തലച്ചോറ്റിലേക്ക് ചൂടെണ്ണയൊഴിക്കും പ്രളയപ്പെയ്ത്ത്

Posted on: September 10, 2018 11:12 pm | Last updated: September 10, 2018 at 11:12 pm
SHARE

മഴപ്രളയം മാറിയ മുറക്ക് വെയില്‍ പ്രളയത്തില്‍ മുങ്ങിക്കുളിക്കുകയാണ്. അതിലെ അദൃപ്പത്തെ പറ്റി ആലോചിച്ച്, ഒന്നും പറയാന്‍ കഴിയാത്ത ഒരവസ്ഥയില്‍ കുത്തിയിരിക്കുമ്പോള്‍ ഒരുത്തനുണ്ട് കയറിവരുന്നു! അവന്‍ പറഞ്ഞതില്‍ ഒരാശയം ഇല്ലേ എന്ന് ചോദിച്ചാല്‍, ഇല്ലായ്കയില്ല. പക്ഷെ, പറഞ്ഞ ആളിന്റെ അവസ്ഥ നോക്കുമ്പോള്‍ ഒരു ആത്മവിശ്വാസക്കുറവും.

‘അല്ല, ഈ ഹജ്ജിന്റെ അന്തര്‍ദേശീയമായ മാനത്തെ സമകാലിക പ്രളയത്തിന്റെ കേരളീയ പരിച്ഛേദവുമായി ഒന്ന് ചേര്‍ത്തുവായിച്ചുകൂടേ?’ എന്നാണവന്‍ ചോദിച്ചത്. വാസ്തവത്തില്‍ ഇങ്ങനെ വളച്ചുകെട്ടി പറയേണ്ട കാര്യമൊന്നുമില്ല. ‘ഹജ്ജും പ്രളയദുരിതവും തമ്മില്‍..’ അങ്ങനെയെന്തെങ്കിലും ം (എനിക്ക് ശരിക്ക് പറയാന്‍ കിട്ടുന്നില്ല) വളരെ ചുരുക്കി പറഞ്ഞാല്‍ പോരേ. ആളിന്റെ സ്വഭാവത്തെ പറ്റി നിങ്ങള്‍ക്കും ഒരൈഡിയ കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഞാനിതിവിടെ കരുതിക്കൂട്ടി എടുത്തെഴുതിയത്.

