ബാബരി കേസ്: ഏപ്രിലിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി

Posted on: September 10, 2018 10:36 pm | Last updated: September 10, 2018 at 10:36 pm

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ 2019 ഏപ്രിലിന് മുന്‍പായി എങ്ങനെ വിചാരണ പൂര്‍ത്തിയാക്കുമെന്ന കാര്യം വിശദീകരിക്കമമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. ലഖ്‌നൗ സെഷന്‍ ജഡ്ജിയോടാണ് കേസിന്റെ വിചാരണ നിശ്ചിത സമയത്തിനുള്ളില്‍ എങ്ങനെ പൂര്‍ത്തിയാക്കുമെന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റീസുമാരായ ആര്‍ എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് വിചാരണ കോടതിക്ക് നിര്‍ദേം നല്‍കിയിരിക്കുന്നത്. മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണ കോടതി ജഡ്ജി എസ് കെ യാദവിന്റെ സ്ഥാനക്കയറ്റം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രതികരണവും സുപ്രീംകോടതി തേടിയിട്ടുണ്ട്.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി ഉള്‍പ്പടെ 13 പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി പുനസ്ഥാപിച്ചിരുന്നു. ഈ കേസില്‍ ഇവര്‍ വിചാരണ നേരിടണമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ പിസി ഘോഷ്, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് വിധിച്ചിരുന്നു.