Connect with us

Articles

ആ വെള്ളമൊക്കെ എവിടെപ്പോയി?

Published

|

Last Updated

കേരളത്തില്‍ പ്രളയ ജലം ഇറങ്ങിപ്പോയ സ്ഥലങ്ങളില്‍ വരള്‍ച്ചയാണിപ്പോള്‍. മൂന്നാഴ്ച മുമ്പ് നിറഞ്ഞു കവിഞ്ഞ നദികളെല്ലാം വറ്റിക്കൊണ്ടിരിക്കുന്നു. പല പുഴകളും പ്രളയത്തിന് മുമ്പുണ്ടായിരുന്നതില്‍ കുറവ് വെള്ളമാണിപ്പോള്‍ ഉള്ളത്. പ്രളയ സഹായങ്ങള്‍ വന്നുതീരുന്നതിനു മുമ്പ് സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലായിരിക്കുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്കാണ് നാം നടന്നടുക്കുന്നത്. എന്നുവെച്ചാല്‍, കാലവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാണ് കേരളം.

ആഗസ്റ്റ്് മാസത്തിലെ പ്രളയം സമാനതകള്‍ ഇല്ലാത്തതായിരുന്നു. സംസ്ഥാനത്തു നിമിഷപ്രളയവും നദികള്‍ കരകവിഞ്ഞൊഴുകുന്ന പ്രളയവും ചേര്‍ന്ന ഒരു പ്രളയമായിരുന്നു ഉണ്ടായത്. കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ വെള്ളത്തോടെ മഴ പെയ്യുമ്പോള്‍ നിമിഷ പ്രളയം രൂപപ്പെടുന്നു. ഒഴുക്ക് പെട്ടെന്ന് കൂടും. നദികളില്‍ നോക്കിനില്‍ക്കേ ജലവിതാനം ഉയരും. ശക്തമായ ഒഴുക്കും ഉണ്ടാകും. ഈ വര്‍ഷം മെയ് മാസം മുതല്‍ കേരളത്തില്‍ കാലവര്‍ഷം ഉണ്ടായിരുന്നു. ഡാമുകള്‍ നിറയുന്ന സാഹചര്യവും ഉണ്ടായിരുന്നു. ആഗസ്റ്റ് പതിനഞ്ചിന് ശേഷം ഏതാനും ദിവസം നമുക്ക് കിട്ടിയത് കനത്ത മഴയായിരുന്നു. അപ്രതീക്ഷിതമായ അധിക ജലത്തോടുകൂടിയ മഴയായിരുന്നു. അത് നിമിഷ പ്രളയത്തിലേക്കു കടന്നു. അതുകൊണ്ട് നിറയാറായ ഡാമുകള്‍ ഞൊടിയിടയില്‍ നിറഞ്ഞു കവിഞ്ഞു.
ഹൈറേഞ്ചില്‍ ഈ പ്രളയത്തില്‍ മുന്നൂറിലേറെ ഉരുള്‍പൊട്ടലാണ് പ്രളയകാലത്തു ഉണ്ടായത്. മണ്ണും മരങ്ങളും ഒളിച്ചിറങ്ങിയതിനോടൊപ്പം ഉരുള്‍പൊട്ടലില്‍ പുറത്തുവന്നത് അളവില്ലാത്ത ജലമാണ്. ഇതോടെ കേരളത്തിലെ ഒട്ടുമിക്ക ഡാമുകളും നിര നിരയായി തുറക്കേണ്ട അവസ്ഥ വന്നു. പിന്നീട് സംസ്ഥാനത്തെ നദികളില്‍ കുത്തൊഴുക്കുണ്ടായി. നദിക്കരകള്‍ ഇടിയുന്നതിനും കരയിലെയും കാട്ടിലേയും നാട്ടിലെയും മേല്‍മണ്ണ് കുത്തിയൊലിച്ചു പോകുന്നതിനും ഇടയാക്കി. ഉരുള്‍പൊട്ടലിനു ശേഷം ഹൈറേഞ്ചിലെ മേല്‍മണ്ണ് ഭൂഗര്‍ഭ ജലാശയങ്ങക്ക് അടുത്ത് വരെ തുറന്നു കിടക്കുന്നു. മഴ നിന്നത് വളരെ പെട്ടെന്നായിരുന്നു. പൊടുന്നനെ ഒഴുക്ക് നിലച്ചു. നദികളുടെ അടിത്തട്ട് പുറത്താകുന്ന തരത്തില്‍ വെള്ളം നിന്നു. അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിച്ചു തുടങ്ങി. അതു തുടര്‍ന്നു. മലകള്‍ ഉരുള്‍പൊട്ടല്‍ മൂലം മണ്ണിടിഞ്ഞു സൂര്യതാപത്തിനു വിധേയമായി.

