ നിന്നു വ്യത്യസ്തമായി നിലവില്‍ ഇടതുപക്ഷത്തെ എം എല്‍ എ ആണ് ആരോപണത്തിന് വിധേയമായിരിക്കുന്നത്. രാഷ്ട്രീയമായി ഇടതു പക്ഷവും വലതുപക്ഷവും വലിയ വ്യത്യാസങ്ങള്‍ ഇല്ലാത്ത കാലത്ത് പിന്നെ എന്തിന് ഇത്തരം വിശേഷണം എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. സംശുദ്ധ രാഷ്ട്രീയത്തെ കുറിച്ച് ഇടതുപക്ഷം വല്ലാതെ പറയാറുണ്ട് എന്നതു കൊണ്ടാണത്. ഈ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രധാന വിശേഷണം അതില്‍ ലിംഗപരമായ വിവേചനത്തിന് സാധ്യതയില്ല എന്നതാണ്. സ്ത്രീ പുരുഷ ഇടപെടലില്‍ ഭയപ്പെടേണ്ട. ധൈര്യമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീക്ക് അവരുടെതായ സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എം എല്‍ എ അതേ പാര്‍ട്ടിയിലെ വനിതാ നേതാവിന്റെ ആരോപണത്തിന് വിധേയനായിരിക്കുന്നു. വിഷയം ലൈംഗികത തന്നെ. ആത്മീയ ജീവിതത്തില്‍ പള്ളിയിലെ അച്ഛനും ജനാധിപത്യ രാഷ്ട്രീയത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവിനും രോഗം ഒന്നു തന്നെ. എങ്ങനെയാണ് രാഷ്ട്രീയ നേതാവിന്, എം എല്‍ എക്ക് തന്റെ സാമൂഹിക പദവിയെ അതിലംഘിക്കുന്ന തരത്തില്‍ ലൈംഗിക ആസക്തിക്ക് അടിമയാകാന്‍ കഴിയുന്നത്?
നിലവില്‍ എം എല്‍ എക്ക് എതിരെ പരാതി നല്‍കിയിരിക്കുന്നത് ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. സമാനമായ മറ്റൊരു പരാതി ഇരിങ്ങാലക്കുടയില്‍ നിന്നും വന്നിട്ടുണ്ട്. ഇതൊക്കെ ഒരു പത്രവാര്‍ത്തയിലും ചാനല്‍ ചര്‍ച്ചയിലും ഒതുങ്ങിത്തീരുമ്പോള്‍ അകം കേരളത്തില്‍ രാഷ്ട്രീയ ജീര്‍ണത വളരുന്നതിനെയാണ് നാം നിസ്സാരമായി തള്ളിക്കളയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത് പകരം വിട്ടാനുള്ള വസ്തുതകള്‍ മാത്രമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയമായപ്പോള്‍ അത് ആഘോഷമാക്കി മാറ്റിയ കമ്യൂണിസ്റ്റുകാര്‍ക്ക് എതിരെയാണ് എതിര്‍ ചേരിയുടെ ഇപ്പോഴത്തെ ആഘോഷങ്ങള്‍. ഇതിന് അപ്പുറത്തേക്ക് ഈ രാഷ്ട്രീയ ജീര്‍ണതയെ വിശകലനം ചെയ്യാന്‍ വോട്ട് രാഷ്ട്രീയക്കാര്‍ തയ്യാറാകുന്നില്ല.
എന്തുകൊണ്ടാണ് മത മേലധികാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇങ്ങനെ പെരുമാറാന്‍ കഴിയുന്നത്? ലളിതമായ ഉത്തരം ഇവര്‍ക്ക് ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥാനത്ത് നില്‍ക്കാന്‍ അര്‍ഹതയില്ല എന്നതാണ്. പുരോഹിതരെയും രാഷ്ട്രീയ നേതാക്കളെയും ജനം കാണുന്നത് മാതൃകാ ജീവിതത്തിന്റെ അടയാളമായിട്ടാണ്. ഒരു സാധാരണ വ്യക്തിക്ക് മത പുരോഹിതനായി മാറണമെങ്കില്‍ അയാളുടെ ഉള്ളില്‍ ആത്മീയ ബോധം അതിന്റെ ഉച്ചാവസ്ഥയില്‍ എത്തണം. ഇത് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരക്കാരോട് വിശ്വാസികള്‍ പെരുമാറുക. എന്നാല്‍ മനസ്സില്‍ ഭൗതിക ജീവിതത്തിന്റെ ആസക്തി ആളിക്കത്തുന്നവര്‍ മതജീവിതത്തിന്റെ ഭാഗമാവുമ്പോള്‍ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന തിന്മകള്‍ പുറത്ത് ചാടാന്‍ തുടങ്ങും. ഇവിടെ സംഭവിച്ചതും അത് തന്നെ.
