Connect with us

Editorial

എണ്ണവില വര്‍ധനവും സര്‍ക്കാര്‍ നിലപാടും

Published

|

Last Updated

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം കൈവരിക്കുന്ന സാമ്പത്തിക മുന്നേറ്റത്തിന്റെ ഫലമായി പെട്രോള്‍ വില ലിറ്ററിന് അമ്പത് രൂപയായി കുറയുമെന്നും നോട്ട് നിരോധത്തെ വിമര്‍ശിക്കുന്നവര്‍ അന്ന് ഖേദിക്കേണ്ടി വരുമെന്നുമായിരുന്നു ബി ജെ പി നേതൃത്വം അവകാശപ്പെട്ടിരുന്നത്. ഈ പ്രഖ്യാപനം കഴിഞ്ഞു രണ്ട് വര്‍ഷത്തോളമായപ്പോള്‍, രാജ്യത്തെ പെട്രോള്‍ ഉത്പന്നങ്ങളുടെ വില കത്തിക്കയറി ലിറ്ററിന് 83.30 രൂപയിലെത്തിയിരിക്കുന്നു. അസംസ്‌കൃത എണ്ണയുടെ വില ഇപ്പോഴത്തെ 78 ഡോളറില്‍ നിന്ന് താമസിയാതെ 90 ഡോളര്‍ കടക്കുമെന്നാണ് അമേരിക്കന്‍ സാമ്പത്തിക ഏജന്‍സിയായ മോര്‍ഗന്‍ ആന്‍ഡ് സ്റ്റാന്‍ലി വിലയിരുത്തുന്നത്. അതോടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും ഉയരും. എണ്ണവിലയുടെ ക്രമാതീതമായ ഉയര്‍ച്ച സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളടക്കം എല്ലാറ്റിനും അടിക്കടി വിലവര്‍ധനയാണിപ്പോള്‍. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന കേരളമാണ് ഇതിന്റെ ആഘാതം കൂടുതല്‍ അനുഭവിക്കുന്നത്.

രാജ്യാന്തരവിപണിയിലെ അസംസ്‌കൃത എണ്ണവിലവര്‍ധനയാണ് രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്നാണ് സര്‍ക്കാറിന്റെയും എണ്ണക്കമ്പനികളുടെയും വിശദീകരണം. എന്നാല്‍ അസംസ്‌കൃത എണ്ണ വീപ്പക്ക് നിലവില്‍ വില 78 ഡോളറാണ്. നേരത്തെ വീപ്പക്ക് 125 ഡോളറില്‍ കൂടുതലുണ്ടായിരുന്നപ്പോള്‍ പോലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇതിലും കുറവായിരുന്നു എന്നത് എണ്ണക്കമ്പനികളുടെ വാദത്തിന്റെ പൊള്ളത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. എണ്ണക്കമ്പനികളുടെ കൊള്ളലാഭവും നികുതിയിനത്തിലുള്ള സര്‍ക്കാറിന്റെ പിടിച്ചു പറിയുമാണ് യഥാര്‍ഥത്തില്‍ വിലവര്‍ധനവിന് കാരണം. അല്ലായിരുന്നെങ്കില്‍ ഇന്ത്യ വാങ്ങുന്ന അതേ വിലക്ക് അസംസ്‌കൃത എണ്ണ വാങ്ങുന്ന പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ക്ക് ഇവിടുത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകില്ലല്ലോ. ഈ നാടുകളില്‍ വില ഇന്ത്യയെ അപേക്ഷിച്ചു വളരെ കുറവാണ്. ദക്ഷിണേഷ്യയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കു ഏറ്റവും ഉയര്‍ന്നവില ഈടാക്കുന്നത് ഇന്ത്യയിലാണ്.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ വരുമാനം, ലാഭം എന്നിവയില്‍ വര്‍ഷാവര്‍ഷം വന്‍ കുതിച്ചുചാട്ടമാണിപ്പോള്‍. ഐ ഒ സി, ബി പി സി, എച്ച് പി സി ,ഒ എന്‍ ജി സി എന്നീ നാല് പൊതുമേഖലാ കമ്പനികളുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ മാത്രം വിറ്റുവരവ് 2,95,716 കോടിയും ലാഭം 16,957 കോടിയുമാണ്. രാജ്യത്തെ വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നാല് വര്‍ഷത്തെ മൊത്തം അറ്റാദായം 56,125 കോടി രൂപയാണ്. സര്‍ക്കാറാകട്ടെ എക്‌സൈസ് തീരുവ നികുതി വര്‍ധന വഴി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 3,92,057 കോടി രൂപയാണ് ജനങ്ങളില്‍ നിന്ന് പിരിടിച്ചെടുത്തത്. ഈ വര്‍ഷം 1,69,250 കോടി രൂപയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നു. എണ്ണ ക്കമ്പനികളുടെ കൊള്ളലാഭവും സര്‍ക്കാറിന്റെ നികുതിക്കൊള്ളയുമാണ് രാജ്യത്ത് എണ്ണ വില ഇത്രത്തോളം ഉയരാന്‍ കാരണമെന്നാണ് ഇത് കാണിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നാല്‍ തന്നെ നികുതിയില്‍ ഇളവ് വരുത്തുകയും ലാഭം പരിമിതപ്പെടുത്താന്‍ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്താല്‍ വില നിയന്ത്രിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ നികുതി കുറക്കാന്‍ സന്നദ്ധമാകുന്നില്ലെന്ന് മാത്രമല്ല, സാധാരണക്കാരനെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പകരം കമ്പനികള്‍ക്ക് ഉപഭോക്താക്കളെ പരമാവധി പിഴിയാന്‍ സൗകര്യം ചെയ്തു കൊടുക്കുകയുമാണ്.

