Connect with us

Articles

ലഹരി മാഫിയകളുടെ നീരാളിക്കൈകള്‍

Published

|

Last Updated

കേരളം അതിഭീകരമായ സാമൂഹികവിപത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രളയക്കെടുതികളില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ട നമ്മുടെ നാട് പതുക്കെ അതിജീവനത്തിന്റെ കരയിലേക്ക് എത്തുകയാണെന്ന ആശ്വാസങ്ങള്‍ക്കപ്പുറം വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നമായി ലഹരിമാഫിയകള്‍ വാപിളര്‍ന്നുനില്‍ക്കുകയാണ്. നവകേരളസൃഷ്ടി എന്നത് മനോഹരമായ ആശയം തന്നെ. എന്നാല്‍ ലഹരിയില്‍ മയങ്ങുന്ന സമൂഹത്തില്‍ ചിന്താശക്തി നഷ്ടമായ അധാര്‍മികളുടെയും അസാന്‍മാര്‍ഗികളുടെയും തലമുറ ശക്തിപ്രാപിക്കുമ്പോള്‍ നമ്മുടെ നാട് ദുരന്തത്തില്‍ നിന്നും ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന യാഥാര്‍ഥ്യത്തിന് നേരെ മുഖം തിരിക്കാനാകില്ല. മയക്കുമരുന്നും കഞ്ചാവും മദ്യവും കേരളത്തിലെ കുടുംബസാമൂഹിക ജീവിതഘടനകളെയും സാംസ്‌കാരികമൂല്യങ്ങളെയും അത്രമേല്‍ കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുകയാണ്.

പത്ര ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ലഹരിവഴികളിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ദിവസവും ഒരു വാര്‍ത്തയെങ്കിലും ഉണ്ടാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നഗരങ്ങളിലും ഗ്രാമങ്ങളിലും മലയോരങ്ങളിലും തീരദേശങ്ങളിലുമെല്ലാം മദ്യത്തിന്റെയും കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ജനങ്ങളെ മദ്യം കുടിപ്പിച്ച് ഉന്‍മത്തരാക്കാന്‍ അധികാരി വര്‍ഗങ്ങള്‍ ഉണ്ടാക്കിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഒരു ഭാഗത്ത്. മദ്യവ്യവസായത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കിക്കൊണ്ട് നാടിന്റെ മുക്കിലും മൂലയിലും യഥേഷ്ടം ബാറുകള്‍. ഇതിനെല്ലാം അധികൃതര്‍ നല്‍കുന്ന വിശദീകരണങ്ങളാകട്ടെ ഏറെ വിരോധാഭാസം നിറഞ്ഞതും. വ്യാജമദ്യവില്‍പ്പനയും കഞ്ചാവ് അടക്കമുള്ള നിയമവിരുദ്ധമായ ലഹരിപദാര്‍ഥങ്ങളുടെ വിപണനവും തടയുന്നതിനുവേണ്ടിയാണ് നിയമവിധേയമായ രീതിയുള്ള മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഔദ്യോഗികവാദം. എന്നാല്‍ മദ്യം അടക്കമുള്ള ലഹരിപദാര്‍ഥങ്ങളെ നിയമത്തിന്റെ പരിധിക്കകത്തും പുറത്തും എന്ന രീതിയിലുള്ള വ്യാഖ്യാനം തന്നെ തെറ്റാണ്.
നല്ല മദ്യം വില്‍ക്കാം , മോശം മദ്യം കുടിക്കരുത് എന്ന സര്‍ക്കാറിന്റെ അബ്കാരി നയസന്ദേശം എത്രമാത്രം പരിഹാസ്യമാണെന്നോര്‍ക്കണം. ലഹരി പ്രദാനം ചെയ്യുന്ന ഏതൊരു പാനീയവും പദാര്‍ഥവും മനുഷ്യ സമൂഹത്തിന് വിനാശകരം തന്നെയാണ്. അവിടെ നല്ലതെന്നും ചീത്തയെന്നുമില്ല. ഏതുതരം ലഹരിപദാര്‍ഥവും മനുഷ്യനന്‍മക്ക് ഉതകിയിട്ടില്ലെന്നും അത് സാമൂഹിക തിന്‍മകളാണ് സൃഷ്ടിക്കുന്നതെന്നുമാണ് ഇതുവരെയുള്ള അനുഭവങ്ങളില്‍ നിന്നെല്ലാം മനസ്സിലായത്. ഏത് തരം മദ്യമായാലും അത് സാമൂഹികാരോഗ്യത്തിന് ഗുരുതരമായ ഹാനിയാണ് വരുത്തുന്നത്. മനുഷ്യമനസ്സില്‍ അതുണ്ടാക്കുന്നത് നീചവാസനകളാണ്.അക്രമങ്ങള്‍, കൊലപാതകങ്ങള്‍, കുടുംബകലഹങ്ങള്‍ , ആത്മഹത്യകള്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നുവേണ്ട നമ്മുടെ നാട്ടില്‍ നടക്കുന്ന സകല കുറ്റകൃത്യങ്ങള്‍ക്കും ഒരു പ്രധാന കാരണം ലഹരി ഉപഭോഗം തന്നെയാണ്. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ പോലും പീഡിപ്പിക്കുന്ന അവസ്ഥയിലേക്ക് ആളുകള്‍ എത്തുന്നതിന് മദ്യവും കഞ്ചാവും പ്രേരണയാകുന്നുവെന്ന് ഇത്തരം കേസുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. എന്നിട്ടും സര്‍ക്കാര്‍ ഖജനാവ് നിറക്കാന്‍ മദ്യവ്യവസായത്തെ ശക്തിപ്പെടുത്തുന്ന നയങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

