ജലവിതാന താഴ്ച

Posted on: September 11, 2018 10:26 am | Last updated: September 11, 2018 at 10:26 am
SHARE

അത്ഭുത പ്രതിഭാസമാണ് ഈ വര്‍ഷം കാലാവസ്ഥയുമായി ബന്ധപ്പെട്ടു കേരളത്തില്‍ അനുഭവപ്പെടുന്നത്. നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തമായ മഴയാണ് ഇത്തവണ സംസ്ഥാനത്ത് വര്‍ഷിച്ചത്. ഇടവേളകളില്ലാതെ കോരിച്ചൊരിഞ്ഞ മഴയില്‍ സംസ്ഥാനമാകെ പ്രളയത്തില്‍ മുങ്ങി. 3500 കോടി രൂപയുടെ നാശനഷ്ടമെങ്കിലും ഉണ്ടായതായാണ് കണക്ക്. എങ്കിലും അധിക മഴ കാര്‍ഷിക മേഖലക്ക് ഗുണകരമാകുമെന്നും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ മഴ കഴിഞ്ഞു ഒരാഴ്ച പിന്നിട്ടപ്പോഴേക്കും പുഴകള്‍, തണ്ണീര്‍തടങ്ങള്‍, കിണറുകള്‍ തുടങ്ങി സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ ഒന്നൊന്നായി വറ്റിക്കൊണ്ടിരിക്കയാണിപ്പോള്‍. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാകുന്ന സ്വാഭാവിക വെള്ളക്കുറവിനേക്കാള്‍ എത്രയോ ശക്തമാണ് ഇത്. പ്രളയത്തില്‍ ഇരുകരകളും മുട്ടി നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന പെരിയാര്‍, കബനി നദികളിലടക്കം ജലനിരപ്പ് ഇതുവരെയില്ലാത്ത രീതിയിലാണ് താഴ്ന്നത്. ചില നദികളില്‍ ദിനം പ്രതി അരയടി വരെ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ദിവസങ്ങള്‍ കൊണ്ട് ഇവ വറ്റി വരണ്ട് മണല്‍തിട്ടകളായി മാറും. ഇതിനനുസൃമായി സമീപങ്ങളിലെ കിണറുകളിലെ ജലവും താഴ്ന്നു കൊണ്ടിരിക്കുന്നു. ആലപ്പുഴയില്‍ ബോട്ട് സര്‍വീസിനെ പോലും ഇത് ബാധിച്ചിട്ടുണ്ട്. ജലഗതാഗതത്തിന് പുറമേ ശുദ്ധജല ലഭ്യത, കൃഷി എന്നിവയെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. അന്തം വിട്ടുനില്‍ക്കുകയാണ് ജനങ്ങളും ഒപ്പം ഭൗമവിദഗ്ധരും.
ഇതിന് കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭൗമ, കാലാവസ്ഥാ വിദഗ്ധര്‍. ഇതൊരു താത്കാലിക പ്രതിഭാസമാണെന്നാണ് പ്രാഥമിക പഠനത്തിന് ശേഷം സി ആര്‍ ഡബ്ല്യു ഡി എം അഭിപ്രായപ്പെട്ടത്. ശുദ്ധ ജലക്ഷാമത്തിന് ഇതുമൂലം സാധ്യതയുണ്ടെങ്കിലും തുലാവര്‍ഷത്തോടെ അത് പരിഹരിക്കപ്പെടുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം പ്രതിഭാസം മുമ്പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ട്. കൊടും വരള്‍ച്ചക്ക് ഇത് വഴിവെക്കുമെന്നാണ് അവിടങ്ങളിലെ അനുഭവമെന്നാണ് ചല വിദഗ്ധരുടെയും പക്ഷം.

