Connect with us

Ongoing News

തീ വിഴുങ്ങിയ ചരിത്രം

Published

|

Last Updated

ഒരു രാത്രി മുഴുവന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അവര്‍ ആ വാര്‍ത്ത കണ്ടുനിന്നത്. ചിലര്‍ സങ്കടം കൊണ്ട് വിതുമ്പി. മറ്റ് ചിലര്‍ അമര്‍ഷത്തോടെ പൊട്ടിത്തെറിച്ചു. അവര്‍ക്ക് അങ്ങനെ മാത്രമേ പ്രതികരിക്കാനാകുമായിരുന്നുള്ളൂ. സ്വദേശികളും വിദേശികളും ഒരു തീര്‍ഥാടന കേന്ദ്രം പോലെ കണ്ട, ഇരുനൂറ് വര്‍ഷം കൊണ്ട് കെട്ടിപ്പടുത്ത ചരിത്ര ശേഷിപ്പുകളാണ് ഒരു രാത്രി പുലരുംമുമ്പ് ചാരമായത്. പോര്‍ച്ചുഗീസ് അധിനിവേശക്കാലം മുതല്‍ സ്വതന്ത്ര്യം ലഭിക്കുന്നതു വരെയുള്ള ബ്രസീലിലെ ചരിത്ര ശേഖരമാണ് നഷ്ടമായത്. ഒപ്പം നരവംശശാസ്ത്രത്തിന് ലഭിച്ച അമൂല്യ സംഭാവനകളും. 518 വര്‍ഷത്തിന്റെ നല്ലൊരു പങ്കും ബ്രസീലുകാര്‍ക്ക്- ലോകത്തിന് തന്നെ- നഷ്ടമായത് വെറും മണിക്കൂറുകള്‍ കൊണ്ടാണ്.

“ഞങ്ങള്‍ ബ്രസീലുകാര്‍ക്ക് വെറും അഞ്ഞൂറ് വര്‍ഷം മാത്രമുള്ള ചരിത്രമാണുള്ളത്. ഞങ്ങളുടെ മ്യൂസിയത്തിന് ഇരുനൂറ് വര്‍ഷവും. എക്കാലത്തേക്കുമായി അത് നഷ്ടപ്പെട്ടിരിക്കുന്നു.” റിയോ ഡി ജനീറോയിലെ നാഷണല്‍ മ്യൂസിയം കത്തിനശിച്ചതിനു പിന്നാലെ നരവംശ ശാസ്ത്രജ്ഞനായ മെര്‍സിയോ ഗോമസ് ഇത് പറയുമ്പോള്‍ അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.

ഓരോ വിദ്യാര്‍ഥിയും ചരിത്ര ഗവേഷകരും ശാസ്ത്രജ്ഞരും ഒരുപോലെ അവര്‍ക്ക് ലഭിച്ച നിധിയായി കണ്ടുപോന്ന ചരിത്രശേഷിപ്പുകളില്‍ തൊണ്ണൂറ് ശതമാനവും നശിച്ചതായാണ് അധികൃതര്‍ പറയുന്നത്. ദിനോസറിന്റെ അസ്ഥികൂടം, ഈ ഭൂലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷമായ തദ്ദേശീയമായ ഭാഷകളുടെ റെക്കോര്‍ഡിംഗുകള്‍, ഈജിപ്തിലെ ചരിത്ര രേഖകള്‍, വിലമതിക്കാനാകാത്ത ഗ്രന്ഥശേഖരം ഉള്‍പ്പെടെ എന്നന്നേക്കുമായി ഇല്ലാതായവയില്‍ ഉള്‍പ്പെടും.

നൂറ്റാണ്ടുകളുടെ കഥ

വടക്കേ അമേരിക്കയില്‍ തന്നെ ഏറ്റവുമധികം പഴക്കമുള്ള ശാസ്ത്ര സ്ഥാപനവും പുരാവസ്തു, നരവംശശാസ്ത്ര മ്യൂസിയവുമാണ് ബ്രസീലിലെ നാഷണല്‍ മ്യൂസിയം. റിയോ ഡി ജനീറോയിലെ ക്വിന്റ ഡ ബോവ വിസ്റ്റ പാര്‍ക്കിനുള്ളിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. 1808 മുതല്‍ 1821 വരെ പോര്‍ച്ചുഗീസ് രാജകുടുംബം താമസിച്ചിരുന്ന ക്രിസ്റ്റഫര്‍ കൊട്ടാരത്തിലാണ് മ്യൂസിയം. ബ്രസീല്‍ സ്വതന്ത്രയായ ശേഷം രണ്ട് വര്‍ഷം റിപ്പബ്ലിക്കന്‍ കോണ്‍സ്റ്റിറ്റിയന്റ് അസംബ്ലിയും കൊട്ടാരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1818ല്‍ ജോണ്‍ ആറാമന്‍ രാജാവ് സ്ഥാപിച്ച മ്യൂസിയം 1892ലാണ് കൊട്ടാരത്തിലേക്ക് മാറ്റി സ്ഥാപിച്ചത്.

