Connect with us

Editorial

കോംകാസ കരാര്‍ ആഘോഷിക്കണോ?

Published

|

Last Updated

കഴിഞ്ഞ ഒന്നര ദശകമായി ഇന്ത്യ-യു എസ് ബന്ധത്തില്‍ സംഭവിക്കുന്ന നാടകീയമായ കുതിച്ചു ചാട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ നിദര്‍ശനമാണ് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളിലെയും വിദേശ, പ്രതിരോധ മന്ത്രിമാര്‍ ഒപ്പുവെച്ച കരാര്‍. കോംകാസ (കമ്യൂണിക്കേഷന്‍ കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി)എന്ന് വിളിക്കപ്പെടുന്ന കരാറില്‍ ഒപ്പിട്ടതോടെ ഇന്ത്യക്ക് യു എസില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ആഴത്തിലുള്ളതാകും. രഹസ്യവിവരങ്ങളുടെ കൈമാറ്റം വ്യാപകമായി നടക്കും. സൈനിക വ്യവസായ മേഖലയില്‍ യു എസ് സാന്നിധ്യം ശക്തമാകും. സംയുക്ത സൈനിക അഭ്യാസങ്ങള്‍ കൂടുതലായി നടക്കും.

ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ പ്രകോപിതമായി പലവട്ടം നീട്ടിവെച്ച 2 പ്ലസ് 2 ചര്‍ച്ചയിലാണ് ഈ കരാര്‍ ഒപ്പുവെച്ചതെന്നത് ശ്രദ്ധേയമാണ്. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ ഇറാനുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങുകയും ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ഉപരോധത്തിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിര്‍ത്താന്‍ താത്പര്യമില്ലെന്ന് ഇന്ത്യ തുടക്കത്തില്‍ നിലപാടെടുത്തിരുന്നു. അങ്ങനെയാണ് ഇരു രാജ്യങ്ങളിലെയും വിദേശ, പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ച മുടങ്ങിയത്. ഒടുവില്‍ ഈ ചര്‍ച്ച നടക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് ഇറാനടക്കമുള്ള വിഷയങ്ങളിലെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ഇന്ത്യ തയ്യാറായെന്നാണ്. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമായിരുന്നു. യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും മറുപക്ഷത്തുമിരുന്നു.

