പ്രളയാനന്തര കൃഷി: ബിഹാറില്‍ നിന്ന് പാഠമുണ്ട്

റോഡുകളുടെയും തോടുകളുടെയും ഇരുകരകളിലും പ്രളയം പ്രതിഫലേച്ഛ കൂടാതെ നിക്ഷേപിച്ചിരിക്കുന്ന ജൈവമണ്ണ് അമൂല്യമാണെന്ന് കാര്‍ഷിക വിദഗ്ദര്‍ വ്യക്തമാക്കുന്നു. ദീര്‍ഘ കാലം കൊണ്ട്് രൂപപ്പെടുന്ന ജൈവമണ്ണ് മൂലകങ്ങള്‍ നഷ്ടപ്പെടാതെ വിളകള്‍ക്ക് ലഭ്യമാക്കുന്നു. ചെളിയെന്ന് പഴിചാരി റോഡിലും തോട്ടിലും പുഴയിലും തിരികെ കളയരുതെന്ന് ഇതിനകം തന്നെ കൃഷിവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 1924 ലെ വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങളിലൂടെ പത്തായങ്ങള്‍ ഒഴുകി നടന്നതും വെള്ളമിറങ്ങിയ ശേഷം പ്രകൃതിദത്തമായി പൂട്ടി അടിച്ചുകിട്ടിയ പാടത്ത് നെല്‍ വിത്തെറിഞ്ഞ് ഭീമമായ വിളവ് ലഭിച്ചതും തന്റെ പിതാവില്‍ നിന്നും കേട്ടറിഞ്ഞത് ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പത്തനം തിട്ടയിലെ കര്‍ഷകന്‍ വീണ്ടും പാടത്തേക്കിറങ്ങി സ്വര്‍ണ്ണം വിളയിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ആവേശകരമാണ്‌
Posted on: September 9, 2018 10:24 am | Last updated: September 9, 2018 at 10:24 am
SHARE