നദികളില്‍ എത്തിക്കൊണ്ടിരുന്ന മഴവെള്ളം ഉരുള്‍പൊട്ടല്‍ മൂലം കുത്തിയൊലിച്ചു പോയതിനാല്‍ നദികളിലേക്കുള്ള ഉറവകളുടെ എണ്ണം ക്രമാതീതമായി ഇല്ലാതായി. നദി കളുടെ അടിത്തട്ട് പുറത്തായത് ഭൂഗര്‍ഭ ജലം സൂര്യ താപമേല്‍ക്കുന്നതിനു കാരണമായി. ഒപ്പം മണ്ണിടിഞ്ഞ നദീ തീരവും എക്കല്‍ മണ്ണ് ഒഴുകി പോയ പ്രദേശങ്ങളും ചൂടേറ്റു കൂടിയ തോതില്‍ ബാഷ്പീകരണത്തിനു വിധേയമായി. പ്രളയജലം വേഗത്തില്‍ ഒഴുകി പോയതിനാല്‍ വനാന്തരങ്ങളിലും മലകളിലും അരിച്ചിറങ്ങേണ്ട മഴവെള്ളം ഒലിച്ചു പോയി. മണ്ണ് വരണ്ടു ജലവിതാനം താഴ്ന്നു. പ്രളയജലം വേഗത്തില്‍ ഒഴുകിയതുകൊണ്ട് മിക്കവാറും സ്ഥലങ്ങളിലെ മേല്‍മണ്ണും ജൈവമേല്‍ത്തട്ടും ഒഴുകിപ്പോയി. വീടുകളുടെ അകത്തു ഊറിയത് ഈ ഒഴുകിവന്ന ജൈവ മേല്‍മണ്ണ് ആയിരുന്നു. ജൈവ മേല്‍മണ്ണ് പോയസ്ഥലങ്ങളില്‍ പെട്ടെന്ന് ചൂടേല്‍ക്കുന്നതിനും ബാഷ്പീകരണ തോത് വര്‍ധിക്കുന്നതിനും ഇടയാക്കി. കിണറുകളും പുഴകളും ജലാശയങ്ങളും വറ്റുന്നതിനു ഇത് വഴിവെച്ചു. ജൈവ മേല്‍മണ്ണില്‍ കഴിഞ്ഞിരുന്ന ജീവികള്‍ പ്രത്യേകിച്ചും മണ്ണിരകളും ഇരുതലമൂരികളും ഇതോടെ മൃതപ്രായരായി. പ്രളയം മൂലം ഇവ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു. ചളി കലര്‍ന്ന മേല്‍മണ്ണ് നഷ്ട്ടമായതിനാല്‍ ഇവക്കു ജീവിക്കാനുള്ള ഇടം ഇല്ലാതായി. ഇവയുടെ കൂട്ടമരണത്തിനു കാരണമായി. പ്രളയ അനന്തര ചൂട് വര്‍ധന കേരളത്തെ കുടിവെള്ള ക്ഷാമത്തിലേക്കും വരള്‍ച്ചയിലേക്കും എത്തിക്കും. വരുന്ന തുലാവര്‍ഷ മഴ വെള്ളം അതു കൊണ്ട് തന്നെ സംരക്ഷിക്കേണ്ടതുണ്ട്.
പ്രളയത്തിന് ശേഷം സംസ്ഥാനത്തു ചില ഇടങ്ങളില്‍ ഭൂമി താഴ്ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹൈറേഞ്ചിലെ ഭൂഗര്‍ഭ ജല ചൂഷണം പരിധി വിട്ടതിനാല്‍ മിക്കവാറും ഭൂഗര്‍ഭ ജലാശയങ്ങള്‍ കാലിയായി. മഴ പെയ്തു ഈ ഒഴിഞ്ഞ ഭൂഗര്‍ഭ ജല അറകളുടെ മുകളിലെ മണ്ണില്‍ വെള്ളം നിറഞ്ഞപ്പോള്‍ ഉണ്ടായ അധിക ഭാരം മണ്ണിടിയുന്നതിനു കരണമായതാകാം ഇത്. പ്രകൃതി വിഭവ ചൂഷണം അതിരു കടക്കുമ്പോള്‍ ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് പരിധി ഇല്ല എന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്.