പ്രതീക്ഷയായി “ലൂസിയ”

രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രം കൂടിയായ നാഷണല്‍ മ്യൂസിയത്തില്‍ ഇരുപത് ദശലക്ഷത്തിലധികം ശാസ്ത്ര, ചരിത്ര രേഖകളാണ് സൂക്ഷിച്ചിരുന്നത്. കുമിഞ്ഞുകൂടിയ ചാരത്തിനിടയില്‍ നിന്ന് അവശേഷിക്കുന്ന ചരിത്രരേഖകള്‍ ഒരുനിധിപോലെ പുറത്തെടുക്കുമ്പോള്‍ സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടെന്നാണ് തൊട്ടടുത്ത ദിവസം അവിടെ സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയത്. “ചാരത്തില്‍ നിന്ന് ലഭിക്കുന്നവ ശേഖരിക്കും. ലാബുകളില്‍ നടത്തുന്ന പരിശോധനയില്‍ മാത്രമേ അവ എന്താണെന്ന് വ്യക്തമാകുകയുള്ളൂ”- മ്യൂസിയം വൈസ് ഡയറക്ടര്‍ ക്രിസ്റ്റ്യാനോ സെറേജൊ പറയുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 11,500ലധികം വര്‍ഷം പഴക്കം കണക്കാക്കുന്ന തലയോട്ടി സുരക്ഷിതമാണെന്ന അധികൃതരുടെ വാക്കുകള്‍ സങ്കടത്തിനിടയിലും അല്‍പ്പം പ്രതീക്ഷ നല്‍കുന്നു. തെക്കേ അമേരിക്കയില്‍ നിന്ന് ഇക്കാലത്തിനിടയില്‍ കണ്ടെത്തിയ പഴക്കമേറിയ മനുഷ്യാവശിഷ്ടമാണ് “ലൂസിയ” എന്ന് പേരിട്ട ഈ തലയോട്ടി. വടക്കന്‍ റിയോയിലെ മിനാസ് ജിറെയിസിലുള്ള ഗുഹയില്‍ നിന്ന് ഫ്രഞ്ച് പുരാവസ്തു ഗവേഷകനാണ് 1975ല്‍ ലൂസിയയെ കണ്ടെത്തിയത്. ഒരു സ്ത്രീയുടേതാണിതെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

ബ്രസീലില്‍ നിന്ന് തന്നെ കണ്ടെത്തിയ 5,260 കിലോഗ്രാം ഭാരമുള്ള ഉല്‍ക്കാപിണ്ഡവും മ്യൂസിയത്തിന്റെ ഭാഗമായിരുന്നു. നഷ്ടപ്പെട്ട പശുവിനെ തേടിയുള്ള കുട്ടിയുടെ യാത്രക്കിടെയാണ് 1784ല്‍ വടക്കു കിഴക്കന്‍ ബ്രസീലിലെ ബാഹിയയില്‍ നിന്ന് ഇത് കണ്ടെത്തുന്നത്. ഒരു നൂറ്റാണ്ടിന് ശേഷമാണ് പ്രത്യേകമായി നിര്‍മിച്ച കാളവണ്ടിയിലും റെയില്‍, കപ്പല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ഇത് മ്യൂസിയത്തിലെത്തിച്ചതെന്നത് മറ്റൊരു ചരിത്രം.
എണ്ണൂറ് വര്‍ഷം മുമ്പ് ഭൂമിയില്‍ ജീവിച്ച സസ്യഭുക്കായ ഭീമന്‍ ദിനോസറിന്റെ അസ്ഥികൂടവും ഈ തീപ്പിടിത്തത്തില്‍ ലോകത്തിന് നഷ്ടമായി. 98ലാണ് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെടുക്കുന്നത്.

ചരിത്രത്തിലെ കൊടുംപാതകം

“ചരിത്രശേഖരം നഷ്ടപ്പെട്ടത് രാജ്യത്തിന്റെ തന്നെ ഓര്‍മക്ക് സംഭവിച്ച പ്രഹരമായി. ശാസ്ത്രത്തെ അത് ബാധിച്ചു. ഗവേഷണങ്ങളെ തടസ്സപ്പെടുത്തി. ഇതൊരു കൊടുംപാതകം മാത്രമാണെന്നേ ഞങ്ങള്‍ക്കറിയൂ”- ബ്രസീലിലെ ഗ്ലോബോ പത്രം മുഖപ്രസംഗത്തില്‍ എഴുതിയ വാക്കുകളാണിത്. അവഗണനകള്‍ക്കിടയില്‍ നിന്ന് പുതുജീവന്‍ ലഭിച്ച് മാസങ്ങള്‍ തികയും മുമ്പാണ് ചരിത്രത്തെ തീ വിഴുങ്ങിയത്. നാല് വര്‍ഷം മുമ്പ് മ്യൂസിയത്തിനുള്ള ബജറ്റിലെ നീക്കിയിരിപ്പ് വന്‍തോതിലാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. മ്യൂസിയത്തിന്റെ സുരക്ഷയെ പോലും ഇത് ബാധിച്ചു. കഴിഞ്ഞ ജൂണില്‍ ഇരുനൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പഴയ പ്രതാപത്തിലേക്ക് കാല്‍വെച്ചത്.

“ഞങ്ങളുടെ ചരിത്രത്തെ അവഗണിച്ചതിന് സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നു. പക്ഷേ, ആ അവഗണനയില്‍ ഞങ്ങള്‍ക്കും പങ്കുണ്ട്.”- സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുമ്പോഴും അവര്‍ തിരിച്ചറിയുന്നു. ഒരു രാജ്യം മുഴുവന്‍ കണ്ണീര്‍ വാര്‍ക്കുകയാണ്. അതെ, ഒരു രാത്രി കൊണ്ട് ഇല്ലാതായത് റിയോ ഡി ജനീറോയുടേയൊ ബ്രസീലിന്റെയോ മാത്രം ചരിത്രമല്ല. ലോക ചരിത്രത്തിന്റെ തന്നെ അടിസ്ഥാനമാണ്.
.

Latest