ആള്‍ ഒരു വിചാരക്കാരനാണ്; വാക്കിലും ഭാവത്തിലും. ഒരു ‘ബുദ്ധിജീവിത്വം’ അഭിനയിച്ചു കാണിക്കാന്‍ കഷ്ടപ്പെടാറുണ്ട്, ആശാന്‍. ഞാനീയടുത്ത് ബന്ധപ്പെട്ടിട്ട് കുറേ കൊല്ലങ്ങളായി. ഏകദേശം പതിനൊന്ന് വര്‍ഷം മുമ്പ് പരിചയപ്പെട്ടതോര്‍ക്കുന്നു. ഇരുത്തംവന്ന ഒരു ചിന്തകന്റെ ഭാവഹാവാദികളോടെയാണ് അന്നവന്‍ പെരുമാറിയത്. പഠിക്കുന്ന കാലമാണ്. എന്തൊക്കെയോ എഴുതിത്തുടങ്ങിയെന്ന് തോന്നുന്നു. ഞാനൊന്നും ചോദിക്കാതെ അവന്‍ എഴുതിയ കുറേ സാധനങ്ങള്‍ എനിക്ക് മുന്നില്‍ വാരിവലിച്ചിട്ടു. നാലോ അഞ്ചോ വരികളുള്ള പ്രതികരണങ്ങളാണ് അധികവും. ‘കുസുമ’ത്തിലും ‘സെന്‍സിംഗി’ലും എഴുതിയത്. ‘…… ലേഖനം പഠനാര്‍ഹമായി/ സന്ദര്‍ഭോചിതമായി ………….ക്കും അണിയറ ശില്‍പ്പികള്‍ക്കും ഒരായിരം ആശംസകളുടെ പൂച്ചെണ്ടുകള്‍’- അധികവും ഇങ്ങനെയാണ്. നെഞ്ചിന്റെ ചൂരില്ലാത്ത ചത്തപദങ്ങള്‍. പിന്നെ കാര്യമായുള്ളത് ‘പൂങ്കാവന’ത്തിലെ ‘വാളും പരിചയും’ കോളത്തിലേക്ക് എഴുതിയ കുറേ കോമാളിച്ചോദ്യങ്ങള്‍. കാലം കുറേ കഴിഞ്ഞു. എന്താണ്/ എങ്ങനെയാണ് ആളിന്റെ ഇപ്പോഴത്തെ നില എന്നൊന്നും അറിയില്ല.
പ്രാദേശിക സമയം പതിനൊന്നേ മുക്കാലിനാണ് അവന്‍ വന്നു കയറുന്നത്. വീട്ടില്‍ നാസ്തച്ചട്ടി സ്വാഹ. ചോറ്റിനൊട്ടായിട്ടുമില്ല.
‘നീയിച്ചിരി കട്ടന്‍ കാച്ച്’. ഞാനവളോട് പറഞ്ഞു.
ബിസ്‌കറ്റിന്റെ അളുകള്‍ പരതി നോക്കിയപ്പോള്‍ ഒന്നിലും ഒറ്റക്കണ്ടം പോലുമില്ല. തൊപ്പിക്കേക്കുണ്ടായിരുന്നത് രാവിലെ ഇളയ യമണ്ടന്‍ വേണ്ടത് ഹബ്ബിയാക്കി, ബാക്കി രണ്ടുമൂന്നെണ്ണം കാര്‍ന്നിട്ടിരിക്കുന്നു. ഒരാള്‍ക്ക് വെച്ചുകൊടുക്കാമ്പറ്റില്ല. അകത്തുനിന്ന് മീന്‍വറുക്കുന്നതിന്റെ മണം കിട്ടുന്നുണ്ട്. അവള്‍ വിറക് വാരാന്‍ പുറത്തേക്കിറങ്ങിയ തഞ്ചത്തിന് ഞാന്‍ രണ്ട് കഷ്ണം മീന്‍ പൊക്കി, കട്ടന്‍ സഹിതം അവന് സമര്‍പ്പിച്ചു. മാഡ്‌ലി വൈല്‍ഡ് കോമ്പിനേഷന്‍! എന്താ, പരസ്സാന്നിധ്യമില്ലാതെ മീന്‍പൊരിച്ചത് കഴിച്ചുകൂടാ എന്ന് ഏതെങ്കിലും പീനല്‍കോഡില്‍ പറയുന്നുണ്ടോ??? മൈസൂരില്‍ വൃന്ദാവനം കാണാന്‍ പോവുമ്പോള്‍ അത് പലവുരു കണ്ടിട്ടുണ്ടെങ്കിലും ഒന്ന് പരീക്ഷിക്കാന്‍ നാളിതുവരെ ആവതുണ്ടായിട്ടില്ല.
ഇപ്പോള്‍ ഞാനെന്താണ് ചിന്തിക്കുന്നത് എന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഊഹിക്കാന്‍ കഴിയുന്നുണ്ടോ?
‘പിയാപ്ല കറ്റ്‌ലയുടെ പരിഛേദം പൊരിച്ചത്, കട്ടന്‍ചായ കൂട്ടിക്കുടിക്കുന്നതിന്റെ സമകാലിക പ്രസക്തി നീ അനുഭവിക്ക്’ എന്നു തന്നെ.
പക്ഷെ, എന്നോടാ ചോദ്യം ചോദിച്ചപ്പോള്‍ അവജ്ഞ, നെഗളിപ്പ്, ഗൗരവം, ഈര്‍ഷ്യ എന്നിത്യാദികള്‍ കണ്ണിലാളിച്ച് പരമാവധി പുച്ഛാത്മകമായി ഞാനവനെ നോക്കിയിട്ട് പറഞ്ഞു:
‘മനസ്സിലായില്ല!!!
നീ ഉദ്ദേശിച്ചത്????????’
അവന്‍ ചിലതൊക്കെ പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോള്‍ ചിലയിടങ്ങളില്‍ ചില അളുക്കുകള്‍ ഉള്ളതായി എനിക്ക് തടഞ്ഞു. എന്നാലും അത്രയങ്ങട്ട് തൃപ്തി പോരതാനും. നിങ്ങള്‍ കൂടി കേട്ട ശേഷം വേണം അതിനെ ഒരു ഇതിലേക്കെത്തിക്കാന്‍.
മക്കയില്‍ ഹജ്ജ് നടന്നതിന്റെ തൊട്ടുമുമ്പായി കേരളത്തില്‍ ഒരു മോക്- ഹജ്ജ് നടന്നു എന്നാണവന്‍ പറഞ്ഞതിന്റെ ചുരുക്കം. എല്ലാം ഇട്ടേച്ചുപോവുകയാണ് ഹജ്ജില്‍. സകലതിനോടും ആജീവനാന്ത സലാം ചൊല്ലി, മരണമാണ് വിധിയെങ്കില്‍ അതിനെ സസന്തോഷം സ്വീകരിക്കാനുള്ള വിധേയ മനസ്സുമായാണ് ഹാജിമാര്‍ പുറപ്പെടുന്നത്. കോളും കോപ്പുമൊന്നും കൊണ്ടുപോവില്ല. ഫൗറും പത്രാസും ഊരിയെറിയുന്നു, പാമ്പ് ഉപ്പിളിയൂരുമ്പോലെ. വെറും രണ്ടുമുറിത്തുണിയിലൊതുങ്ങുന്ന ഫഖീറുമാര്‍. തിന്നുന്നതും കുടിക്കുന്നതും നോക്കുന്നതും കാണുന്നതും ചൊല്ലുന്നതും പറയുന്നതുമെല്ലാം ഒന്ന്. അനുവദനീയമായിരുന്ന ഒട്ടുവളരെ കാര്യങ്ങളെ ഇപ്പോള്‍ പടിക്കുപുറത്തുനിര്‍ത്തി ലളിതമായ വിനയാന്വിതമായ ജീവിതം. ഇതൊക്കെത്തന്നെയല്ലേ ദുരിതാശ്വാസ ക്യാമ്പുകളിലും നടന്നത്? എന്നല്ല, മനുഷ്യന്റെ നിസ്സഹായതയും നിസ്സാരതയും നിലംതൊടുന്ന വിനയവും ആ ക്യാമ്പുകളിലല്ലേ പാരമ്യം പൂണ്ട് കണ്ടത്?
അതെന്താ അങ്ങനെ പറയാന്‍?

