Connect with us

Articles

പ്രളയ കാലത്തെ മധ്യവര്‍ഗ വിചാരങ്ങള്‍

Published

|

Last Updated

ഒരു നൂറ്റാണ്ടിനുള്ളില്‍ സംഭവിച്ച മഹാപ്രളയം മലയാളികള്‍ക്ക് ഒരുപാട് പാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ സാമൂഹ്യപാഠത്തെക്കാള്‍ ചിലത് വ്യക്തിപരമായി മനുഷ്യനെ പലതും ചിന്തിപ്പിച്ചിട്ടുണ്ട്. അവ ഏത് അര്‍ഥത്തിലാണ് ഭാവി ജീവിതത്തെ സ്വാധീനിക്കുക എന്നതിന്റെ ഉത്തരം എന്നോണം ഒരു വീട്ടമ്മയുടെ ശബ്ദം വാട്ട്‌സ്ആപ്പിലൂടെ ലോകത്ത് എമ്പാടുമുള്ള മലയാളികള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. അതില്‍ അവര്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ നോക്കാം..
“ഈ വെള്ളപ്പൊക്കം എന്നെ ഒരുപാട് കാര്യങ്ങളെ കുറിച്ച് പഠിപ്പിച്ചു. വിശപ്പ് എന്താണ് എന്ന് അറിഞ്ഞു, കിടപ്പാടത്തിന്റെ വില അറിഞ്ഞു, കുടിക്കുന്ന വെള്ളത്തിന്റെ വില അറിഞ്ഞു, വസ്ത്രത്തിന്റെ വില അറിഞ്ഞു. ഈ ലോകത്ത് എന്തൊക്കെ ഉണ്ടോ അതിന്റെ ഒക്കെ വില ഞാന്‍ അറിഞ്ഞു. എന്റെ കുടുംബം അറിഞ്ഞു. തീര്‍ച്ചയായും നമുക്ക് ആവശ്യത്തിലധികം ആഭരണവും വസ്ത്രവും ആവശ്യമില്ല. ഞാന്‍ ചെരിപ്പ് പോലും ധരിക്കാതെ ചെറിയ പേന്റും ബനിയനും ഇട്ടാണ് ഗവ: ആശുപത്രിയില്‍ മരുന്നിന് ക്യൂ നിന്നത്. എന്നെ കണ്ടാല്‍ പിച്ചക്കാരിയിലും പിച്ചക്കാരി എന്ന് തോന്നും. ഏത് വസ്ത്രവും ആഭരണവും ഇട്ടാല്‍ ആണ് എന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കുക എന്ന് നോക്കാറുണ്ടായിരുന്നു. നിമിഷങ്ങള്‍കൊണ്ട് പ്രകൃതി നമ്മളെ ഒരു പാഠം പഠിപ്പിച്ചു. തീര്‍ച്ചയായും ഇനി ഞാന്‍ ഒന്ന് നന്നാവാന്‍ നോക്കുന്നുണ്ട്. ഞാന്‍ ഇതില്‍ സങ്കടപ്പെടുന്നില്ല. ഞാന്‍ ഇത് പോസിറ്റീവായാണ് എടുത്തത്. അനുഭവം നമ്മെ പഠിപ്പിച്ചത് ഇനിയും നമുക്ക് സമയം ഉണ്ട് നന്നാവാന്‍ എന്നാണ്. അതുകൊണ്ട് നമ്മുടെ ജീവന്‍ പ്രകൃതി തിരിച്ചുതന്നു. തീര്‍ച്ചയായും നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടാകും. എന്റെ കൂടെ നിങ്ങള്‍ ഉണ്ടായല്ലോ.”
ഇത് കേവലം ഒരു വാട്ട്‌സ്ആപ്പ് ശബ്ദരേഖയല്ല. മറിച്ച് അതിലെ ഓരോ വാക്കുകളിലും തിരിച്ചറിവിന്റെ മഹാസാഗരം തിളച്ച് മറിയുന്നുണ്ട്. ഇന്നലെ വരെ ഒരാള്‍ വിചാരിച്ച കാര്യങ്ങള്‍ പാടെ മാറുകയും; അനുഭവങ്ങളിലൂടെ ഇനി അങ്ങോട്ട് താന്‍ എങ്ങനെയായിരിക്കണം ജീവിക്കേണ്ടത് എന്നതിനെ കുറിച്ചു ഒരാളില്‍ പുതിയ ധാരണ ഉണ്ടാകുകയും ചെയ്യുന്നത് പ്രത്യക്ഷത്തില്‍ വ്യക്തിപരമാണ്. അത് എങ്ങനെ സാമൂഹികപരമായി മാറുന്നു എന്നിടത്താണ് സോഷ്യല്‍ ബന്ധങ്ങളുടെ പ്രധാന്യം. സമൂഹത്തിലെ സംവാദ മണ്ഡലങ്ങളില്‍ പങ്കാളികളാവുമ്പോഴാണ് അത്തരത്തിലുള്ള ചിന്താ വ്യവഹാരങ്ങളില്‍ നാം പെട്ടുപോവുക. ഇതൊന്നും നമുക്ക് ആവശ്യമില്ല എന്ന് ഒരു വ്യക്തിക്കോ കൂട്ടത്തിനോ ജനവിഭാഗത്തിനോ തോന്നുന്നുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങള്‍ കാണും. അതിനെ നിര്‍ണയിക്കുന്ന അനേകം ഘടകങ്ങളില്‍ ഒന്ന് അത്തരം മനുഷ്യരുടെ ഭൗതീക ജീവിത സാഹചര്യങ്ങള്‍ ആയിരിക്കും. മറ്റുള്ളവരുടെ യാതൊരു സഹായവും ആവശ്യമില്ലാത്ത വിധം സുരക്ഷിത ജീവിത മണ്ഡങ്ങളിലായിരിക്കും അവരുടെ ആവാസം. പുറത്തെ രാഷ്ട്രീയ മുദ്രവാക്യം അവരെ അലോസരപ്പെടുത്തും. നീതിക്ക് വേണ്ടി പരക്കം പായുന്ന മനുഷ്യരെ അവര്‍ പരിഹാസത്തോടെ കാണും. പട്ടിണി മാറ്റാന്‍ എച്ചില്‍ തൊട്ടിയില്‍ കൈയിടുന്നവരെ അവജ്ഞയോടെ നോക്കും. ഇത്തരം പല തരം സാമൂഹിക യഥാര്‍ഥ്യങ്ങളെ കാണാതിരിക്കാന്‍ വീട്ടിനു ചുറ്റും അവര്‍ വലിയ മതില്‍ കെട്ടി തങ്ങളുടെ ആവാസ കേന്ദ്രങ്ങളെ സുരക്ഷിതമാക്കി നിര്‍ത്തും. എല്ലാ മധ്യ വര്‍ഗങ്ങളും ഇങ്ങനെയല്ലെങ്കിലും ഒരു വിഭാഗം മധ്യവര്‍ഗം ഈ രീതിയിലാണ് തങ്ങളുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അവര്‍ പലപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാറില്ല. അവരുടെ സ്വകാര്യതയില്‍ അവര്‍ സംതൃപ്തരായി കഴിയുന്നു. മറ്റുള്ളവരെ ഒരു വിധത്തിലും നേരിട്ട് ഉപദ്രവിക്കാത്ത ഈ മധ്യ വര്‍ഗത്തെ കുറിച്ച് പിന്നെ എന്തിന് നാം വേവിലാതിപ്പെടണം എന്നായിരിക്കും ചിലര്‍ ചിന്തിക്കുന്നുണ്ടാവുക. അങ്ങനെ ഒരു ചിന്തയെങ്കിലും ഉണ്ടാവുക എന്നതാണ് വര്‍ത്തമാന കാലത്തിന്റെ ആവശ്യം.
മുകളില്‍ ആ വീട്ടമ്മ പറഞ്ഞ് അവസാനിപ്പിച്ചത് “ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടാകും. എന്റെ കൂടെ നിങ്ങള്‍ ഉണ്ടായതുപോലെ” എന്നാണ്. ഈ തിരിച്ചറിവ് പലര്‍ക്കും പ്രളയ ദുരന്തതിന് മുമ്പ് ഉണ്ടായിരുന്നില്ല. എങ്ങനെ അത് പ്രളയകാലത്ത് ഉണ്ടാകുന്നു? വിശാലമായ, സുരക്ഷിതമായ (?) മതിലിനുള്ളില്‍ തങ്ങളുടെ ജീവിതം സുരക്ഷിതമാണ് എന്ന ധാരണ പ്രളയജലത്തില്‍ ഒലിച്ചുപോയി. അകത്ത് സൂക്ഷിച്ച സ്വര്‍ണമോ പണമോ വില കൂടിയ വസ്തുക്കളോ തങ്ങളുടെ ജീവനെ രക്ഷിക്കാനുള്ള രക്ഷാകവചമല്ല. നമുക്ക് വേണ്ടത് മനുഷ്യ സഹായമാണ്. ഈ മഹാപ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആരോടാണ് പറയേണ്ടത്? അതിന്റെ ആദ്യത്തെ ഉത്തരമാണ് ഭരണകൂട സംവിധാനങ്ങള്‍. അപ്പോള്‍ ഇന്നലെ വരെ രാഷ്ട്രീയക്കാരെ പുച്ഛത്തോടെ നോക്കിയത് തെറ്റായിപ്പോയോ? വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് വെള്ളം കയറിവരികയാണ്. ശരീരത്തെ അത് തണുപ്പിക്കുന്നു. ഇന്നലെ വരെ ചാരുകസേരയില്‍ ചാരിയിരുന്ന വലിയച്ഛനെ ഈ മഹാപ്രളയത്തില്‍ നിന്നും എങ്ങനെ രക്ഷിക്കും? ഇങ്ങനെ ചിന്തിക്കുമ്പോഴാണ് ഈങ്ങിയ വസ്ത്രം ധരിച്ച, കാഴ്ചയില്‍ പരമ ദാരിദ്ര്യം അനുഭവിക്കുന്ന എതാനും മനുഷ്യര്‍ വെള്ളത്തില്‍ മുങ്ങിയ മതില്‍ കടന്ന് തോണിയുമായി രക്ഷക്ക് എത്തുന്നത്! അങ്ങനെ അവര്‍ പ്രളയത്തില്‍ അകപ്പെട്ടവരെ മണിമാളികയില്‍ നിന്നും രക്ഷിച്ച് സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നു.

