പോലീസ് സ്റ്റേഷന്‍ വീടായ കഥ

ഇത് രണ്ട് പെണ്‍കുട്ടികളുടെ കഥയാണ്. ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ അച്ഛന്‍, മറ്റൊരാളുടെ ജീവിതത്തിലേക്ക് ചേക്കേറിയ അമ്മ, പിന്നെയുള്ളത് അനാരോഗ്യവും പ്രായാധിക്യവും തളര്‍ത്തിയ വല്യമ്മയും വല്യച്ഛനും. രണ്ടാനച്ഛന്‍ കൂടി വില്ലനായതോടെ നില്‍ക്കക്കള്ളിയില്ലാതെ പെണ്‍കുട്ടികളിലൊരാള്‍ പോലീസിനെ സമീപിക്കുന്നു. അവിടെ തുടങ്ങുന്നു ഈ ജീവിതകഥയുടെ ട്വിസ്റ്റ്...
Posted on: September 10, 2018 11:01 pm | Last updated: September 10, 2018 at 11:01 pm
SHARE

മാതാപിതാക്കളുടെ വേര്‍പിരിച്ചിലില്‍ ബലിയാടുകളാകേണ്ടി വന്ന കുട്ടികള്‍ നിരവധിയുണ്ട് നമുക്ക് ചുറ്റിലും. പലവിധ മാനസിക, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവര്‍ അഭിമുഖീകരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ വ്യത്യസ്ത അരക്ഷിതാവസ്ഥകളും. ഇങ്ങനെ ഒറ്റപ്പെട്ടു പോയ മക്കളെയോ മാതാപിതാക്കളെയോ കുറിച്ച് പിന്നീട് അധികമാരും ചിന്തിക്കാറില്ല. സര്‍ക്കാറിന്റെ ഏതെങ്കിലും അഭയ കേന്ദ്രങ്ങളില്‍ അന്തിയുറങ്ങി ആശ്വാസമടയേണ്ട അവസ്ഥയാണ് ഇവര്‍ക്കുണ്ടാകാറുള്ളത് പലപ്പോഴും. എന്നാല്‍, അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ച, രണ്ട് പെണ്‍കുട്ടികളുടെ വീടാണിപ്പോള്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍. മാതാപിതാക്കള്‍ ജീവിച്ചിരുന്നിട്ടും അനാഥത്വവും അരക്ഷിതാവസ്ഥയും നേരിടേണ്ടി വന്നവരാണിവര്‍. പോലീസുകാരാണിന്ന് ഇവരുടെ അച്ഛനും അമ്മയും ജ്യേഷ്ഠന്മാരും ജ്യേഷ്ഠത്തിമാരും അമ്മാവന്മാരുമൊക്കെ; കരുതല്‍ കൊണ്ട് കൂടപ്പിറപ്പുകളായവര്‍.

അത് വെറുമൊരു പരാതിയായിരുന്നില്ല

പോലീസ് സ്റ്റേഷനിലെ പതിവ് തിരക്കിലേക്കാണ് തൃക്കുറ്റിശ്ശേരി എരണോത്ത് അനുരൂപ ആ പരാതിക്കടലാസും പിടിച്ച് വരുന്നത്. തനിക്കും അനിയത്തി ആര്യക്കും പഠനാവശ്യത്തിന് ഉപയോഗിക്കാനായി മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് സ്വരൂപിച്ച പണം അമ്മയുടെ ഒത്താശയോടെ രണ്ടാനച്ഛന്‍ കൈക്കലാക്കിയെന്നതായിരുന്നു ആ പരാതി. സ്‌കോളര്‍ഷിപ്പ് തുകയില്‍ നിന്ന് തന്റെയും അനിയത്തിയുടെയും പഠന ചെലവുകള്‍ കഴിച്ച് അല്‍പ്പം മിച്ചം വെച്ച തുകയായിരുന്നു അത്. ആ സമയം സ്റ്റേഷനിലുണ്ടായിരുന്ന സി ഐ. കെ സുഷീര്‍, അനുരൂപയുടെയും കുടുംബത്തിന്റെയും ദുരിതകഥ മുഴുവന്‍ ചോദിച്ചറിഞ്ഞു. ഇളംപ്രായത്തില്‍ തന്നെ ജീവിതത്തിന്റെ കയ്‌പ്പേറിയ നിമിഷങ്ങള്‍ അനുഭവിച്ച് തീര്‍ത്തവര്‍, ഒറ്റപ്പെടലിന്റെയും ദാരിദ്ര്യത്തിന്റെയും അടിക്കടിയുള്ള ചൂഷണങ്ങള്‍ക്കിരയായി പ്രായമായ വല്യച്ഛന്റെയും വല്യമ്മയുടെയും വീട്ടില്‍ അഭയം പ്രാപിക്കേണ്ടി വന്നവര്‍. പ്രഥമദൃഷ്ട്യാ ഇതെല്ലാമാണ് ആ പെണ്‍കുട്ടികളെന്ന് സി ഐ സുഷീറിന് മനസ്സിലായി.