അതായത് ഹജ്ജ് ഒരര്‍ഥത്തില്‍ ഒരു സിമുലേഷനാണ്. ഒരു ത്യാഗാത്മക അവസ്ഥ നമ്മള്‍ ബോധപൂര്‍വം പുല്‍കുകയാണ്. ഹജ്ജിന് വരുന്നവരില്‍ പാവപ്പെട്ടവര്‍ ധാരാളമുണ്ടായേക്കാം. എങ്കിലും ധനികരും മധ്യവര്‍ഗവും സാമ്പത്തികമായി സാമാന്യം തരക്കേടില്ലാത്തവരുമാണ് ഭൂരിപക്ഷവും. പിന്നെ, ഹജ്ജിന് അനുഭവങ്ങളുടെ ഒരു നൈരന്തര്യമുണ്ട്. അഥവ, എണ്ണപ്പെട്ട ഏതാനും ദിവസങ്ങള്‍ തിക്കും തിരക്കും ഞെരുക്കവും ഇടുക്കവുമൊക്കെ അനുഭവപ്പെടാമെങ്കിലും കര്‍മം പൂര്‍ത്തിയാകുന്നതോടെ നിറഞ്ഞ മനസ്സുമായി നാട്ടിലേക്ക് തിരിക്കാം. അവിടെ കൂട്ടും കുടുംബവും കാത്തിരിക്കുന്നുണ്ട്. പറമ്പും പീടികയും ഓഫീസും ഉദ്യോഗവും എന്നിത്യാദികളിലേക്ക് തിരിച്ചുചെന്ന് കുതിരാം.