വടക്കന്‍ ബിഹാറിന്റെ ആകാശം എപ്പോഴും പ്രക്ഷുബ്ധമാണ്. ആകാശം കറുക്കുമ്പോഴും വെയില്‍ കത്തുമ്പോഴും ഇവിടുത്തെ ജനങ്ങളുടെ മനസ്സില്‍ അല്‍പ്പനേരത്തേക്കൊരു പരിഭ്രാന്തി പടരും. പക്ഷേ, എന്തും നേരിടാനുള്ള മനശ്ശക്തി നേടിക്കഴിഞ്ഞവരായതിനാല്‍ അവരുടെ ആശങ്കക്കും ഭയത്തിനും അല്‍പ്പായുസ്സ് മാത്രമേ ഉണ്ടാകാറുള്ളൂ. കൃഷിയോടടുക്കുന്ന മഴക്കാലത്ത് നേപ്പാളില്‍ മഴ പെയ്താല്‍ ഏഴില്‍ പരം നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് വടക്കന്‍ ബിഹാറിലെ ഗ്രാമങ്ങളെ എപ്പോഴും ഒഴുക്കിക്കളയാറുള്ളത്. ഇന്നൊഴുകുന്ന നദി അടുത്ത വര്‍ഷം എങ്ങോട്ടോഴുകും എന്ന് പ്രവചിക്കാന്‍ കൂടി പറ്റില്ലത്രെ. ഏതു കാലത്തും വെള്ളപ്പൊക്കത്തിനും കൊടും വരള്‍ച്ചക്കും അതിലൂടെ രൂപപ്പെടുന്ന സ്ഥിരതയില്ലാത്ത ജീവിതത്തിനും അടിപ്പെട്ടിരിക്കുന്ന ഈ ജനത ഒരിക്കലും തളരാറുമില്ല. ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് എങ്ങനെയും ജീവിക്കാന്‍ അനുഭവങ്ങള്‍ തന്നെ അവരെ പഠിപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന ഫലഭൂയിഷ്ഠത ചൂഷണം ചെയ്ത് നല്ല കൃഷിയിറക്കി നല്ല വിളവ് കൊയ്താണ് അവര്‍ എപ്പോഴും പ്രകൃതിക്ഷോഭം തീര്‍ക്കുന്ന ദുരന്തങ്ങളെ അതിജീവിക്കാറുള്ളത്.
രാജ്യത്ത് തന്നെ ഏറ്റവും നല്ല വാഴകൃഷി ചെയ്യുന്ന സ്ഥലങ്ങളും ഗോതമ്പ് പാടങ്ങളും പിന്നെ നല്ല ഉരുളക്കിഴങ്ങും കരിമ്പും വിളയിച്ചെടുക്കുന്ന മണ്ണുമെല്ലാം പ്രളയാനന്തരം വടക്കന്‍ ഗ്രാമങ്ങളിലെ നദീതടങ്ങളിലുണ്ടാകാറുണ്ട്. ഇവിടത്തുകാരുടെ അധ്വാനശേഷിയും കരുത്തുും ഈ മണ്ണിനെ പൊന്നാക്കിയാണ് പരിണമിപ്പിക്കാറ്. കാലാവസ്ഥയെയും ചുരുങ്ങിയ മൂലധനത്തെയും മെലിഞ്ഞ കമ്പോളത്തെയും ആശ്രയിച്ചാണെങ്കിലും മണ്ണില്‍ നല്ല വിളവുണ്ടാക്കാനുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെ അനുഭവ പാഠങ്ങള്‍ പ്രളയാനന്തര കേരളം ഇപ്പോഴെങ്കിലും വായിച്ചറിയേണ്ടതുണ്ട്.
ഒരിക്കലും വരില്ലെന്ന് കരുതിയ, രാജ്യത്തെ ഏറ്റവും സുരക്ഷിസ്ഥാനമെന്ന് വിശ്വസിച്ചിരുന്ന കേരളത്തില്‍ ആര്‍ത്തലച്ചെത്തിയ മഹാപ്രളയം ഈ നാടിന്റെ കാര്‍ഷിക മേഖലയുടെ അസ്തിവാരമിളക്കുന്ന തരത്തിലായിരുന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. തളര്‍ന്ന് വീണിടത്തു നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കേരളത്തിന് എത്രകാലം വേണ്ടിവരുമെന്ന കാര്യം ഇപ്പോള്‍ ചെറുതല്ലാത്ത ആശങ്ക സൃഷ്ടിച്ചിട്ടുമുണ്ട്. പ്രളയം തകര്‍ത്ത് തരിപ്പണമാക്കിയ സംസ്ഥാനത്തെ കാര്‍ഷിക മേഖല അതിജീവനത്തിന് മാര്‍ഗമില്ലാതെ കടുത്ത ദുരിതത്തിലേക്ക് നടന്നു കയറുമ്പോള്‍ പതിവായി അതിവര്‍ഷവും അതിവരള്‍ച്ചയും നേരിടുന്ന ഇന്ത്യയിലെ ഇതര കര്‍ഷകഗ്രാമങ്ങളെ നമ്മള്‍ കണ്ടു പഠിക്കേണ്ടതുണ്ട്. ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളും കൃഷിക്കാരും വളരെ അനുഗ്രഹീതരാണ്. നമ്മുടെ കാലാവസ്ഥയും വെള്ളത്തിന്റെ ലഭ്യതയുമാണ് അനുകൂല ഘടകങ്ങള്‍. എന്നാല്‍ ചെറിയൊരുപ്രശ്‌നമുണ്ടായാല്‍പ്പോലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത രീതിയിലാണ് കാര്‍ഷികമേഖലയില്‍ നാം പെരുമാറുക. അതേസമയം പ്രകൃതിക്ഷോഭം കൊണ്ടോ മറ്റോ കൃഷി നാശം സംഭവിച്ചാലും ഉത്തരേന്ത്യയിലെ കര്‍ഷകര്‍ പിടിച്ചു നില്‍ക്കും.വറ്റിവരണ്ട മണ്ണില്‍ രാപ്പകല്‍ പണിയെടുത്തും അതിവര്‍ഷമുണ്ടായ പാടത്ത് വരുംകാലമെന്തെന്ന് നേക്കാതെ വീണ്ടും കൃഷിയിറക്കി നല്ല വിളവ് നേടിയുമാണ് കര്‍ഷകര്‍ അവിടെ നിവര്‍ന്ന് നില്‍ക്കുന്നത്.

