പ്രചോദനമായ പ്രിയനേതാവിനെ കാണാന്‍ ജൈസലെത്തി

Posted on: September 10, 2018 11:53 pm | Last updated: September 10, 2018 at 11:53 pm

കാരന്തൂര്‍: കേരളത്തെ മഹാദുരിതത്തിലാഴ്ത്തിയ പ്രളയകാലത്ത് അസാമാന്യമായ കാരുണ്യ പ്രവര്‍ത്തനമെന്ന് വാഴ്ത്തപ്പെട്ട മുതുകു താഴ്ത്തി വള്ളത്തില്‍ കയറാന്‍ ദുരിതബാധിതര്‍ക്ക് അവസരം നല്‍കിയ ജൈസല്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കാന്‍ മര്‍കസിലെത്തി. സുന്നി യുവജന സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായ ജൈസല്‍, സംഘടനയുടെ ജീവകാരുണ്യ വിഭാഗമായ സാന്ത്വനത്തിലൂടെയായിരുന്നു ചാരിറ്റി പ്രവര്‍ത്തങ്ങളിലൂടെ ഈ രംഗത്തേക്ക് വന്നത്.

ജൈസലിന്റെ സേവനം ഓരോ കേരളീയനും മാതൃകയാണെന്നും മുതുകു താഴ്ത്തി ആ കര്‍മം ഒരാളുടെ വിനയത്തിന്റെ പാരമ്യതയെ കുറിക്കുന്നുവെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും സാന്ത്വനവും എസ് വൈ എസും എസ് എസ് എഫും തനിക്ക് നല്‍കിയ പ്രചോദനവും പ്രവൃത്തി പരിചയവുമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ നിദാനമായതെന്ന് ജൈസല്‍ പറഞ്ഞു.

ജൈസലിന്റെ ഈ കര്‍മത്തെ ആദരിച്ച് സുന്നി യുവജന സംഘത്തിന് കീഴില്‍ അദ്ദേഹത്തിന് വീടുവെച്ചു നല്‍കുമെന്ന് തീരുമാനിച്ചിരുന്നു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി സംബന്ധിച്ചു.