ജലന്തര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം

Posted on: September 9, 2018 9:27 am | Last updated: September 9, 2018 at 12:52 pm
SHARE

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതി ക്രൈംബ്രാഞ്ചിന് വിട്ടേക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറട്ടെയെന്ന് കോട്ടയം എസ് പിയോട് ഡിജിപി ആരാഞ്ഞു.ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പൊതുസമൂഹത്തില്‍നിന്നുള്ള പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണിത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് എസ് പി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ ഇന്നലെമുതല്‍ പരസ്യമായ സമരപരിപാടികളുമായി മുന്നോട്ട് വന്നിരുന്നു. കൊച്ചിയില്‍ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് ഇവര്‍ സമരപരിപാടികളുമായെത്തിയത്. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ട് 75 ദിനം പിന്നിട്ടിരിക്കുകയാണ്. അതേ സമയം അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.