വിദ്യാലയങ്ങളെ വീണ്ടെടുക്കാന്‍ യുദ്ധകാല നീക്കങ്ങള്‍ വേണം

ഓരോ അധ്യയന ദിനവും വിലപ്പെട്ടതാണ്. പഠിപ്പിച്ചു തീര്‍ക്കേണ്ട ഭാഗങ്ങള്‍ തീരാതെ വന്നാല്‍ അത് വിദ്യാഭ്യാസത്തെ ബാധിക്കും. സ്‌കൂള്‍ കുട്ടികളെ സംബന്ധിച്ച് പ്രത്യേകിച്ചും. എവ്വിധവും സ്‌കൂളിലെത്താന്‍ അധ്യാപകര്‍ പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്. അവര്‍ക്ക് അതിന് സാഹചര്യമൊരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമിക്കുകയും വേണം. പ്രളയ നഷ്ടം സാമ്പത്തിക സഹായം കൊണ്ടുമാത്രം തീരുന്നില്ല.
Posted on: September 8, 2018 2:57 pm | Last updated: September 8, 2018 at 2:57 pm
SHARE

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ഗൗരവപൂര്‍വമുള്ള വെല്ലുവിളികളെ പൂര്‍ണമനസ്സോടെ നേരിടാതെ അതിജീവിക്കാനാവില്ലെന്ന് ഓരോ ദിനവും തെളിയിച്ചുകൊണ്ടിരിക്കുന്നു. നഷ്ട ജീവിതം തിരിച്ചുപിടിക്കാന്‍ പരിഭ്രാന്തരായി നെട്ടോട്ടമോടുന്ന മലയാളികളുടെ മാനസികാവസ്ഥ വിവരണാതീതമാണ്. വീടും വീട്ടുപകരങ്ങളും സര്‍വസ്വവും തിരിച്ചു പിടിക്കണണം. പരിസരവും വഴികളും നേരെയാക്കണം. മക്കളുടെ വിദ്യാഭ്യാസം പുനരാരംഭിക്കണം. തളര്‍ന്നുപോകുന്ന അവസ്ഥയാണ് നിലവില്‍.
കുട്ടികളുടെ തുടര്‍പഠനവും അവതാളത്തിലാണ്. മഹാഭൂരിപക്ഷം സാധാരണക്കാര്‍ക്കും ജീവിതം ഇനിയും പുനരാരംഭിക്കാനായിട്ടില്ല. അരക്ഷിതാവസ്ഥ തുടരുന്നതിനാല്‍ സ്‌കൂള്‍ പഠനം വഴിമുട്ടി നില്‍ക്കുന്നു. സ്‌കൂള്‍ തുറന്നു, പഠനം എന്നാരംഭിക്കും എന്ന് വ്യക്തമായി നിശ്ചയിക്കാനാവാത്ത സ്ഥിതി. പ്രളയ ബാധിത മേഖലകളില്‍ പകുതിയിലേറെപ്പേരും ഇനിയും സ്‌കൂള്‍ മുറ്റങ്ങളിലേക്ക് പോയിതുടങ്ങിയിട്ടില്ല. അധ്യാപകരില്‍ ഒരു വിഭാഗത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അനിശ്ചിതകാല ലീവ് പോലെ ക്ലാസെടുക്കാന്‍ പോകാതെ സ്വന്തം വീടുകള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ പരിശ്രമിക്കുകയാണവര്‍. അധ്യാപകരില്ലാതെ സ്‌കൂള്‍ പാതി വഴിയില്‍ നിന്നുപോകുന്ന അസാധാരണമായ ഒരു ഘട്ടത്തിലൂടെ കേരളം വേദനാപൂര്‍വം കടന്നുപോകുന്നു.

ഈ സന്ദര്‍ഭത്തില്‍ അധ്യാപകരെയോ ജീവനക്കാരെയോ വിദ്യാര്‍ഥികളെയോ കുറ്റപ്പെടുത്താനാവില്ല. കുട്ടനാട്ടിലും പാണ്ടനാട്ടും ചാലക്കുടിയിലും കാലടിയിലും പറവൂരും ഇടുക്കിയിലും വയനാട്ടിലും എല്ലായിടത്തും ഏറെക്കുറെ സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനാല്‍ വീട് വൃത്തിയാക്കാന്‍ പോലും കഴിയാതെ, അന്തിയുറങ്ങാന്‍ കൂരയില്ലാതെ കരയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍പോലും കഴിയുന്നില്ല.
എന്നാല്‍, ഓരോ അധ്യയന ദിനവും വിലപ്പെട്ടതാണ്. പഠിപ്പിച്ചു തീര്‍ക്കേണ്ട ഭാഗങ്ങള്‍ തീരാതെ വന്നാല്‍ അത് വിദ്യാഭ്യാസത്തെ ബാധിക്കും. സ്‌കൂള്‍ കുട്ടികളെ സംബന്ധിച്ച് പ്രത്യേകിച്ചും. എവ്വിധവും സ്‌കൂളിലെത്താന്‍ അധ്യാപകര്‍ പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്. അവര്‍ക്ക് അതിന്സാഹചര്യമൊരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ സഹായധനം, നഷ്ടപരിഹാരം, പ്രതിരോധമരുന്നുകള്‍ എന്നിവ എല്ലാവര്‍ക്കും എത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമിക്കുകയും വേണം.