നിയമം അംഗീകരിച്ച മദ്യവിപണനത്തിന് സമാന്തരമായാണ് ലഹരിമാഫിയകള്‍ നാട്ടിലുട നീളം പ്രവര്‍ത്തിക്കുന്നത്. ദേശീയ-അന്തര്‍ദേശീയ-സംസ്ഥാന ലഹരി മാഫിയകളുടെ വിഹാരകേന്ദ്രമായി കേരളം മാറിയിട്ട് ഏറെക്കാലമായി. വ്യാജ മദ്യത്തിനും കഞ്ചാവിനും പുറമെ വിവിധ പേരുകളിലറിയപ്പെടുന്ന വില കൂടിയ മയക്കുമരുന്നുകളും നമ്മുടെ നാട്ടില്‍ സാര്‍വത്രികമാണ്. എല്‍ എസ് ഡി, പെത്തഡിന്‍, കൊക്കെയിന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മയക്കുമരുന്നുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സുലഭമായിരിക്കുന്നു. മുമ്പ് കേരളത്തിലെ മെട്രോനഗരത്തില്‍ മാത്രം ലഭിച്ചിരുന്ന മയക്കുമരുന്നുകള്‍ ഇപ്പോള്‍ നാട്ടിന്‍പുറത്തെ കുട്ടികളുടെ കൈകളില്‍ പോലും എത്തുന്നുണ്ടെങ്കില്‍ ലഹരിമാഫിയകളുടെ ശൃംഖലകള്‍ എത്ര നീണ്ടതാണെന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ഇതിനുപുറമെ പുകയില ഉത്പന്നങ്ങളുടെ വിതരണവും നടക്കുന്നു. വിദ്യാര്‍ഥികളില്‍ ലഹരി ആഭിമുഖ്യം വര്‍ധിക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ്, മയക്കുമരുന്ന്, പാന്‍മസാല ഉത്പന്നങ്ങളുടെ വില്‍പ്പന കാരണമാകുന്നുണ്ട്. ചില സ്‌കൂളുകളില്‍ നടക്കുന്ന റാഗിംഗ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പെരുകുന്നതിന് കഞ്ചാവ് ലോബികളുടെ പ്രവര്‍ത്തനങ്ങള്‍ അവസരമുണ്ടാക്കുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതിലാണ് കേരളത്തിലേക്ക് കഞ്ചാവ് വിതരണത്തിനെത്തുന്നത്. വാഹനങ്ങളിലും ട്രെയിന്‍ മാര്‍ഗവും കഞ്ചാവ് കടത്താന്‍ പ്രത്യേകം സംഘങ്ങളുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നതിനും കാരിയര്‍മാര്‍ ഏറെയാണ്. ഒരു കാലത്ത് കേരളത്തിലെ കഞ്ചാവ് ലോബിയുടെ പ്രധാനതാവളങ്ങള്‍ റെയില്‍വെ സ്‌റ്റേഷനുകളായിരുന്നു. ട്രെയിന്‍മാര്‍ഗം കഞ്ചാവ് കടത്താന്‍ അനുകൂലസാഹചര്യമുണ്ടായതാണ് കാരണം. പ്രധാന റെയില്‍വെ സ്‌റ്റേഷനുകള്‍ കഞ്ചാവ് മാഫിയകള്‍ അടക്കിവാണിരുന്ന കാലമൊക്കെ ഇപ്പോള്‍ പഴങ്കഥയായി മാറുകയാണ്. റെയില്‍വെ പോലീസ് സ്‌റ്റേഷനുകളുടെയും ആര്‍ പി എഫിന്റെയും പ്രവര്‍ത്തനം ശക്തിപ്പെടുകയും ട്രെയിനുകളില്‍ പരിശോധന ശക്തമാക്കുകയും ചെയ്തതോടെ തീവണ്ടിമാര്‍ഗമുള്ള കഞ്ചാവ് കടത്തിന് അല്‍പ്പമെങ്കിലും കുറവുവന്നിട്ടുണ്ട്. അതുകൊണ്ടാകണം കഞ്ചാവ് സംഘങ്ങള്‍ വിമാനത്താവളങ്ങളിലാണ് ഇന്ന് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ കഞ്ചാവ് മാഫിയകളുടെ ഇടനിലക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വാഹനങ്ങളില്‍ എത്തിക്കുന്ന കഞ്ചാവ് വിമാനത്താവളങ്ങളില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറുകയും അവര്‍ മുഖാന്തിരം വിദേശ രാജ്യങ്ങളിലെത്തുകയും ചെയ്യുന്നു. ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് മദ്യവും മയക്കുമരുന്നും യാതൊരു നിയന്ത്രണവുമില്ലാതെ കേരളത്തിലേക്കൊഴുകുകയാണ്. കൊച്ചിക്കു പുറമെ തിരുവനന്തപുരത്തും കാസര്‍കോട്ടും കഞ്ചാവും മയക്കുമരുന്നും വില്‍ക്കുന്നവര്‍ നിയമത്തെ വിലക്കെടുക്കാന്‍ കഴിയുന്ന വന്‍ശക്തികളാകുകയാണ്. മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച പണം കാസര്‍കോട്ടെ ചില പ്രദേശങ്ങളെ മിനി അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ നടക്കുന്ന ക്വട്ടേഷന്‍ ആക്രമണങ്ങളും കൊലപാതകങ്ങളും ജനങ്ങളുടെ ഉറക്കം കെടുത്തുമ്പോള്‍ അധോലോകസംഘങ്ങളുമായുള്ള പോലീസിലെ ഒരു വിഭാഗത്തിന്റെ അവിശുദ്ധബന്ധം മാഫിയാവാഴ്ചകള്‍ക്ക് കരുത്ത് പകരുകയും ചെയ്യുന്നു. മാഫിയകളുമായി ഇടപാടുകളിലേര്‍പ്പെടുന്ന രാഷ്ട്രീയക്കാരും നാടിന്റെ തീരാശാപമായി മാറുകയാണ്. പൊതുസമൂഹം നാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ വിസ്മരിച്ചുകൊണ്ട് വിവാദങ്ങള്‍ക്ക് പിറകെ പോകുന്ന കാഴ്ചയാണ് പൊതുവിലുള്ളത്. പ്രാദേശിക ഭരണകൂടങ്ങളും ജനപ്രതിനിധികളും ലഹരിമാഫിയകളെ നിയന്ത്രിക്കുന്നതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുമില്ല. ഇക്കാര്യത്തില്‍ വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ശൈലിക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഇവിടെ വിദ്യാര്‍ഥികളും യുവജനങ്ങളും അടക്കമുള്ള സമൂഹം സ്വയം തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ലഹരിവര്‍ജനം നടത്തുന്നതോടൊപ്പം അതിനെതിരായ പോരാട്ടം ജീവിതലക്ഷ്യമായി കൊണ്ടുനടക്കുകയും ചെയ്യണം. ധാര്‍മികപോരാട്ടത്തിലൂടെ നാടിനെ ലഹരിവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസുകള്‍ക്കകത്തും പുറത്തും എസ് എസ് എഫ് നടത്തുമ്പോള്‍ അത് വലിയൊരു മാതൃക കൂടിയാണ് എന്നതില്‍ തര്‍ക്കമില്ല.മറ്റുസംഘടനകളും ഈ പ്രശ്‌നം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണെങ്കില്‍ നാടിന്റെ രക്ഷക്ക് വേണ്ടി വന്‍മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. നവകേരളം എന്നതിന് ലഹരിവിമുക്ത കേരളം എന്ന അര്‍ഥം കൂടിയുണ്ടാകണം. ഇങ്ങനെയുള്ള കേരളത്തിന് മാത്രമേ അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകുകയുള്ളൂ.