ആദ്യം ‘രക്ഷപ്പെട്ടത്’ അച്ഛന്‍

രണ്ടാമത്തെ കുഞ്ഞും പെണ്ണാണെന്ന് അറിഞ്ഞതോടെയാണ് അച്ഛന്‍ ഇവരെ ഉപേക്ഷിച്ചത്. ദൂരെയെങ്ങോ പോയി മറ്റൊരു വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങി അയാള്‍. പിന്നീട് കൂലിവേല ചെയ്തും മറ്റും കഷ്ടപ്പെട്ട് അമ്മ ഇരുവരെയും വളര്‍ത്തി. അതിനിടയിലാണ് ഏക ആശ്രയമായിരുന്ന അമ്മയും മറ്റൊരു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതോടെ രണ്ടാനച്ഛനും അമ്മക്കും ഇരുവരും ഒരു ഭാരമാവാന്‍ തുടങ്ങി. സ്വന്തമെന്ന് കരുതിയതെല്ലാം അതോടെ അവസാനിച്ചു. സമൂഹത്തിനു മുമ്പില്‍ അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികള്‍ എന്നതിലുപരി ഒറ്റപ്പെടലിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും വലിയ മുറിവുകളായിരുന്നു അത്. പഠിക്കാന്‍ ഏറെ മിടുക്കികളായ അനുരൂപക്കും ആര്യക്കും പിന്നിടങ്ങോട്ടുള്ള പ്രയാണത്തില്‍ തുണയായത് അമ്മയുടെ മാതാപിതാക്കളായിരുന്നു. അവരാണെങ്കില്‍ പ്രായാധിക്യത്താല്‍ നിത്യരോഗികളും കാര്യമായ വരുമാനമില്ലാത്തവരും. ദുഃഖങ്ങള്‍ക്കിടയിലും ഈ തുണ ഇവര്‍ക്ക് നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യം നല്‍കിയെങ്കിലും സാമ്പത്തികമായും ജാതീയമായും പിന്നിലായിരുന്നതിനാല്‍ ജീവിക്കാനുള്ള വഴി തുറന്നു നല്‍കിയില്ല. പഠിക്കാനും ഉയരങ്ങളിലെത്താനും സമൂഹത്തില്‍ തല ഉയര്‍ത്തി നില്‍ക്കാനും ഇരുവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ഒരുപാട് പഠിക്കാന്‍ ബുദ്ധിയും ചിന്തയും മാത്രം പോരെന്നും പണം വേണമെന്നുമുള്ള തിരിച്ചറിവ് ഇവരെ വല്ലാതെ തളര്‍ത്തി. അതിനിടെയാണ് മൊബൈല്‍ വാങ്ങി നല്‍കാനായി സ്വരൂപിച്ച പണം രണ്ടാനച്ഛനെ അമ്മ ഏല്‍പ്പിക്കുന്നത്. ഏറെ കാത്തിരുന്നിട്ടും ഫോണ്‍ കിട്ടിയില്ല. കാശ് തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ടാനച്ഛന്‍ കൈ മലര്‍ത്തി. എല്ലാ പ്രയാസങ്ങളും ഉള്ളിലൊതുക്കി കഴിയുന്നതിനിടക്കാണ് തങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് കൂടി നഷ്ടപ്പെട്ട അവസ്ഥയുണ്ടായത്. ഇതു താങ്ങാനാവാതെയാണ് അനുരൂപ പരാതി നല്‍കാനായി ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെത്തിയത്.