പ്രകൃതിക്ഷോഭത്തെക്കാള്‍ അവര്‍ ഭയക്കുന്നത് ഭരണകൂടം അനുവര്‍ത്തിക്കുന്ന കാര്‍ഷിക വിരുദ്ധ നയങ്ങളെ മാത്രമാണ്. മണ്ണിലെ കൃഷിക്കു പുറമേ ഉത്തരേന്ത്യയിലെ കര്‍ഷകര്‍ ഉണ്ടാക്കുന്ന പാലും, പാലുല്‍പന്നങ്ങളും കണ്ടാല്‍ കേരളത്തിലെ പലരും അന്തിച്ചു പോകും. തൈര്, മോര്, പനീര്‍, ബര്‍ഫി പോലുള്ള പലഹാരങ്ങള്‍, വെണ്ണ, നെയ്യ് ഇങ്ങനെ പലതരം. പാലില്‍ നിന്നും പാല്‍ ഉത്പന്നങ്ങളില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കുന്ന കൃഷിക്കാര്‍ ഇഷ്ടം പോലെ ഉത്തരേന്ത്യയില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ നമുക്ക് മേല്‍ വന്നുപതിച്ച വലിയ ദുരന്തത്തില്‍ നിന്ന് എങ്ങനെയാണ് സ്വയം എഴുന്നേറ്റ് നിന്ന് കരുത്താര്‍ജിക്കേണ്ടതെന്ന പാഠം നമ്മള്‍ പഠിച്ചു തുടങ്ങിയിട്ടുണ്ട്്. വിലയിടിവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറുംമുമ്പ് ഉണ്ടായ പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും സംസ്ഥാനത്തെ 56,000 ഹെക്ടറിലെ കൃഷി ഇല്ലാതാക്കി. ഇതില്‍ 25,000 ഹെക്ടറില്‍ കൃഷി പൂര്‍ണമായും നശിച്ചെന്നാണ് കണക്ക്. ഇനിയും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കാനുള്ള നീക്കം സജീവമാണെന്ന വാര്‍ത്തയും ഇതിനകം പുറത്തുവന്നിട്ടുണ്ട്. മലയോര ജില്ലകളില്‍ റബ്ബര്‍, ഏലം കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രളയം കാര്‍ഷിക മേഖലക്കുണ്ടാക്കിയ നഷ്ടം 1400 കോടി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. റബ്ബര്‍, വാഴ, കുരുമുളക്, ഏലം, ഇഞ്ചി, പച്ചക്കറി കൃഷികള്‍ക്കാണ് ഇത്തവണ കനത്ത നാശം നേരിട്ടത്. റബ്ബര്‍ കൃഷി പത്ത് ലക്ഷത്തോളം ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കിയപ്പോള്‍ പച്ചക്കറി കൃഷി ഉപജീവനമാക്കിയിരുന്ന രണ്ട് ലക്ഷത്തോളം കര്‍ഷകരും പ്രതിസന്ധിയിലായി.

കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും പാലക്കാട്ടും നെല്‍കൃഷി ഇല്ലാതായി. 8000 ഹെക്ടറില്‍ നെല്‍കൃഷി നശിച്ചു. വയനാടന്‍ കാര്‍ഷികമേഖല പൂര്‍ണമായി തകര്‍ന്നടിഞ്ഞു. പ്രളയത്തിനുശേഷം ഭൂമി വിണ്ടുകീറലും മണ്ണ് നിരങ്ങി നീങ്ങലും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന ആശങ്കക്കു പുറമേയാണ് കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് ആക്കംകൂട്ടി വിളനഷ്ടവും സംഭവിച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചാലും കൃഷി വീണ്ടും തുടങ്ങാനാകാത്ത 2000 ഹെക്ടറോളം ഭൂമി വയനാട്ടിലുണ്ട്. ജൈവ പ്രതിഭാസങ്ങളും ഉരുള്‍ പൊട്ടലും കാരണം ഇവിടെ സമീപകാലത്തൊന്നും കൃഷി തുടങ്ങാനുമാകില്ലെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

എന്നാല്‍ സംസ്ഥാനത്തെ കാര്‍ഷികമേഖലയെ തകര്‍ത്ത പ്രളയത്തിന് ശേഷം പതുക്കെ സാധാരണ ജീവിതത്തിലേക്കു വരാനുളള തയ്യാറെടുപ്പ് ഇതിനകം തന്നെ തുടങ്ങിയെന്ന് കൃഷിവകുപ്പ് ഉറപ്പിച്ചു പറയുന്നുമുണ്ട്. കാര്‍ഷികരംഗത്ത് വന്‍ നാശനഷ്ടങ്ങള്‍ വന്നു കഴിഞ്ഞുവെങ്കിലും നമ്മുടെ ചിരസ്ഥായിയായ വിളകളെ രക്ഷിക്കുവാനും അടുത്ത വിളവെടുക്കുവാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് കൃഷിവകുപ്പിന്റെ ആഹ്വാനം. കൃഷിയിലൂടെ മാത്രമേ കാര്‍ഷിക കേരളത്തിന് തിരിച്ചുവരവ് സാധ്യമാകുകയുളളൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിസന്ധിയില്‍ മഹാപ്രളയം നമുക്ക് ദാനമായി നല്‍കിയ ഫലഭൂയിഷ്ടമായ മണ്ണ് കൃഷിക്ക് ഉപയുക്തമാക്കിയാല്‍ വളപ്രയോഗം കൂടാതെ വരും വര്‍ഷങ്ങളില്‍ വലിയ വിളവ് ലഭിക്കുമെന്നുള്ള അറിവ് പുതു തലമുറക്ക് മുന്നിലേക്ക് സര്‍ക്കാര്‍ നീട്ടിവെക്കുന്നുണ്ട്.