മഴയുടെ പിന്മാറ്റം പെട്ടെന്നായതും ശക്തമായ പ്രളയത്തില്‍ പുഴകളിലെ തടസ്സങ്ങള്‍ നീങ്ങിയതു മൂലം വെള്ളം വേഗത്തില്‍ ഒഴുകിപ്പോയതാണ് ജലസ്രോതസുകള്‍ വറ്റാന്‍ കാരണമെന്നുമാണ് മറ്റൊരഭിപ്രായം. പുഴവെള്ളത്തില്‍ കുറവ് വന്നിട്ടില്ല, പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നുകയാണെന്നാണ് ഐക്യരാഷ്ട്ര സഭ ദുരന്തഅപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ ഡോ. മുരളി തുമ്മാരുകുടിയുടെ പക്ഷം. ഈ വര്‍ഷത്തെ കനത്ത പേമാരിയെ തുടര്‍ന്ന് കല്ലും മണലും ഉള്‍പ്പെട്ട വെള്ളം പുഴയിലൂടെ അതിവേഗതയിലാണ് കുത്തി ഒഴുകിയത്. ഇത് പുഴയുടെ അടിത്തട്ടിലെ മണ്ണ് ഒഴുകിപ്പോകാന്‍ ഇടയാക്കുകയും പുഴയുടെ ആഴം വര്‍ധിപ്പിക്കുകയും ചെയ്തു. ഒറ്റയടിക്ക് നോക്കുമ്പോള്‍ പുഴയിലെ ജല നിരപ്പ് കുറഞ്ഞു എന്നു തോന്നും. പുഴയിലെ ജനനിരപ്പിന്റെ കുറവിന് ആനുപാതികമായി കിണറുകളിലേയും കുളത്തിലെയും ജലനിരപ്പും താഴും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രതിഭാസമാണ്. ശൈത്യ മേഖലയില്‍ അത്യുഷ്ണം, ഉഷ്ണമേഖലയില്‍ കൊടും തണുപ്പ്, മഞ്ഞുവീഴ്ച കേട്ടുകേള്‍വി പോലുമില്ലാത്ത പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച തുടങ്ങി കാലാവസ്ഥാ നിരീക്ഷകരുടെ സങ്കല്‍പങ്ങള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും അപ്പുറവും പ്രവചനാതീതവുമായ കാലാവസ്ഥാ മാറ്റങ്ങളാണ് അടുത്ത കാലത്തായി ലോകത്തെമ്പാടും അനുഭവപ്പെട്ടു വരുന്നത്. അമേരിക്കയിലും യൂറോപ്പിലും വടക്കു കിഴക്കന്‍ ഏഷ്യയിലുമെല്ലാം ഇതിനിടെ പതിവിന് വിപരീതമായി അത്യുഷ്ണം അനുഭവപ്പെടുകയും ആയിരത്തിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഫ്‌ളോറിഡയിലുള്‍പ്പെടെ ഇതുവരെ മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ലാത്ത ചില അമേരിക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം ശക്തമായ മഞ്ഞു വീഴ്ച അനുഭവപ്പെടുകയും നിരവധി ജീവികള്‍ ചത്തൊടുങ്ങുകയും കൃഷികള്‍ വന്‍തോതില്‍ നശിക്കുകയും ചെയ്തു. ആര്‍ട്ടിക് മേഖലയിലെ അസാധാരണമായ മഞ്ഞുരുക്കമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഏതാനും വര്‍ഷങ്ങളായി അനുഭവപ്പെടുന്ന പതിവില്‍ കവിഞ്ഞ ഉഷ്ണവും ഈ വര്‍ഷത്തെ അതിതീവ്ര പേമാരിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായിരിക്കാമെന്നും അഭിപ്രായമുണ്ട്. പ്രവചനാതീതമായ കൊടുംചൂട്, പതിവില്‍ കവിഞ്ഞ പേമാരി ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ അടയാളങ്ങളായി പറയുന്നത്. നഗരങ്ങളുടെ വളര്‍ച്ച, വാഹനപ്പെരുപ്പം, വനനശീകരണം തുടങ്ങി കാലാവസ്ഥാ മാറ്റത്തിന് പ്രകൃതിവാദികള്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ക്കപ്പുറം മനുഷ്യ നിയന്ത്രണങ്ങള്‍ക്ക് അതീതമായ ചില കാരണങ്ങള്‍ കൂടിയുണ്ടെന്ന് ശാസ്ത്രലോകം തന്നെ സമ്മതിച്ചു തുടങ്ങിയിരിക്കുന്നു. ‘നാം ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുക വഴി പ്രകൃതി തന്നെ കാലാവസ്ഥ മാറ്റി മറിച്ചേക്കാ’മെന്നാണ് അടുത്തിടെ സയന്‍സ് മാഗസിന്‍ എഴുതിയത്. ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതിയില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കാരണം സൂര്യനും ഭൂമിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതായി ശാസ്ത്രലോകം കണ്ടെത്തിയത് അടുത്താണ്. പ്രപഞ്ചത്തിന്റെ വികാസവും നിലനില്‍പ്പും ഇന്നേ വരെയുള്ള സങ്കല്‍പത്തിനപ്പുറം ബ്ലാക്ക് എനര്‍ജി (ശ്യാമ ഊര്‍ജം)യുടെ നിയന്ത്രണത്തിലാണ്. ഈ കറുത്ത ഊര്‍ജമായിരിക്കും പ്രപഞ്ചത്തെ തകര്‍ച്ചയിലേക്ക് നയിക്കുകയെന്നും കാലിഫോര്‍ണിയ, നോട്ടിംഗ്‌ഹോം സര്‍വകലാശാലകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. ഇതെല്ലാം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കാലാവസ്ഥയില്‍ വരുന്ന അസാധാരണ മാറ്റങ്ങളും വിനാശകരമായ പ്രകൃതി ക്ഷോഭങ്ങളുമെല്ലാം മതങ്ങള്‍ മുന്നറിയിപ്പ് നല്‍കിയ പ്രപഞ്ച നാശത്തിലേക്കുള്ള സൂചനയല്ലേ എന്ന് സംശയിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here