ഇത് ഒരു അനുഭവമാണ്. അതേസമയം വലിയ തിരിച്ചറിവ് കൂടിയാണ്. ഇന്നലെ വരെ ആരുടെയും സഹായം ആവശ്യമില്ലാതെ ജീവിക്കാം എന്ന ധാരണയാണ് ഒരു നിമിഷം കൊണ്ട് മാറുന്നത്. മനുഷ്യര്‍ക്ക് ഏത് സമയത്താണ് പരസഹായം വേണ്ടിവരിക എന്നത് മുന്‍കൂട്ടി ആര്‍ക്കും തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍, ഏത് സമയവും അത് ആവശ്യമായിവരും എന്ന തിരിച്ചറിവാണ് വേണ്ടത്. ഇത്തരം തിരിച്ചറിവിനെ തങ്ങളുടെ ഭൗതീക ജീവിത സൗകര്യം കൊണ്ട് തിരസ്‌കരിക്കുന്നവരാണ് വലിയ വിഭാഗം മധ്യ വര്‍ഗജീവിതങ്ങളും. അത്തരത്തിലേക്ക് അവരുടെ ജീവിത സാഹചര്യങ്ങളെ എത്തിക്കുന്നതില്‍ സവര്‍ണ മനോഭാവത്തിനുള്ള പങ്ക് ചെറുതല്ല. പ്രത്യേകിച്ചും ജാതീയമായ കാഴ്ചപ്പാടില്‍. എന്നാല്‍ പ്രളയജലത്തില്‍ രക്ഷകരായി എത്തിയവരുടെ ജാതിയും മതവും ആരും നോക്കിയില്ല. അവിടെ പരമപ്രധാനം അവനവന്റെ ജീവന്‍ ആണ്. ഈ ജീവന്റെ വില എല്ലാ മനുഷ്യര്‍ക്കും ഒന്നുപോലെയാണ് എന്ന തിരിച്ചറിവ് ഉണ്ടായാല്‍ പല വിവേചനങ്ങളും മാറിക്കിട്ടും. അത് ഉണ്ടാകണമെങ്കില്‍ നമുക്ക് വേണ്ടത് സാമൂഹിക സമ്പര്‍ക്കങ്ങള്‍ ആണ്. അത് തീരെ ഇല്ലാതെ പോയ ഒരു വിഭാഗമാണ് മധ്യവര്‍ഗം. അതിന്റെ ആവശ്യകത തെളിയിച്ചിരിക്കുകയാണ് ഈ പ്രളയം.