രാഷ്ട്രീയക്കാരെ സംബന്ധിച്ചുള്ള ധാരണ അവര്‍ നേതൃപാടവമുള്ളവര്‍ എന്നാണ്. അതിന്റെ പിന്‍ബലത്തിലാണ് അവര്‍ക്ക് അനുയായികള്‍ ഉണ്ടാവുന്നത്. അവര്‍ തങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും നേതാക്കളുമായി പങ്ക് വെക്കുന്നത് ആ വിശ്വാസത്തിന്റെ പേരിലാണ്. എന്നാല്‍ അവരും മനുഷ്യരാണ്. അവര്‍ക്ക് (നേതാക്കള്‍ക്ക്) തെറ്റ് പറ്റും എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചത്. ചുരുക്കത്തില്‍ സമൂഹത്തില്‍ വെളിച്ചമായി കത്തിനില്‍ക്കേണ്ടവര്‍ ഇരുട്ടിന്റെ കുപ്പായം ധരിക്കുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരിക സമൂഹമാണ്. അത് സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ അടയാളമാണ് കന്യാസ്ത്രീകള്‍ നടത്തിയ സമരം.
രാഷ്ട്രീയ, മത ഐക്യം
ജലന്ധര്‍ ബിഷപ്പിനെതിരെ തെരുവിലിറങ്ങിയ കന്യാസ്ത്രീകളുടെ പ്രധാന ആവശ്യം രാഷ്ട്രീയ പരമാണ്. രാജ്യത്തെ നിയമ വ്യവസ്ഥയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതിയില്‍ ഇടപെടേണ്ടത്. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ല എന്ന പരാതി നിലനില്‍ക്കുമ്പോഴാണ് ചരിത്രത്തില്‍ ആദ്യമായി ആത്മാഭിമാനത്തിന് വേണ്ടി കന്യാസ്ത്രീകള്‍ സമരം ചെയ്തത്. സഭയില്‍ നിന്നു നീതി ലഭിക്കില്ല എന്ന് പറഞ്ഞത് സത്യമാണ്. കാരണം, പ്രശ്‌നങ്ങളുടെ പ്രഭവകേന്ദ്രം സഭയാണല്ലോ? അവിടെ നിന്നു നീതി കിട്ടില്ലെക്കില്‍ പിന്നെ ഏക ആശ്രയം നിയമവ്യവസ്ഥയാണ്. കോടതിയാണ്. അതിനു വേണ്ടി പ്രാഥമിക വിവരങ്ങള്‍ പോലീസ് ശേഖരിക്കണം. ബിഷപ്പിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. എന്തുകൊണ്ട് അത് നടക്കുന്നില്ല? ഇത് ഉത്തരേന്ത്യയില്‍ അല്ല. നമ്മുടെ പ്രബുദ്ധ കേരളത്തിലാണ്. ഒന്നു ചിന്തിച്ചാല്‍ കാരണങ്ങള്‍ എളുപ്പത്തില്‍ കണ്ടെടുക്കാം.
കേരളത്തിലെ മുന്നണി വിജയങ്ങളെ നര്‍ണയിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അതിനെ നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് സാമുദായിക പ്രസ്ഥാനങ്ങള്‍. അതായത് ഓരോ തിരഞ്ഞെടുപ്പ് കാലത്തും സാമുദായിക പിന്തുണയാണ് പ്രധാനമായും ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന പല ഘടകങ്ങളില്‍ ഒന്ന്. ആ സമയത്താണ് പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും ചര്‍ച്ചിലേക്കും സൗഹൃദ സന്ദര്‍ശനങ്ങള്‍ നടക്കുക. ഇതിന് മുമ്പ് ഇത് നടന്നിട്ടുണ്ട്. ഇനിയും നടക്കും. അത്തരം ഘട്ടങ്ങളില്‍ അനുകൂല പ്രതികരണങ്ങള്‍ക്ക് തടസ്സമാകുന്നതൊന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യാന്‍ പാടില്ല. അതില്‍പെട്ട ഒന്നാണ് ബിഷപ്പിനെതിരേയുള്ള നടപടിയും. നേരത്തെ ലൈംഗിക ആരോപണത്തിന് സ്വമേധയാ കേസ് എടുത്ത കേരള പോലീസിന് എന്തുകൊണ്ട് ബിഷപ്പിന്റെ കാര്യത്തിലും എം എല്‍ എയുടെ കാര്യത്തിലും അത് സംഭവിക്കുന്നില്ല. അപ്പോള്‍ കാര്യം നിസ്സാരമാണ്. ആരെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുന്നത് അധികാര രാഷ്ട്രീയമാണ്. ഇതൊക്കെ കണ്ട് നില്‍ക്കാന്‍ ജനം തയ്യാറാണ് എന്ന ധാരണയാണ് ദൈവത്തിന്റെ മാലാഖമാര്‍ പൊട്ടിച്ച് കൈയില്‍ കൊടുത്തത്. അതാണ് ശരിയും. ഏത് വിശ്വാസത്തില്‍ ജീവിച്ചാലും അനീതിക്ക് എതിരെ ശബ്ദിക്കാന്‍ ആ വിശ്വാസം തടസ്സമല്ല എന്ന് കാണിച്ച കന്യാസ്ത്രീകള്‍ തന്നെയാണ് കേരളത്തിലെ ഏറ്റവും കരുത്തരായ രാഷ്ട്രീയ വനിതകള്‍ എന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here