ഒരര്‍ഥത്തില്‍ നോമ്പും അങ്ങനെയാണ്: തിന്നാത്തത്, കുടിക്കാത്തത് ഇല്ലാഞ്ഞിട്ടല്ല. അതൊരുതരം സിമുലേറ്റഡ് ദാരിദ്ര്യമാണ്. പത്തായത്തില്‍ നെല്ലും നെയ്യും കുമിഞ്ഞവരും റഫ്രിജറേറ്ററില്‍ പലജാതി പഴച്ചാറുകള്‍ നിരന്നു നില്‍ക്കുന്നവരും വിശന്ന് പൊരിയുന്നു, ദാഹിച്ച് തൊണ്ടപൊട്ടുന്നു. നോമ്പുതുറയോടുകൂടി അവര്‍ ആ താത്കാലിക ദാരിദ്ര്യത്തില്‍ നിന്ന് വിടുതി നേടുന്നു.

അതേസമയം, ദുരിതാശ്വാസ ക്യാമ്പ് അങ്ങനെയല്ല. അവിടെ ദുരന്തത്തിന്റെ കരാളത ആളുകളെ ആസകലം കരുവാളിപ്പിച്ചിരിക്കുകയാണ്. വീടും പീടികയും മുങ്ങിക്കൊണ്ടേയിരിക്കുകയാണ്. പറമ്പും പര്‍വതവും ഇടഞ്ഞുകൊണ്ടേയിരിക്കുകയാണ്. സ്വന്തമായുള്ളതെല്ലാം മണ്ണും വെള്ളവും ചേര്‍ന്ന് പരസ്യമായി കൊള്ളയടിക്കുകയാണ്. കുടുംബത്തിലെ/ അയല്‍പ്പക്കത്തെ ചിലര്‍ ഒഴുകിയൊടുങ്ങിയിരിക്കുകയാണ്. കാര്യമതല്ല. ഈ മഴ എന്നിട്ടും നില്‍ക്കുന്നേയില്ല! രൗദ്രഹുങ്കാരങ്ങളോടെ അത് പൂര്‍വാധികം പൊട്ടിപ്പിളരുകയാണ്! മഴയല്ല, പുഴയാണ് പെയ്യുന്നത്!!!

ഇപ്പോള്‍ ക്യാമ്പിലാണ് ഉള്ളത്. ഇഹ്‌റാം തുണി ഉടുത്തിട്ടില്ലെന്നേയുള്ളൂ, അതിലും കഷ്ടമാണ് കാര്യം. സൗജന്യച്ചോറും ഔദാര്യക്കറിയും റിലീഫച്ചാറും ചാരിറ്റിച്ചമ്മന്തിയും കൂട്ടിക്കുഴച്ച് വാരിത്തിന്നുകയാണ്. ‘എടീ, എരണംകെട്ടോളെ!!! ആ അയക്കൂറ മുളകിടാമായിരുന്നില്ലേ, ആവോലി പൊള്ളിച്ചൂടായിരുന്നോ, ഇളങ്കോഴി കുരുമുളകിട്ട് വരട്ടിയാ മതിയായിരുന്നു, ചോറിറങ്ങിക്കിട്ടുന്നില്ല.’ ഏയ് അങ്ങനെ യാതൊരു പരാതിയുമില്ല. റേഷന്‍ ചോറും ഉരുളങ്കേങ്ങും പരിപ്പും (ബംഗാളികളുടെ, ഹി ഹി!!!) നന്നായി ഇറങ്ങുന്നുണ്ട്. ടൈഗര്‍ ബിസ്‌കറ്റിനും റസ്‌കിനും എന്താ മോളേ രുചി! സര്‍ക്കാര്‍ ഇസ്‌ക്കോളിലെ കക്കൂസിന്റെ പൗസാക്ക് പറയേണ്ട. നാലുനാള്‍ മഴ നീരാട്ടം നടത്തുമ്പോഴേക്ക് നാം തോറ്റ് തുന്നം പാറി/ ഇളിഭ്യരായി/ വിനയമൂര്‍ത്തിയായി/ പേടിച്ചരണ്ട് നാഴികയെണ്ണുകയാണ്. പഠിപ്പങ്ങട്ട് പൂര്‍ത്തിയാവുകയാണ്. ഇതെവിടെച്ചെന്ന് നില്‍ക്കുമെന്ന് ഒരാള്‍ക്കും പറയാനാകില്ല. ഇതാണ് അല്ലാഹുവിന്റെ ഫോബിയാതെറാപ്പി ‘ബി ശൈഇന്‍ മിനല്‍ ഖൗഫ്’- ഖുര്‍ആന്‍.

