സഞ്ജീവ് ഭട്ട് വേട്ടയാടപ്പെടുന്നു

Posted on: September 10, 2018 10:32 am | Last updated: September 10, 2018 at 10:32 am
SHARE

ഭരണ തലപ്പത്തുള്ളവരുടെ കണ്ണില്‍ കരടായ ഉദ്യോഗസ്ഥരെ ഭരണസ്വാധീനമുപയോഗിച്ചോ വ്യാജകേസുകളില്‍ കുടുക്കിയോ തളച്ചിടുന്നത് രാജ്യത്ത് പതിവു സംഭവമാണ്. ഈ ഗണത്തില്‍ ഒടുവിലത്തേതാണ് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരായ ഗുജറാത്ത് പോലീസിന്റെ നടപടി. ഒരു അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന 22 വര്‍ഷം മുമ്പത്തെ കേസുമായി ബന്ധപ്പെട്ടാണ് ഭട്ടിനെ ഇപ്പോള്‍ ഗുജറാത്ത് സി ഐ ഡി വിഭാഗം അറസ്റ്റ് ചെയ്തത്. ഡി സി പിയായിരുന്നപ്പോള്‍ ബസ്‌കന്ദയില്‍ അഭിഭാഷകനെതിരെ വ്യാജ നാര്‍കോട്ടിക് കേസ് ചമച്ചുവെന്നാണ് കേസ്. ഗുജറാത്ത് വംശഹത്യയിലെ ഹിന്ദുത്വത്തിന്റെ ഭീകര മുഖം തുറന്നു കാട്ടിയ ഉദ്യോഗസ്ഥനും കടുത്ത മോദി വിമര്‍ശകനുമാണ് സജ്ഞീവ് ഭട്ട്. ഇതാണ് ഭരണകൂടം നിരന്തരം അദ്ദേഹത്തെ വേട്ടയാടുന്നതിന് പിന്നിലെന്നും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ബി ജെ പി സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ കൊണ്ടാണ് 2002ല്‍ ഹിന്ദുത്വവാദികള്‍ വ്യാപകമായി അഴിഞ്ഞാടാനും നൂറുക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടാനും ഇടയാക്കിയതെന്ന് അന്ന് ഗുജറാത്ത് പോലീസിന്റെ തലപ്പത്ത് സേവനമനുഷ്ടിക്കവെ ലോകത്തോട് വിളിച്ച പറഞ്ഞ ഉദ്യോഗസ്ഥനാണ് സജ്ഞീവ് ഭട്ട്. ഗുജറാത്തില്‍ ഹിന്ദുത്വ ഭീകരര്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കെ 2002 ഫെബ്രുവരി 27ന് അന്നത്തെ മുഖ്യമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ സഞ്ജീവ് ഭട്ടും പങ്കെടുത്തിരുന്നു. കലാപം ധൃതി പിടിച്ചു നിയന്ത്രണവിധേയമാക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് യോഗത്തില്‍ മോദി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതെന്നാണ് ഭട്ടിന്റെ വെളിപ്പെടുത്തല്‍. ഹിന്ദുക്കള്‍ ഗോധ്ര കൂട്ടക്കൊലയിലുള്ള രോഷപ്രകടനം നടത്തുകയാണ്. മുസ്‌ലിംകള്‍ ഒരു പാഠം പഠിക്കട്ടെയെന്നായിരുന്നു മോദി തുടര്‍ന്നു പറഞ്ഞതത്രെ. ഇക്കാര്യങ്ങളെല്ലാം 2011 ഏപ്രിലില്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേചൊല്ലി വര്‍ഷങ്ങളായി ഗുജറാത്തിലെ സംഘ്പരിവാര്‍ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കയാണ്. ഈ യോഗത്തില്‍ താന്‍ പങ്കെടുത്തതായും കലാപം അമര്‍ച്ച ചെയ്യരുതെന്ന് മോദി പറഞ്ഞതായി വ്യാജ മൊഴിനല്‍കാന്‍ സജ്ഞീവ് ഭട്ട് തന്നെ നിര്‍ബന്ധിച്ചുവെന്നും കാണിച്ചു ഭട്ടിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന കെ ഡി പാന്ഥ് എന്ന കോണ്‍സ്റ്റബിള്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ 2011ല്‍ ഗുജറാത്ത് പോലീസ് ഭട്ടിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഭട്ടിനെ കുടുക്കാന്‍ വ്യാജ ഹരജിയാണ് പാന്ഥെയുടെതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസ് വിധി നരേന്ദ്ര മോദിതെറ്റായി വ്യാഖ്യാനിച്ചപ്പോള്‍ അതിനെതിരെയും സഞ്ജീവ് ഭട്ട് ശക്തമായി രംഗത്തു വന്നു. പ്രസ്തുത കേസില്‍ മോദിക്കെതിരെയും കലാപത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹരജിയില്‍, മോദിക്കെതിരെ നടപടി എടുക്കാന്‍ വിസമ്മതിക്കുകയും കേസില്‍ തീരുമാനമെടുക്കാനുള്ള അധികാരം മജിസ്‌ട്രേറ്റ് കോടതിക്കു നല്‍കുകയുമായിരുന്നു സുപ്രീംകോടതി വിധി. കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് കോടതി വിധിച്ചതെന്നായിരുന്നു മോദിയുടെ വ്യാഖ്യാനം. ഇതിനെതിരെ സഞ്ജീവ് ഭട്ട് മോദിക്കെഴുതിയ തുറന്ന കത്തല്‍, താങ്കള്‍ നിരപരാധിയാണെന്ന് വിധിയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല, ഇരകള്‍ക്ക് നീതിലഭിക്കുന്നതിനുള്ള ദിശ കാണിച്ചു കൊടുക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പിയുടെ സൈബര്‍ വിംഗ് പടച്ചു വിടുന്ന നുണകളെയും വിദ്വേഷ പ്രചാരണങ്ങളെയും തുറന്നു കാട്ടാറുള്ള ഭട്ടിന്റെ വിമര്‍ശനങ്ങള്‍ക്ക് നോട്ട് നിരോധം, മുന്നൊരുക്കമില്ലാത്ത ജി എസ് ടി തുടങ്ങി സര്‍ക്കാറിന്റെ തെറ്റായ നടപടികളും വിഷയീഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെയും ഭട്ട് പരിഹസിച്ചിരുന്നു. ഭട്ടിന്റെ മൂര്‍ച്ചയേറിയ വിമര്‍ശങ്ങള്‍ ബി ജെ പിയെയും സംഘ്പരിവാറിനെയും വല്ലാതെ അലോസരപ്പെടുത്താറുണ്ട്.