പ്രളയ നഷ്ടം സാമ്പത്തിക സഹായം കൊണ്ടുമാത്രം തീരുന്നില്ല. മാനസികമായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതും വളരെ സങ്കീര്‍ണമായ ജോലിയാണ്. വൈകാരികമായി ഒറ്റപ്പെട്ട അവസ്ഥ സംജാതമായാല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടുപോകും. മുതിര്‍ന്നവര്‍ അനുഭവിക്കുന്ന മാനസികാഘാതം വളരെ വലിയ മാനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. അതിന്റെ പ്രതിധ്വനികളാണ് കുട്ടികളില്‍ കാണുന്നത്. സ്‌കൂള്‍ ജീവിതം പുനരാരംഭിക്കാനായാല്‍ അവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയും. പൊതു ഇടങ്ങള്‍ നല്‍കുന്ന സാമൂഹ്യ പിന്‍ബലം മനഃശാസ്ത്രപരമായി കരുത്തു നല്‍കുന്നുവെന്ന കാര്യം മറക്കാന്‍ പാടില്ല. അതോടൊപ്പം, സ്‌കൂളുകളിലെ തകര്‍ന്നുപോയ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കാന്‍ അടിയന്തര പ്രാധാന്യത്തോടെ ഗവണ്‍മെന്റ് ഇടപെടുകയും വേണം. കളിസ്ഥലങ്ങള്‍ പാടെ തകര്‍ന്നുപോയിരിക്കുന്നു. സ്‌കൂള്‍ ലാബുകള്‍, ഉച്ചഭക്ഷണ സാമഗ്രികള്‍, ബെഞ്ചും ഡെസ്‌ക്കും എന്നിവയൊക്കെ ഒലിച്ചുപോയി. ആയിരക്കണക്കിന് ബെഞ്ചും ഡെസ്‌ക്കും പുതുതായി നിര്‍മിച്ചുകൊണ്ടേ, സ്‌കൂള്‍ പൂര്‍വസ്ഥിതി പ്രാപിക്കാനായി, എന്തെങ്കിലും ചെയ്യാനാകൂ.
കുട്ടനാട്ടില്‍ ഒമ്പത് സ്‌കൂളുകള്‍ വെള്ളക്കെട്ടു മൂലം തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. മുമ്പ് പഠിച്ച ക്ലാസ് റൂമുകള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാനായാല്‍ വിദ്യാര്‍ഥികള്‍ക്ക് ധൈര്യം പകരാം. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്‌കൂളിലെത്താന്‍ പരിശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കാന്‍ മാത്രമേ കഴിയൂ. ചിലര്‍ക്ക് ഉടനെയൊന്നും അതിന് കഴിയാതെവന്നാല്‍ ബദല്‍ മാര്‍ഗം കണ്ടെത്തണം. മനപ്പൂര്‍വം ലീവ് എടുത്തു മാറിനില്‍ക്കുന്ന അധ്യാപകര്‍ വിരളമായി കണ്ടേക്കാം.
എന്തായാലും അസാധാരണമായ ഒരു സാഹചര്യത്തെ അസാധാരണമായ മനക്കരുത്തുകൊണ്ട് കേരളം ധീരമായി നേരിട്ടതിന്റെ ആത്മവിശ്വാസം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. ചെറുതല്ലാത്ത പങ്ക് ഓരോ മനുഷ്യനും വഹിച്ചിട്ടുണ്ട് എന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. മനുഷ്യത്വം നമ്മുടെ മണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. അതുകൊണ്ട് വിദ്യാലയങ്ങളും നമുക്ക് തിരിച്ചുപിടിക്കാം.

ഗവണ്‍മെന്റും വിദ്യാഭ്യാസ വകുപ്പും വിദ്യാലയ പുനര്‍നിര്‍മാണത്തിനായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ. ഒരുവിധ മെല്ലെപ്പോക്ക് സമീപനവും അനുവദനീയമല്ല. നിരന്തരമായ ഇടപെടല്‍, നഷ്ടപരിഹാര വിതരണത്തിന് പ്രത്യേക ട്രൈബ്യൂണലിന് ചുമതല നല്‍കല്‍, ചുവപ്പുനാട അവസാനിപ്പിക്കല്‍, മാനസിക പിന്തുണക്കു മെഡിക്കല്‍ ഹെല്‍പ്പ് ലൈന്‍ അങ്ങനെ ഏകോപിതമായ വിധത്തില്‍ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പ്രളയദുരന്തത്തില്‍നിന്നു നമുക്ക് കരകയറാനാകൂ.