ഇപ്പോഴത്തെ എണ്ണവിലവര്‍ധനവിന് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില ഉയര്‍ച്ചയെ പഴിചാരുന്ന കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞപ്പോഴൊന്നും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാന്‍ അനുവദിക്കാതെ സര്‍ക്കാറിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാനും കമ്പനികള്‍ക്ക് കൊള്ളലാഭത്തിനുമുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണുണ്ടായത്. നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം എട്ട് തവണയാണ് എക്‌സൈസ് തീരുവ ഉയര്‍ത്തിയത്. പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയില്‍ നിന്ന് 19.48 രൂപയായി ഉയര്‍ത്തിയപ്പോള്‍, (105 ശതമാനം വര്‍ധന) ഡീസലിന്റെ എക്‌സൈസ് തീരുവ 3.56 രൂപയില്‍ നിന്ന് 15.33 രൂപയിലേക്ക്(വര്‍ധന 330 ശതമാനം) ഉയര്‍ത്തി. പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിപ്പിക്കുന്ന ഘട്ടത്തില്‍ നികുതി കുറച്ചു രാജ്യത്തെ എണ്ണ വില പിടിച്ചു നിര്‍ത്താനാണ് അന്നത്തെ നികുതി വര്‍ധനയെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അന്ന് പറഞ്ഞിരുന്നത്. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നപ്പോള്‍ ഈ വാഗ്ദാനം സര്‍ക്കാര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.

എണ്ണ വില പിടിച്ചുനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുമ്പോള്‍, വിലനിര്‍ണയാധികാരം എണ്ണവിപണന കമ്പനികള്‍ക്കാണെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒരു റോളുമില്ലെന്നും പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് മന്ത്രിമാര്‍ ചെയ്യാറ്. എന്നാല്‍ ഗുജറാത്ത്, കര്‍ണാടക തിരഞ്ഞെടുപ്പുവേളകളില്‍ കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വില കൂടുന്നത് ഭരണകക്ഷിക്കെതിരായി പ്രതിഫലിപ്പിക്കുമെന്നതിനാല്‍ വില പിടിച്ചു നിര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അന്ന് കമ്പനികള്‍ വില വര്‍ധിപ്പിക്കാതിരുന്നത്. വേണമെങ്കില്‍ എണ്ണക്കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കും. പക്ഷേ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമേ അതു പ്രയോഗിക്കുകയുള്ളൂവെന്നു മാത്രം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത അഞ്ച് വര്‍ഷക്കാലം പൊതുജനമെന്ന കഴുതകളെ ഇവര്‍ക്കെന്തിന്? എണ്ണവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു തിങ്കളാഴ്ച ദേശീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കയാണ് പ്രതിപക്ഷ കക്ഷികള്‍. എന്നാല്‍, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരമുറകളിലൂടെയല്ല ഭരണകൂട നീതിനിഷേധങ്ങളെ ചോദ്യം ചെയ്യേണ്ടത്.