കാരുണ്യച്ചിറകുകള്‍ വിടരുന്നു

പച്ചയായ ജീവിത കഥ വന്നു തറച്ചത് സി ഐയുടെ കാതുകളിലായിരുന്നില്ല; മറിച്ച് ഹൃദയത്തിലായിരുന്നു. ഇരുട്ടില്‍ മൂടി നില്‍ക്കുന്ന ഇവരുടെ കുടുംബത്തിലേക്ക് വെളിച്ചത്തിന്റെ തിരിനാളങ്ങളുമായാണ് സുമനസ്സുകളായ പോലീസ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. സ്റ്റേഷനിലെ 55 ഉദ്യോഗസ്ഥരുടെയും യോഗം സി ഐ വിളിച്ചു. ആദ്യപടിയായി കുറച്ചു പണം എല്ലാവരില്‍ നിന്നുമായി ശേഖരിച്ച് കുട്ടികള്‍ക്ക് നല്‍കി. പിന്നീടൊരു ദിവസം യോഗം ചേര്‍ന്ന് കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ, 2017 സപ്തംബര്‍ 21ന് അന്നത്തെ റൂറല്‍ എസ് പി പുഷ്‌കരന്‍ ഐ പി എസാണ് ആര്യയെയും അനുരൂപയെയും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. അന്നു മുതല്‍ ഈ രണ്ട് വിദ്യാര്‍ഥിനികളുടെയും ഭക്ഷണമടക്കമുള്ള ദൈനംദിന ചെലവുകളും ബാലുശ്ശേരി സ്റ്റേഷനിലെ പോലീസുകാരാണ് നടത്തുന്നത്. ഇതോടെ സ്വന്തം അച്ഛനമ്മമാരില്‍ നിന്ന് ലഭിക്കാത്ത വാത്സല്യവും സ്‌നേഹവും ആവോളം നുകര്‍ന്ന് അനുരൂപയും ആര്യയും സ്റ്റേഷനിലെ അരുമകളായി. ഇവര്‍ക്കു വേണ്ടി അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു നിന്ന് ആവശ്യമായതെല്ലാം ചെയ്തു നല്‍കാന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റശീദിനെയും ശ്രീജയെയും ചുമതലപ്പെടുത്തി. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സഹായങ്ങള്‍ നല്‍കാനായി ബേങ്ക് അക്കൗണ്ടും ആരംഭിച്ചു. ഓരോ മാസവും അനുരൂപ- ആര്യ ഫണ്ടിലേക്ക് ഒരു തുക ഉദ്യോഗസ്ഥര്‍ നല്‍കും. നിലവിലെ ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയാലും ഫണ്ട് കാര്യക്ഷമമായിത്തന്നെ തുടരാന്‍ സാധിക്കുന്ന രീതിയിലാണ് സംവിധാനം. ഓണം, വിഷു തുടങ്ങിയ ഉത്സവാഘോഷവേളകളില്‍ പുതുവസ്ത്രങ്ങളും നിത്യജീവിതത്തിനുള്ള ഭക്ഷ്യവസ്തുക്കളുമുള്‍പ്പെടെ എല്ലാം ഭംഗിയായി പോലീസുകാര്‍ നിര്‍വഹിച്ചു പോരുന്നു. ബസ് ഓണേഴ്‌സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി യൂണിറ്റ്, ബാലുശ്ശേരി പ്രസ്‌ക്ലബ്, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ് തുടങ്ങിയ നിരവധി സംഘടനകള്‍ ഇതിനകം തന്നെ വസ്ത്രങ്ങളും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള പഠന ഉപകരണങ്ങളും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പോളിസിയും കുട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ ചരിത്രത്തിലാദ്യമായി ഇത്തരമൊരു സല്‍പ്രവൃത്തിക്ക് തുടക്കമിട്ട ബാലുശ്ശേരി പോലീസിനെ ഡി ജി പി ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദിച്ചിട്ടുണ്ട്. അങ്ങനെ ജീവിതപ്പെരുവഴിയില്‍ തനിച്ചായിപ്പോയ ഈ പെണ്‍കുട്ടികള്‍ ഇന്ന് സുരക്ഷിതമായ കരങ്ങളില്‍ വളരുകയാണ്. ഒരുപാട് അച്ഛനമ്മമാരുടെ വാത്സല്യവും സ്‌നേഹവും ഇവര്‍ ഇന്നനുഭവിക്കുന്നു. ഇവരുടെ വീടും കുടുംബവും ഈ സ്റ്റേഷന്‍ തന്നെയാണ്. പോലീസ് സ്റ്റേഷനുകളെയും ഉദ്യോഗസ്ഥരെയും ഭയത്തോടെയും ആശങ്കയോടെയും കാണുന്ന രീതികളുടെ ഒരു പൊളിച്ചെഴുത്താണ് ഇവിടെ നടന്നത്. കാക്കിയുടുപ്പിനോട് സാധാരണക്കാര്‍ വച്ചുപുലര്‍ത്തിയിരുന്ന ഭയത്തിലൂന്നിയ ഒരകല്‍ച്ച മാനവിക പ്രവര്‍ത്തനങ്ങളിലൂടെ അലിഞ്ഞില്ലാതായിട്ടുണ്ടിവിടെ.