1924ലെ വെള്ളപ്പൊക്കത്തിനു ശേഷം ഇന്നോളമുണ്ടായിട്ടില്ലാത്ത പ്രളയമാണ് ഇത്തവണ ഉണ്ടായതെങ്കിലും മണ്ണില്‍ നിന്നും നഷ്ടപ്പെട്ടുപോയ ഉര്‍വരത തിരികെകിട്ടിയെന്നാണ് പഴമക്കാര്‍ പറയുന്നത്.1924 ലെ വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങളിലൂടെ പത്തായങ്ങള്‍ ഒഴുകി നടന്നതും വെള്ളമിറങ്ങിയ ശേഷം പ്രകൃതിദത്തമായി പൂട്ടി അടിച്ചുകിട്ടിയ പാടത്ത് നെല്‍ വിത്തെറിഞ്ഞ് ഭീമമായ വിളവ് ലഭിച്ചതും തന്റെ പിതാവില്‍ നിന്നും കേട്ടറിഞ്ഞത് ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന പത്തനം തിട്ടയിലെ ഒരു കര്‍ഷകന്‍ വീണ്ടും പാടത്തേക്കിറങ്ങി സ്വര്‍ണ്ണം വിളയിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. മൂന്നാള്‍ പൊക്കത്തില്‍ വെള്ളം കയറിയ തന്റെ പാടത്ത് അടിഞ്ഞുകൂടിയിരിക്കുന്ന ‘എക്കല്‍’ മുതലാക്കി വിത്തു വിതയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. നൂറുമേനി വിളവ് പ്രതീക്ഷിച്ച് ഇതുപോലെ വിത്തിറക്കാന്‍ തയ്യാറായി നില്‍ക്കുന്ന കര്‍ഷകര്‍ ഇവിടെ വേറെയുമുണ്ട്. ഈ മേഖലയില്‍ മാത്രമല്ല കേരളത്തിലെ പലയിടങ്ങളും പല പാടങ്ങളും വിത്തിറക്കാന്‍ പാകമായ നിലയില്‍ പ്രകൃതിദത്തമായി നിലമൊരുക്കിയിരിക്കുകയാണ്. മഴക്കാലത്ത് വെള്ളപ്പൊക്കത്തില്‍ മലയില്‍ നിന്ന് നദികളില്‍ക്കൂടി ഒലിച്ചുവന്ന് കരക്ക് അടിയുന്ന എക്കല്‍ മണ്ണാണ് ഇനി കാര്‍ഷിക കേരളത്തിന്റെ പ്രതീക്ഷയെന്ന് പഴമക്കാര്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി പറയുമ്പോള്‍ അവരെ അങ്ങനെ തള്ളിക്കളയാനാകില്ല.

