രാജ്യത്തിന്റെ സാമ്പത്തിക നില കേന്ദ്ര സര്‍ക്കാറിനെതിരായ ശക്തമായ കുറ്റാരോപണം; മോദിയെ വീണ്ടും കടന്നാക്രമിച്ച് മന്‍മോഹന്‍ സിംഗ്

Posted on: September 8, 2018 9:54 am | Last updated: September 8, 2018 at 1:02 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വീണ്ടും കടന്നാക്രമിച്ചുകൊണ്ട് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍ോഹന്‍ സിംഗ് . 2014ല്‍ നല്‍കിയ തിരഞ്ഞെടപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നും സാമ്പത്തിക രംഗത്ത് മോദി തികഞ്ഞ പരാജയമാണെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി. ആവശ്യമായ മുന്‍കരുതലെടുക്കാതെ ജി എസ് ടി നടപ്പാക്കിയത് രാജ്യത്തെ വ്യവസായങ്ങളുടെ നട്ടെല്ല് തകര്‍ത്തു. രാജ്യത്ത് ലക്ഷക്കണക്കിന് തൊഴില്‍ രഹിതരായ യുവാക്കളുള്ളപ്പോഴാണ് ഈ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കബില്‍ സിബില്‍ രചിച്ച ‘ഷെയ്ഡ്‌സ് ഓഫ് ട്രൂത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍.

രാജ്യത്തെ സാമ്പത്തിക നില കേന്ദ്ര സര്‍ക്കാറിനെതിരായ ശക്തമായ കുറ്റാരോപണമായിരിക്കുകയാണ്. മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലിനായി കാത്തിരിക്കുകയാണ് രാജ്യത്തെ നിരാശരായ യുവജനങ്ങള്‍. വ്യവസായത്തിലും കയറ്റുമതിയിലും പുരോഗതിയില്ല. വിദേശത്തുള്ള കള്ളപ്പണം തിരിച്ചെത്തിക്കാനും സര്‍ക്കാറിനായിട്ടില്ല. കാര്‍ഷിക പ്രതിസന്ധിയെ മറികടക്കുന്നതിലും കര്‍ഷകര്‍ക്ക് താങ്ങുവില നിശ്ചയിക്കുന്നതിലും സര്‍ക്കാര്‍ കടുത്ത ഉദാസീനതയാണ് കാണിച്ചത്. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാനും സര്‍ക്കാറിനായിട്ടില്ലെന്നും ജനാധിപത്യ രാജ്യത്തെ മൂല്യങ്ങളെല്ലാം മോദി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും മന്‍മോഹന്‍ ആരോപിച്ചു.