ഒറ്റക്കായാല്‍ സിംഹത്തേയും ചെന്നായ്ക്കള്‍ ആക്രമിക്കും; ഹിന്ദുക്കള്‍ ഒന്നിക്കണം: മോഹന്‍ ഭാഗവത്

Posted on: September 9, 2018 9:56 am | Last updated: September 9, 2018 at 11:21 am

ചിക്കാഗോ: ആയിരക്കണക്കിന് വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. സിംഹം ഒറ്റക്കാണെങ്കില്‍ ചെന്നായ്ക്കള്‍ അതിനെ കടിച്ചു കീറും. അതിനാല്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും ചിക്കാഗോയിലെ ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയാറുള്ളത് സിംഹം കൂട്ടമായി നടക്കാറില്ലെന്നാണ്. എന്നാല്‍ കാട്ടിലെ രാജാവായ സിംഹം പോലും ഒറ്റക്കായാല്‍ ചെന്നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കും. ഉപദ്രവകാരിയായാല്‍ പോലും ഒരാളെ കൊല്ലരുതെന്നും എന്നാല്‍ നിയന്ത്രിക്കണമെന്നുമാണ് ഹിന്ദു ധര്‍മം പഠിപ്പിക്കുന്നതെന്നും ഭാഗവത് പറഞ്ഞു. മേധാവിത്വംവേണമെന്ന ആഗ്രഹം ഹിന്ദു സമൂഹത്തിനില്ല.നമ്മളെ എതിര്‍ക്കുന്നവരും ഇവിടെയുണ്ട. അവരെ ഉപദ്രവിക്കാതെ പിടിച്ചു നിര്‍ത്തണമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.