അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാര്‍ ചെലവില്‍ മണ്ടത്തരങ്ങള്‍ പറയുന്നു; മുഖ്യമന്ത്രിക്ക് പരാതി നല്‍കും: മന്ത്രി സുനില്‍ കുമാര്‍

Posted on: September 8, 2018 1:53 pm | Last updated: September 8, 2018 at 2:34 pm

ത്യശൂര്‍ :അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ തനിക്കെതിരായി നടത്തിയ ആരോപണള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ക്യഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പറയാന്‍ പാടില്ലാത്ത ആരോപണമാണ് കുര്യന്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ നെല്‍ക്യഷി പരിസ്ഥിതി വിരുദ്ധവും വന്‍ തോതില്‍ നഷ്ടമുണ്ടാക്കുന്നതുമാണെന്നും നെല്‍ക്യഷി വര്‍ധിപ്പിക്കുന്നത് മോക്ഷമായാണ് ക്യഷി മന്ത്രി കാണുന്നതെന്നുമായിരുന്നു പിഎച്ച് കുര്യന്റെ പ്രസ്താവന. ഇതിനെതിരെയാണ് മന്ത്രി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

നെല്‍ക്യഷി വിസ്ത്യതി മൂന്ന് ലക്ഷം ഹെക്ടറിലേക്ക് വര്‍ധിപ്പിക്കുകയെന്നത് ഇടതുപക്ഷ നയമാണ്. ആ നയം നടപ്പാക്കേണ്ട് ഉദ്യോഗസ്ഥന്‍ മന്ത്രിയെ പരിഹസിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. കുട്ടനാട് ക്യഷി നടത്താനാകില്ലെന്നൊക്കെപ്പെറയുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ല. ഇക്കാര്യങ്ങള്‍ വിദേശത്തുനിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ ബോധിപ്പിക്കും. ആര്‍ക്കും അഭിപ്രായം പറയാം . എന്നാലത് സര്‍ക്കാര്‍ ചെലവില്‍ നടക്കില്ല. സര്‍ക്കാര്‍ ചെലവില്‍ മണ്ടത്തരങ്ങള്‍ പറയാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രമിക്കുന്നത്. കുട്ടനാട്ടില്‍ നെല്‍ക്യഷി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.