തിളങ്ങും നക്ഷത്രങ്ങളാകണം

കുന്നോളം സ്വപ്‌നങ്ങള്‍ കാണുവാനും അതനുസരിച്ച് ലക്ഷ്യങ്ങള്‍ കൈവരിക്കാനുമാണ് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ബി എസ് സി ഫിസിക്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ അനുരൂപയോടും മാളിക്കടവ് ഐ ടി ഐയില്‍ സ്റ്റെനോഗ്രാഫിക്ക് പഠിക്കുന്ന ആര്യയോടും പോലീസുകാര്‍ക്ക് പറയാനുള്ളത്. പരിശ്രമിച്ച് പഠിക്കാനും സമൂഹത്തിലെ തിളക്കമാര്‍ന്ന നക്ഷത്രങ്ങളാകാനും സ്വന്തം മക്കളെപ്പോലെ പോലീസുകാര്‍ ഉപദേശിക്കുന്നു. ഇല്ലായ്മയില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും വളര്‍ന്ന് ഉന്നതങ്ങള്‍ കീഴടക്കിയ മഹാമനീഷികളെയാണ് ഇവര്‍ക്കു മുമ്പില്‍ മാതൃകകളായി പോലീസുകാര്‍ അവതരിപ്പിക്കുന്നത്.

പോലീസുകാര്‍ നല്‍കുന്ന ഉപദേശങ്ങളെ അപ്പാടെ അംഗീകരിച്ച് സമൂഹത്തിലെ ഉന്നത സ്ഥാനങ്ങള്‍ സ്വന്തമാക്കാന്‍ തന്നെയാണ് അനുരൂപയും ആര്യയും ലക്ഷ്യമിടുന്നത്. ആരുമില്ലാത്ത കാരണത്താല്‍ ഇനി മുന്നോട്ടുയരാന്‍ കഴിയില്ലന്നു കരുതി തളര്‍ന്നിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ വെളിച്ചവുമായി പോലീസുകാരെത്തിയത്. ഓരോ താങ്ങും തണലും ലഭിക്കുമ്പോഴും സന്തോഷത്താല്‍ കരഞ്ഞു പോയ ദിനങ്ങള്‍ ആര്യയും അനുരൂപയും ഓര്‍ക്കുന്നു. ‘ ഇപ്പോള്‍ ഞങ്ങള്‍ തീര്‍ത്തും സുരക്ഷിതരാണ്. ഒറ്റപ്പെടലിന്റെയോ ഭീഷണിയുടെയോ ഭയമില്ല. മറ്റുള്ളവരെപ്പോല ഞങ്ങളും സന്തോഷത്തോടെ ജീവിക്കുന്നു. വഴിതുറന്നെങ്കിലും ഞങ്ങളുടെ സ്വപ്‌നങ്ങള്‍ നിറവേറിക്കഴിഞ്ഞിട്ടില്ല. നന്നായി പഠിച്ച് ഉയരങ്ങളിലെത്തും. സ്വപ്‌നങ്ങളെ കീഴടക്കുന്നതാണ് ഞങ്ങളെ ഏറ്റെടുത്തവര്‍ക്ക് നല്‍കാനുള്ള ഏറ്റവും വലിയ സന്തോഷവും കടപ്പാടും. അത് ഞങ്ങള്‍ നിറവേറ്റുക തന്നെ ചെയ്യും.’ അനുരൂപയുടെ വാക്കുകളാണിത്. തീര്‍ത്താല്‍ തീരാത്ത കടപ്പാടും നന്ദിയും അറിയിച്ച്, കിട്ടുന്ന സമയം പഠനത്തില്‍ മുഴുകി കൃത്യമായ ലക്ഷ്യ ബോധത്തോടെ മുന്നേറുകയാണ് ഇരുവരും.
.

LEAVE A REPLY

Please enter your comment!
Please enter your name here