Connect with us

Articles

ദുരന്തത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം

Published

|

Last Updated

ഒടുവില്‍, മുഖ്യമന്ത്രി പ്രളയത്തിന്റെ ഉത്തരവാദിത്വം കാലാവസ്ഥാവകുപ്പില്‍ ചാരി തലയൂരാന്‍ ശ്രമിച്ചെങ്കിലും അതു വസ്തുതാപരമല്ലെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ വകുപ്പും കേന്ദ്ര ഭൗമമന്ത്രാലയവും വ്യക്തമാക്കിയത്. കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. സന്തോഷ് പറയുന്നത് ആഗസ്റ്റ് തുടക്കം മുതല്‍ തന്നെ ഒഡീഷ തീരത്തുണ്ടായ ന്യൂനമര്‍ദവും അതു കേരളത്തിലെ മലയോര മേഖലയില്‍ ഉണ്ടാക്കിയ അതിവൃഷ്ടിയെക്കുറിച്ചും സൂചനകള്‍ നല്‍കിയിരുന്നു എന്നാണ്. പ്രളയത്തിനു മുമ്പ് കേരളത്തിനു രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറിയും പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ ഡോ. എം. രാജീവന്‍ വെളിപ്പെടുത്തി. ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് മൂന്നു ദിവസം മുമ്പേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തവണ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ തിരുവനന്തപുരത്തു നിന്ന് ഫോണില്‍ വിളിച്ചു പറഞ്ഞതാണ്. 14ലെ കനത്ത മഴക്കു മുമ്പേ പറഞ്ഞതാണ്. സ്‌പെഷ്യല്‍ ബുള്ളറ്റിനും നല്‍കി. രൂക്ഷമായ മഴക്കുള്ള സാധ്യത ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അറിയിച്ചിരുന്നെന്നും ഡോ. രാജീവന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും അവ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പിനെ മുഖവിലക്ക് എടുത്തിരുന്നെങ്കില്‍ കേരളം ഇത്രയും കനത്ത വില നല്‍കേണ്ടി വരുമായിരുന്നോ? പ്രളയത്തില്‍ നിന്നു കേരളത്തെ വീണ്ടെടുത്ത പരശുരാമനായി മുഖ്യമന്ത്രിയെ ചിത്രീകരിക്കുന്നവര്‍, 483 പേര്‍ കൊല്ലപ്പെടുകയും 22,000 വീടുകള്‍ നിലംപൊത്തുകയും 55 ലക്ഷം പേരെ ബാധിക്കുകയും ചെയ്ത മഹാദുരന്തത്തിനു നേരേ കൊട്ടിയടച്ച വാതിലുകള്‍ കാണാതെ പോകരുത്. മഴക്കാലത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ വെള്ളം താണ്ഡവമാടി വരും എന്നു തന്നെയാണ് അര്‍ഥം. എന്നിട്ടും ഭരണകൂടം തയ്യാറെടുപ്പു നടത്തിയില്ല. മുന്നറിയിപ്പുകള്‍ അവഗണിച്ചും അര്‍ധരാത്രിയിലും വെളുപ്പാന്‍ കാലത്തും ഡാമുകള്‍ തുറന്നുവിട്ടും കേരളത്തെ വെള്ളത്തില്‍ മുക്കിയത് മനുഷ്യനിര്‍മിത ദുരന്തം തന്നെയാണ്.
ജവഹര്‍ലാല്‍ നഹ്‌റു സര്‍വകലാശാല ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പിലെ ഡോ. അമിതാ സിംഗ് പറയുന്നത് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ദുരന്തം ഒഴിവാക്കുന്നതില്‍ അക്ഷന്തവ്യമായ വീഴ്ച വരുത്തി എന്നാണ്. ദീര്‍ഘവീക്ഷണം ഉണ്ടായിരുന്നെങ്കില്‍ നിശ്ചയമായും ഒഴിവാക്കാമായിരുന്ന ദുരന്തം- അവര്‍ പറയുന്നു.
കേരളത്തിലെ ഈ പ്രളയത്തിനു പ്രധാന കാരണം ശക്തമായ മഴയോടൊപ്പം ഇത്രയധികം ഡാമുകള്‍ ഒന്നിച്ചു തുറന്നുവിട്ടതാണ് എന്നാണ് മാധവ് ഗാഡ്ഗില്‍ പറയുന്നത്. അശാസ്ത്രീയമായി ഡാമുകള്‍ തുറന്നുവിട്ടത് പ്രളയത്തിനു വഴി തെളിച്ചു എന്നും മഴക്കാലം തീരുംമുമ്പേ ഡാമില്‍ വെള്ളം നിറച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നും ഇ ശ്രീധരനും അഭിപ്രായപ്പെടുന്നു.