ഉദ്യോഗസ്ഥരെ വെച്ചു രാഷ്ട്രീയ കളിക്കുന്ന രീതി ഇന്ത്യന്‍ രാഷ്ട്രീയംത്തില്‍ സാര്‍വത്രികമാണ്. ഏത് സര്‍ക്കാര്‍അധികാരത്തിലേറിയാലും ആദ്യം നടപ്പിലാക്കുന്ന നടപടികളിലൊന്ന് ഉന്നതോദ്യോഗസ്ഥരുടെ പുനര്‍വിന്യാസമാണ്. പോലീസ് തലപ്പത്തും താക്കോല്‍ ദ്വാരസ്ഥാനങ്ങളിലും തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ അനുകൂലിക്കുന്നവരെ നിയമിക്കുകയാണ് ഇതിലൂടെ സാധ്യമാക്കുന്നത്. എന്നാല്‍ സംഘ്പരിവാര്‍ സര്‍ക്കാറുകള്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കാന്‍ സന്നദ്ധതയുള്ളവരെയാണ് നിയമിക്കുന്നത്. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ തുടര്‍ന്നു നിയമിതരായ എന്‍ കെ അമിന്‍, ടി എ ബരോട്ട് തുടങ്ങി മിക്ക പോലീസ് ഉദ്യോഗസ്ഥരും ഇത്തരക്കാരായിരുന്നു. ഇവരെ വെച്ചാണ് പിന്നീട് സംസ്ഥാനത്ത് വ്യാപകമായി വ്യാജഏറ്റുമുട്ടല്‍ നടത്തിയത്. തങ്ങളുടെ വലയില്‍ വീഴാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ ഏത് വിധേനയും സംഘ്പരിവാര്‍ നിശ്ശബ്ദരാക്കും. മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദു തീവ്രവാദികളാണെന്ന് കണ്ടെത്തുകയും കേസില്‍ സത്യസന്ധമായ നടപടിക്ക് സന്നദ്ധമാവുകയും ചെയ്ത മഹരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കാര്‍ക്കരെയുടെ അനുഭവം മുമ്പിലുണ്ട്. കാര്‍ക്കരെയുടെ മരണത്തിനുത്തരവാദികള്‍ ഹിന്ദുത്വ ഭീകരരാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് ജനങ്ങളില്‍ നല്ലൊരു പങ്കും. കാര്‍ക്കരെക്കെതിരെ നീണ്ട അതേ ഹസ്തങ്ങള്‍ തന്നെയല്ലേസജ്ഞീവ് ഭട്ടിനെ കല്‍തുറുങ്കില്‍ തളച്ചിട്ടു നിശ്ശബ്ദനാക്കാനും കരുക്കള്‍ നീക്കുന്നതും?