സര്‍ക്കാര്‍ വൃത്തങ്ങള്‍ ഏറെ ആവേശത്തോടെയാണ് ഈ കരാര്‍ ആഘോഷിക്കുന്നത്. അമേരിക്കയെപ്പോലെയുള്ള ഒരു വന്‍ശക്തിയുമായി കൂടുതല്‍ അടുക്കുന്നത് സ്വാഭാവികമായും ആനന്ദം പകരും. അമേരിക്കയുമായി പ്രതിരോധ രംഗത്ത് സഹകരിക്കുന്നു എന്നതിനര്‍ഥം അവരുടെ സംരക്ഷണ കവചം ഇന്ത്യക്കുമേല്‍ നിവര്‍ത്തി വെക്കുന്നുവെന്നാണെങ്കില്‍ തീര്‍ച്ചയായും രാജ്യത്തെ ഓരോരുത്തര്‍ക്കും സംരക്ഷിത ബോധമുണ്ടാക്കാന്‍ ഈ കരാറിന് സാധിക്കും. ലോകത്തെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള അഗാധ സൗഹൃദം തന്നെയാണ് ഈ കരാറിന്റെ അടിസ്ഥാനമെന്നാണ് നിര്‍മലാ സീതാരാമന്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞത്. “ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും പൊതുവായ താത്പര്യങ്ങള്‍ വികസിപ്പിക്കാനുമുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിബദ്ധത വ്യക്തവും അചഞ്ചലവുമാണ്. ഇന്ത്യ- അമേരിക്ക ബന്ധത്തെ പുതിയൊരു തലത്തിലേക്ക്് എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തുന്ന ശ്രമങ്ങളുടെ മൂര്‍ത്തമായ സാക്ഷാത്കാരമാണ് ഈ ചര്‍ച്ച. വിദേശകാര്യ, പ്രതിരോധ വിഷയങ്ങള്‍ ഒറ്റക്കൊറ്റക്ക് കൈകാര്യം ചെയ്യുന്നത് ഇനിയുള്ള കാലം പ്രായോഗികമല്ലെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞു”വെന്നും മന്ത്രി പറഞ്ഞുവെക്കുന്നുണ്ട്. ഭരണകക്ഷിയുടെ പ്രത്യയശാസ്ത്രം ട്രംപ് ഭരിക്കുന്ന അമേരിക്കയോട് കൂടുതല്‍ അടുക്കാന്‍ പാകമാണെന്ന സത്യം ഈ വാക്കുകള്‍ക്കകത്തുണ്ട്.
മന്ത്രി പറയുന്നതുപോലെ അത്ര വിശേഷപ്പെട്ട ഫലം സൃഷ്ടിക്കുന്ന ഒന്നാകും ഈ കരാറെന്ന് തോന്നുന്നില്ല. അമേരിക്ക ലോകരാജ്യങ്ങളുമായി ഒപ്പുവെച്ച കരാറുകളുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാകും. ഒരു പരിധി വരെ മാത്രമേ മ്യൂച്ചല്‍ ബെനിഫിറ്റ് അമേരിക്ക വകവെച്ച് കൊടുക്കുകയുള്ളൂ. മധുരത്തില്‍ പൊതിഞ്ഞുവെച്ച കയ്പ് അവിടവിടെയുണ്ടാകും. അമേരിക്കന്‍ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുമെന്നും അതുപയോഗിച്ച് ഇന്ത്യക്ക് തനതായി ആയുധങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് കരാറിന്റെ വലിയ നേട്ടമായി പറയുന്നത്. എന്നാല്‍ ഈ കരാറിന്റെ അനുബന്ധ കരാറുകള്‍ വ്യക്തമാക്കുന്നത് ഇത് എളുപ്പമാകില്ലെന്നാണ്. ഇന്ത്യ വെറും വാങ്ങലുകാര്‍ മാത്രമായി മാറുകയാകും ആത്യന്തിക ഫലം. സംയുക്ത സൈനിക അഭ്യാസങ്ങള്‍ ഗുണകരമാണെങ്കിലും അത് മേഖലയിലെ ശാക്തിക സന്തുലനത്തിലുണ്ടാക്കുന്ന അലോസരം വലുതായിരിക്കും. ട്രംപിന്റെ “ചൈനയെ വളയല്‍ നയ”ത്തിലും അഫ്ഗാന്‍ നയത്തിലും ഇന്ത്യ പങ്കാളിയാണെന്ന പ്രതിച്ഛായയാകും അത് സൃഷ്ടിക്കുക. ഇന്ത്യന്‍ മണ്ണ് അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള പഴുത് 2016ല്‍ ഒപ്പുവെച്ച ലോജിസ്റ്റിക് കൈമാറ്റ കരാറി (ലെമോ)ല്‍ തന്നെയുണ്ടായിരുന്നു.

ചേരിചേരാ നയമൊക്കെ എന്നേ ഇന്ത്യ ഉപേക്ഷിക്കാന്‍ തുടങ്ങിയതാണ്. മറ്റൊരു സാധ്യതയും ഇല്ലാത്തവിധം പക്ഷം ചേരുന്നുവെന്നതാണ് പുതിയ കരാറിന്റെ പ്രധാന അപകടം. രൂപ കൊടുത്തു പോലും എണ്ണ ഇറക്കുമതി ചെയ്യാവുന്ന ബന്ധമായിരുന്നു ഇറാനുമായി ഉണ്ടായിരുന്നത്. സോവിയറ്റ് കാലത്തേ ദൃഢമായ റഷ്യ- ഇന്ത്യ ബന്ധത്തിന്റെ ഗുണഫലം രാജ്യത്തെ ഏത് മേഖലയിലും കാണാവുന്നതാണ്. ഇത്തരം ബന്ധങ്ങളെ മുഴുവന്‍ ബലികഴിച്ച് നേടിയെടുക്കേണ്ട ഒന്നാണോ അമേരിക്കന്‍ സൗഹൃദമെന്നതാണ് ചോദ്യം. ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യക്ക് കരുത്തേകുന്നതാണ് കോംകാസയെന്നാണ് ചിലരുടെ വാദം. ചൈന എക്കാലവും ഇന്ത്യയുടെ ശത്രുവായി തുടരണമെന്നു കൂടി അതിന് അര്‍ഥമുണ്ടല്ലോ.