റോഡുകളുടെയും തോടുകളുടെയും ഇരുകരകളിലും ഈ പ്രളയം പ്രതിഫലേച്ഛ കൂടാതെ നിക്ഷേപിച്ചിരിക്കുന്ന ജൈവമണ്ണ് അമൂല്യമാണെന്ന് കാര്‍ഷിക വിദഗ്ദര്‍ വ്യക്തമാക്കുന്നു. ദീര്‍ഘ കാലം കൊണ്ട്് രൂപപ്പെടുന്ന ജൈവമണ്ണ് മൂലകങ്ങള്‍ നഷ്ടപ്പെടാതെ വിളകള്‍ക്ക് ലഭ്യമാക്കുന്നു. ചെളിയെന്ന് പഴിചാരി റോഡിലും തോട്ടിലും പുഴയിലും തിരികെ കളയരുതെന്ന് ഇതിനകം തന്നെ കൃഷിവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കൃഷിയുടെ അടിസ്ഥാന ഘടകമാണ് നല്ല വളക്കൂറുള്ള മണ്ണ്. ബാക്ടീരിയ, ഫംഗസ്, ആല്‍ഗെ, വൈറസ് തുടങ്ങിയ സൂക്ഷ്മാണു ജീവികളുടെയും മണ്ണിര, തേരട്ട, ഉറുമ്പ്, പ്രാണികള്‍ പോലുള്ള ചെറു ജീവികളുടെയും സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. ഇത്തരം മണ്ണില്‍ നിന്നേ നല്ല വിളവു ലഭിക്കുകയുള്ളൂ. ഗ്രോബാഗുകള്‍ നിറയ്ക്കുന്നതിന്, പച്ചക്കറി വിത്തുകള്‍ പാകുന്നതിന്, തൈകള്‍ നടുന്നതിനും ഈ ജൈവമണ്ണ് ഉപയോഗിക്കാം. കൂടാതെ ഇത് പുരയിടങ്ങളില്‍ ഉഴുതു ചേര്‍ത്ത് ഫലപുഷ്ടി വര്‍ധിപ്പിക്കാനാകും. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ ഈ മണ്ണില്‍ ഇക്കുറി വിളയുക കനകം തന്നെയായിരിക്കും.
പുന്നെല്ലിന്റെയും ജൈവ പച്ചക്കറികളുടെയും വലിയ വിളവാണ് ഇത്തരം ഇടങ്ങളില്‍ കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നത്. അശാസ്ത്രീയമായ കൃഷിരീതികള്‍, നഗരവത്കരണം തുടങ്ങിയവയെല്ലാം കൊണ്ട് പോഷക സമ്പുഷ്ടമായ മണ്ണിനെ ഇല്ലാതാക്കിയ നമുക്ക് വലിയ കഷ്ടതകള്‍ക്കിടയിലും പിടിച്ചു കയാറുള്ള ഒരു വള്ളിയാണ് ജൈവമണ്ണ് നിക്ഷേപത്തിലൂടെ പ്രകൃതി നല്‍കിയിരിക്കുന്നത്. കൃഷിയിടത്തിലെ വിളകളെല്ലാം നശിച്ച് വിഷമിച്ചപ്പോഴും തന്നെ മണ്ണു ചതിക്കില്ലെന്ന് വിശ്വസിച്ച കര്‍ഷകന് സ്വന്തം ഭൂമിയിലെ വജ്രനിക്ഷേപത്തിലൂടെ ഭാഗ്യം കാട്ടിക്കൊടുത്ത അനുഭവമുള്ള നാടാണ് നമ്മുടെ രാജ്യം. അതു കൊണ്ട് തന്നെ മണ്ണില്‍ വീണ്ടുമിറങ്ങി സ്വപ്‌നം വിളയിക്കാന്‍ കഴിയേണ്ടതുണ്ട്. പ്രളയാനന്തരം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വലിയ മാറ്റമാണ് മണ്ണിനും പരിസ്ഥിതിക്കും സംഭവിച്ചിട്ടുള്ളത്. ഇത് ശാസ്ത്രീയമായി അവലോകനം ചെയ്ത് വിള സംരക്ഷണത്തിന് വേണ്ട വിശദമായ രൂപരേഖ തയ്യാറാക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പോകുന്നത് വയനാട്ടില്‍ വീണ്ടും കാണുന്നു. കൂടാതെ വിവിധ ഫംഗസ്, ബാക്ടീരിയ രോഗങ്ങള്‍ എന്നിവയെല്ലാം പരക്കെ വ്യാപിക്കുന്നു. തെങ്ങിന്റെ കൂമ്പു ചീയല്‍, കുരുമുളകിന്റെ ദ്രുതവാട്ടം, കവുങ്ങിന്റെ മഹാളി, ജാതി, മറ്റ് സുഗന്ധ വിളകള്‍ക്കുണ്ടാകുന്ന അഴുകല്‍, ഏലത്തിന്റെ മൂട് ചീയല്‍, റബ്ബറിലെ ഇലകൊഴിച്ചില്‍ തുടങ്ങി പല രോഗങ്ങളും പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുമുണ്ട്. ഇതെല്ലാം കര്‍ഷകനെ പ്രതിസന്ധിയിലാഴ്ത്തുമെങ്കിലും എല്ലാത്തിനെയും തരണം ചെയ്ത് മുന്നേറാന്‍ നമുക്ക് കഴിയുമെന്നു തന്നെയാണ് പ്രളയപാഠം.

LEAVE A REPLY

Please enter your comment!
Please enter your name here