പ്രളയത്തില്‍പ്പെട്ട പ്രദേശങ്ങളിലെ എം എല്‍ എമാരായ സജി ചെറിയാന്‍, രാജു ഏബ്രഹാം, വീണ ജോര്‍ജ്, വി ഡി സതീശന്‍, റോജി ജോണ്‍, ഒ ആര്‍ കേളു തുടങ്ങിയവര്‍ അപ്രതീക്ഷിതമായി ഡാം തുറന്നുവിട്ടതിനെതിരേ പരസ്യമായി രംഗത്തുവന്നവരാണ്. പത്തനംതിട്ട, ആലപ്പുഴ, വയനാട് കലക്ടര്‍മാര്‍ തങ്ങളുടെ ജില്ലയിലുള്ള ഡാമുകള്‍ തുറന്നവിവരം അറിഞ്ഞതേയില്ല. ഈ രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ ജനം പ്രളയത്തില്‍ മുങ്ങുമെന്നതില്‍ സംശയമില്ല.
പ്രളയാനന്തരം നടന്ന രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും മത്സ്യത്തൊഴിലാളികളും സംഘടനകളും യുവാക്കളും വിദ്യാര്‍ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ സ്വന്തം ജീവന്‍ പണയം വെച്ചു പ്രവര്‍ത്തിച്ചപ്പോള്‍ അവിടെയും സര്‍ക്കാറിന്റെ സാന്നിധ്യം ഉണ്ടായില്ല. കോട്ടയത്ത് രക്ഷാപ്രവര്‍ത്തനത്തിനു ചുമതലയുള്ള മന്ത്രി പ്രളയകാലത്തു വിദേശത്തുപോയി. ഇനി മന്ത്രിമാരെ കൂട്ടത്തോടെ വിദേശത്തേക്ക് അയക്കുകയാണ്. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും വിദേശപര്യടനത്തിനു പോകുന്നത്.

2007ല്‍ ദുരന്തനിവാരണ അതോറിറ്റി രൂപവത്കരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് അധ്യക്ഷന്‍. ഇതിനു താഴെ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയും ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പുമുണ്ട്. 2016ല്‍ സംസ്ഥാന ദുരന്ത നിവാരണ പദ്ധതി പ്രസിദ്ധീകരിച്ചു. എന്നാല്‍, പദ്ധതിയില്‍ പറഞ്ഞ പ്രളയ ഭൂപടം പോലും ഉണ്ടാക്കിയില്ല. ദുരന്തനിവാരണ പദ്ധതിയില്‍ ഒരു കാര്യമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ പ്രളയത്തിന്റെ ആഘാതം ആയിരത്തിലൊന്നായി കുറക്കാമായിരുന്നു. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ ദുരന്തനിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കണമെന്ന മുറവിളി ഉയര്‍ന്നിരുന്നു.
നൂറ് വര്‍ഷത്തിനിടയില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമായി മഹാപ്രളയത്തെ എഴുതിത്തള്ളരുത്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആവര്‍ത്തിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. കഴിഞ്ഞതില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണം. അതിന് വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തി ഭാവിയിലേക്കുള്ള ഒരു രൂപരേഖ അടിയന്തരമായി ഉണ്ടാക്കണം.

Latest