മനുഷ്യനൊരു സൂക്കേടുണ്ട്. കാര്യങ്ങള്‍ ജ്ഞാന/ബോധതലത്തില്‍ നിന്നാല്‍ അതങ്ങ് മനസ്സിലേക്കിറങ്ങില്ല. മറിച്ച് അനുഭവത്തിന്റെ നിരപ്പിലേക്ക് നിരങ്ങിയെത്തുമ്പോഴാണ് കണ്ണ് തുറക്കുക. അപ്പോള്‍, തനിയാഥാര്‍ഥ്യത്തിന്റെയും കേവലജ്ഞാനത്തിന്റെയും ഇടക്ക് കിടക്കുന്ന ത്യാഗപീഡാദികളുടെ കൃത്രിമാവസ്ഥയാണ് ഹജ്ജും നോമ്പുമൊക്കെ. ഹജ്ജിന്റെ വേരിലേക്ക് തന്നെ വരാം. ഹസ്‌റത്ത് ഇബ്‌റാഹീം(അ)മിനോട് അല്ലാഹു ‘ത്യാഗം വേണം, ത്യാഗം വേണം’ എന്നിങ്ങനെ മൊത്തത്തില്‍ പറഞ്ഞ് ജ്ഞാനാവസ്ഥയില്‍ നിലനിര്‍ത്തുകയല്ല. മറിച്ച് ജീവിതത്തിന്റെ സന്ധ്യാസിന്ദൂരം ഇരുളിലലിയാന്‍ നേരത്താണ് പുത്രസൗഭാഗ്യത്തിന്റെ കതിര്‍വെട്ടം ഉദിച്ചുയരുന്നത്. അങ്ങനെ കിട്ടിയ പൊന്നിസ്മാഈലിനെ കൂടെ നിര്‍ത്തരുത്, ഹിഫ്‌ള് പഠിക്കാന്‍ ദൂരെ അയക്കണം/ ഇന്നാലിന്ന സൂഫിഗുരുവിന്റെ ഭൃത്യനായി നേര്‍ച്ചനേരണം എന്നൊന്നുമല്ല പറയുന്നത്. മറിച്ച്, ചങ്കില്‍ കത്തികുത്തി പച്ചക്കറുക്കണമെന്നാണ്! അതിലാണ് ഇബ്‌റാഹീം നബി പൂ പോലെ ജയിക്കുന്നത്. സാക്ഷാല്‍ അറവ് നടന്നോ ഇല്ലയോ എന്നതല്ല കാര്യം. കോഴിക്കോട് കോളജിലെ പേറ്റിച്ചിപ്പെണ്ണിന്റെ എഴുത്തു വായിച്ചാല്‍ അറുത്തുമുറിച്ച് തുണ്ടംതുണ്ടമാക്കി എന്നൊക്കെ തോന്നിപ്പാവാനിടയുണ്ട്. ദഹനക്കേട് വായുഗുളിക കൊടുത്ത് ചികിത്സിക്കാം, വിവരക്കേടിന് വൈദ്യമില്ലല്ലോ, അല്ലേ ഡോക്ടറേ…!

‘മനുഷ്യന്‍ അല്ലാഹുവിന്റെ അടിമയാണ്, ഭൗതിക ലോകത്തെ അവന്റെ വാസം നശ്വരമാണ്, ഏതു സമയത്തും എല്ലാം വലിച്ചെറിഞ്ഞ് പോവേണ്ടിവരും’ എന്ന ചിന്ത ലേഖനം വായിച്ചാലോ വഅള് കേട്ടാലോ ഒന്നും മനസ്സില്‍ അങ്ങ് വേരിറങ്ങിക്കിട്ടില്ല. അതിന് അനുഭവതലത്തിന്റെ ഹൃദയതാളം കേള്‍പ്പിക്കേണ്ടതുണ്ട്. അപ്പഴേ അതങ്ങ് അകത്തേക്കിറങ്ങൂ. ആയതിലേക്ക് അല്ലാഹു കാലാകാലങ്ങളില്‍ പലവിധ പരീക്ഷണങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇതു സംബന്ധമായി ഖുര്‍ആന്റെ ഒരു പരാമര്‍ശമുണ്ട്, അല്‍ബഖറ നൂറ്റമ്പത്തഞ്ചില്‍. സ്‌േട്രാങ്ങാണാ പ്രയോഗം. ‘വല നബ്‌ലുവന്നകും’. നാം കട്ടായമായും നിങ്ങളെ പരീക്ഷിക്കുമെന്ന്!!! എന്തെല്ലാം വിധേന? ഭയം, വിശപ്പ്, സ്വത്തുവിനാശം, ആള്‍നാശം, വിളനാശം.

