കലാപുരിയായി ധര്‍മപുരി; കോഴിക്കോട് മുന്നേറുന്നു

Posted on: September 9, 2018 1:39 am | Last updated: September 9, 2018 at 11:21 am
SHARE
ചെമ്മാട് ധര്‍മപുരിയില്‍ ആരംഭിച്ച ഇരുപത്തിയഞ്ചാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍
ഉദ്ഘാടനം ചെയ്യുന്നു

ധര്‍മപുരി (ചെമ്മാട്): പോരാട്ടത്തിന്റെയും സംഘശക്തിയുടെയും കഥ പറയുന്ന തിരൂരങ്ങാടിയുടെ മണ്ണില്‍ സര്‍ഗ സൗന്ദര്യത്തിന്റെ താളവും വര്‍ണവുമായി എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്്. മമ്പുറം തങ്ങളുടെ ധീര സ്മരണകളേറ്റ് കിടക്കുന്ന ധര്‍മപുരിയെ പ്രതിഭകളും ആസ്വാദകരും കലാപുരിയാക്കി മാറ്റി. നിലക്കാതെ പെയ്ത ഇശലുകളുമായി ഗായകര്‍, കരുത്തുറ്റ വാക്കുകളുമായി പ്രഭാഷകര്‍, രചനകളുടെ ആഴങ്ങളിലേക്കിറങ്ങി യുവ എഴുത്തുകാര്‍, വരച്ചും വായിച്ചും ആശയങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ധര്‍മ വിദ്യാര്‍ഥി സംഘം പുതിയ കാലത്തെ കലാപ്രകടനങ്ങള്‍ക്ക് തിരുത്തെഴുതുകയാണ്.

രാവിലെ തുടങ്ങിയ മത്സരങ്ങള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടിരുന്നു. മാപ്പിളപ്പാട്ടുകളും മദ്്ഹ്ഗാനങ്ങളും പ്രസംഗങ്ങളും അറബനയും ഇന്നലെ ആസ്വാദക ഹൃദയം കവര്‍ന്നു. വേദികള്‍ നിറഞ്ഞൊഴുകുന്ന കാഴ്ചയായിരുന്നു സാഹിത്യോത്സവ് നഗരിയില്‍. നീലഗിരി ഉള്‍പ്പെടെയുള്ള പതിനാറ് ജില്ലകള്‍ കിരീടപ്പോരാട്ടത്തിനായി മത്സരത്തിനിറങ്ങിയതോടെ ഫലങ്ങള്‍ മാറിമറിഞ്ഞു.

രാവിലെ മുതല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന മലപ്പുറം ഈസ്റ്റിനെ പിറകിലാക്കി കോഴിക്കോട് മുന്നേറുന്ന കാഴ്ചയാണ് ആദ്യ ദിനം സമാപിക്കുമ്പോള്‍ കണ്ടത്. മലപ്പുറം വെസ്റ്റ് ജില്ലയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. നീലഗിരി ജില്ലയുടെ ശക്തമായ പ്രകടനത്തിനും സാഹിത്യോത്സവ് വേദികള്‍ സാക്ഷിയായി.

ഇന്ന് ബുര്‍ദ പാരായണത്തോടെ പ്രധാന വേദി ഉണരും. സീനിയര്‍ വിഭാഗത്തിന്റെ മദ്ഹ്ഗാനം, മാപ്പിളപ്പാട്ട്, സംഘഗാനം കാറ്റഗറി (എ), ജനറല്‍ ദഫ്, ഖവാലി എന്നിവ ഇന്നത്തെ ശ്രദ്ധേയമായ ഇനങ്ങളാണ്. ഉച്ചക്ക് രണ്ട് മണിയോടെ സാഹിത്യോത്സവിന് കൊടിയിറങ്ങും. സമാപന സംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി ഇംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അവാര്‍ഡ് ദാനം നിര്‍വഹിക്കും.