പരീക്ഷണങ്ങള്‍ രണ്ട് വിധമുണ്ട്; വ്യക്തിപരം, സാമൂഹികം. അതികഠിനമായ പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയവരാണ് അമ്പിയാക്കള്‍. പോയകാല സമൂഹങ്ങളെ അല്ലാഹു പേമാരി, കൊടുങ്കാറ്റ്, പ്രളയം, ഭൂകമ്പം, ഘോരഘോഷം, തീക്കാറ്റ്, മണ്ണുവിള്ള്, കല്ലുമഴ, തവളപ്രളയം, ചോരവിന്യാസം, ചെള്ളുവീഴ്ച, പേന്‍വാഴ്ച ആദിയായവ കൊണ്ട് പരീക്ഷിച്ചിട്ടുണ്ട്. ഒരുപാടാളുകള്‍ക്ക് ഇത് തിരിച്ചറിവിനുള്ള കുറിമാനമാവും. ചിന്തിക്കുന്നവരുടെ തലച്ചോറ്റിലേക്ക് ചൂടെണ്ണയൊഴിക്കുന്ന ചില വചനങ്ങളുണ്ട് ഖുര്‍ആനില്‍. പ്രപഞ്ചത്തിന്റെ സ്വാഭാവികവും ചാക്രികവുമായ ഗമനത്തില്‍ ആലസ്യപ്പെട്ടു കിടക്കുന്നവരെ ഉണര്‍ത്താന്‍ പോന്നതുമാണവ.

രാത്രിയുറങ്ങിയാല്‍ പ്രഭാതം ഉദിച്ചുവരും/ വരണം എന്നാണ് നാം നിനക്കുന്നത്. എന്നപോലെ പകല്‍ വാടിയാല്‍ സന്ധ്യ പാറി വരണമെന്നും. പക്ഷെ, ഖുര്‍ആന്‍ ചോദിക്കുന്നത്, ഈ രാത്രി മാറിപ്പോകാതെ അങ്ങോട്ട് സ്ഥിരമായി നിലനിന്നു എന്നുവരികില്‍ പകല്‍പ്രകാശം നിങ്ങള്‍ക്കാര് കൊണ്ടുതരും? പകല്‍ വഴിമാറാതെ, സ്ഥായീഭാവം പ്രാപിക്കുകയാണെങ്കില്‍ പുതച്ചുറങ്ങാവുന്ന രാത്രി നിങ്ങള്‍ക്കാര് തരും മക്കളേ? കേള്‍ക്കുന്ന മാത്രയില്‍ തോന്നും, ഫൂൂൂൂ. എന്തായീപ്പറയുന്നതെന്ന്?

എങ്കില്‍, ഇപ്പോള്‍ സംഭവിച്ചതിന്റെ ഒരു കോണ്‍ട്രാസ്റ്റ് ചോദ്യം ഖുര്‍ആനിലുണ്ട്, അത് കേള്‍ക്ക്! നിങ്ങള്‍ക്കുള്ള വെള്ളം അങ്ങു വലിഞ്ഞുപോയാല്‍ നിങ്ങള്‍ക്കാര് തരും വെള്ളം? അതറിയാന്‍ മെയ് മാസത്തിന്റെ അത്യുഷ്ണാവസ്ഥ മനസ്സില്‍ വരക്ക്. തോടും പാടവുമെല്ലാം വറ്റിവരണ്ടിരിക്കുകയാണ്. ജൂണ്‍ പാതിയായിട്ടും മഴ പൊടിഞ്ഞില്ല. വെള്ളക്കുടവുമായി പെണ്ണുങ്ങള്‍ കെട്ടിക്കാത്തിരിക്കുന്ന ഫോട്ടോകളാണ് പത്രങ്ങളില്‍. ജൂലൈ പിറന്നിട്ടും, മാനം വെളുവെളു. വരള്‍ച്ചാമരണങ്ങള്‍ ചാനലുകളില്‍ ചാകര. ഓര്‍ത്തുനോക്കൂ! ഒരു രണ്ട് മാസം കൂടി, ഒരിറ്റ് ചുരത്താതെ മേഘങ്ങള്‍ മാഞ്ഞാളം കളിക്കുകയാണ്- ഇപ്പോള്‍ തോന്നുന്നു വെള്ളം കയറിയാല്‍ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാം. വെള്ളമങ്ങ് വറ്റിവലിഞ്ഞാല്‍ എന്തുണ്ട് ഹേ നിവൃത്തി??? യാ അല്ലാഹ്!
ഇതിന്റെ നേരെതിരാണ് ദിവസങ്ങള്‍ക്ക് മുമ്പ് നാം കണ്ടത്. പെയ്ത്തുതന്നെ പെയ്ത്ത്. മതിമതിയെന്ന് മനസ്സ് മിടിച്ചിട്ടും മഴ നില്‍ക്കുന്നേയില്ല. നമ്മളൊന്നും ജനിച്ചിട്ട് കണ്ടിട്ടില്ലാത്ത പ്രളയപ്പെരുമ. വയനാടിനെ അത് കുഴച്ചുകോരി. മലയോരത്തെ അപ്പിച്ചയാക്കി. മധ്യകേരളത്തെ പൊതിര്‍ത്തിക്കിടത്തി. അടുത്ത ചോദ്യമാണ് ശ്രദ്ധിക്കേണ്ടത്. എന്നിട്ടതെങ്ങനെയാണ് നിന്നുകിട്ടിയത്. മന്ത്രിസഭ ചേര്‍ന്നിട്ടോ?, വിദഗ്ധര്‍ കോപ്ടറില്‍ ചുറ്റിയിട്ടോ?, ഐക്യരാഷ്ട്രസഭ ഏറ്റെടുത്തിട്ടോ? അതോ, ദുരിതാശ്വാസ ദാനത്തിന്റെ ഒഴുക്ക് കണ്ടിട്ടോ? ആരാണ് മഴയുടെ മെയ്ന്‍സ്വിച്ചോഫിക്കിയത്? ആരാണ് കാര്‍മേഘങ്ങളുടെ ഫീസ് വലിച്ചത്? ആരാണ് ഉരുള്‍പൊട്ടലിന്റെ നെറുംതല തല്ലിയുടച്ചത്?

ഒന്നുമല്ല, ഒന്നുമല്ല! കരുണാമയനായ അല്ലാഹുവിന്റെ ദാക്ഷിണ്യം ഒന്നുകൊണ്ട് മാത്രം. ആ പെയ്ത മഴ നമ്മളിത് വായിക്കുന്ന ഇന്ന് വരെ തുടര്‍ന്നിരുന്നുവെങ്കില്‍ പിന്നെ കേരളം പ്രളയളം ആയി മാറിയേനെ. അത് കേവലം മാനം തൊടാത്ത കല്‍പ്പനയല്ല. എത്രയോ ഭൂപ്രദേശങ്ങളെ ഇമ്മട്ടില്‍ തവിടുപൊടിയാക്കിയതിന്റെ കഥനങ്ങള്‍ ഖുര്‍ആനില്‍ കാണാം. ഒരൊറ്റ ഗ്രാമവാസിയെയും പരീക്ഷണമിറക്കാതെ വിട്ടേക്കുകയില്ല എന്ന് ഖുര്‍ആന്‍ തറപ്പിക്കുന്നുണ്ട്. ഇങ്ങനെയാണ് വിഷയത്തെ പറഞ്ഞുപടര്‍ത്തേണ്ടത്. അല്ലാതെ പ്രളയം… പരിഛേദം… സമകാലികം… പുണ്ണാക്ക് എന്നിങ്ങനെ പറയലല്ല. ഇനിയെങ്ങാനും നീ പറഞ്ഞത് പോലെയാണ് ഞാന്‍ എഴുതിയത് എന്ന് പറഞ്ഞാല്‍ ആ പറഞ്ഞതേ ഓര്‍മയുണ്ടാവൂ, ഓര്‍മിക്കുന്നത് നന്ന്!
.

LEAVE A REPLY

Please enter your comment!
Please enter your name here