സുരക്ഷിത ജീവിത ബോധത്തിന്റെ ഏറ്റവും വലിയ അപകടം അത് അപരന്റെ ജീവിതത്തെ കുറിച്ച് യാതൊരു ആശങ്കയും ഉണ്ടാക്കുന്നില്ല എന്നതാണ്. തങ്ങളുടെ മതില്‍ കെട്ടിനുള്ളിലെ സുരക്ഷിതത്വം നല്‍ക്കുന്ന ആത്മവിശ്വാസമാണ് അതിന് പ്രധാന കാരണം. അവിടെ പരസഹായത്തിന്റെ ആവശ്യകത പോലും അത്തരക്കാരെ സംബന്ധിച്ച് മിഥ്യാ ധാരണയുടെ ഭാഗമാണ്. അതിനെ മനുഷ്യനെക്കൊണ്ട് അതിലംഘിക്കുക പ്രയാസമാണ്. കാരണം, സമ്പത്ത് കൊണ്ട് വാങ്ങാന്‍ പറ്റുന്നതാണ് മനുഷ്യരുടെ ഭൗതിക ആവശ്യങ്ങള്‍. ധനികര്‍ക്കിടയില്‍ വസ്തുക്കളായും സമ്പത്തായും കരുതല്‍ ധനങ്ങള്‍ ഉണ്ടാവുമ്പോള്‍ സുരക്ഷിതത്വബോധം ഒന്നു കൂടിവര്‍ധിക്കുന്നു. ഈ ധാരണയിലാണ് വലിയ വിഭാഗം മധ്യവര്‍ഗ ജീവിതങ്ങള്‍. ഇത് ശരിയല്ലെന്നും ഇതിനെല്ലാം പുറത്ത് ഏറ്റവും വലിയ സമ്പത്ത് നാനാജാതി മനുഷ്യരുമായുള്ള സമ്പര്‍ക്കങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമാണ് എന്നുമുള്ള തിരിച്ചറിവിലേക്ക് മനുഷ്യരെ എത്തിക്കാന്‍ നമുക്ക് ഈ പ്രളയം തന്നെ വേണ്ടിവന്നു.
ദുരന്തങ്ങളില്‍ നാം ആദ്യം നോക്കുന്നത് നമ്മെ തന്നെയായിരിക്കും. അത് ഒറ്റക്കോ കൂട്ടമായോ ആകുന്നു എന്നു മാത്രം. ദുരന്തങ്ങള്‍ തീരെ പരിചയമില്ലാത്തവര്‍ക്ക് ദുരന്തം നല്‍കുന്ന ആഘാതം ചെറുതല്ല. തങ്ങള്‍ക്ക് മുമ്പില്‍ സുരക്ഷിത വഴി തുറന്നു കിടക്കുമ്പോഴും രക്ഷപ്പെടാനാവാതെ അവര്‍ വിറച്ചു നില്‍ക്കും. അതിനു കാരണം ഇത് ആദ്യത്തെ ദുരന്തമായതുകൊണ്ടാണ് എന്നാണ് നാം കരുതുക. സത്യത്തില്‍ ആ ധാരണ പൂര്‍ണമായും ശരിയല്ല. കാരണം, ഇതിന് മുമ്പ് സമൂഹത്തില്‍ സംഭവിച്ച, മനുഷ്യര്‍ പല രീതിയില്‍ അനുഭവിച്ച സാമൂഹിക ദുരന്തങ്ങളെ കുറിച്ച് അറിയുകയോ അവയെ മനസ്സിലാക്കുകയോ ചെയ്യാത്തവര്‍ക്ക് മുമ്പില്‍ അനുഭവത്തിന്റെ അഭാവം വലിയ വിഷയമാണ്. അനുഭവങ്ങള്‍ ഉണ്ടാവണമെങ്കില്‍ നമുക്ക് നല്ല രീതിയിലുള്ള സാമൂഹിക സമ്പര്‍ക്കങ്ങള്‍ ആവശ്യമാണ്. അതാണ് ജനാധിപത്യത്തിന്റെ ശക്തിയും ബഹുസ്വരതയുടെ സൗന്ദര്യവും. അത് നിരന്തരം സംഭവിക്കുമ്പോള്‍ പല രീതിയിലുള്ള വിവേചനങ്ങളും അസ്തമിച്ച് പോകും. എനിക്ക് മാത്രം എന്നെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും എനിക്ക് ചുറ്റുമുള്ളവരുടെ തണലിലാണ് എന്റെ ജീവിതം സുരക്ഷിതമാകുന്നത് എന്ന തിരിച്ചറിവ് വലിയ പാഠമാണ്. ഇത് മനസ്സിലാക്കാത്തവര്‍ക്ക് (മനസ്സിലായിട്ടും പ്രകടിപ്പിക്കാത്തവര്‍ക്ക് )ഈ പാഠം ഇന്നലെ വരെ ശീലിച്ച ജീവിത രീതിക്ക് എതിരെയുള്ള ഒരു പാഠഭേദം കൂടിയാണ്. ഈ പാഠഭേദം ഇനി സ്വാധീനിക്കുന്നത് ചെറിയ മക്കളെ ആയിരിക്കും എന്നു ഉറപ്പിച്ച് പറയാം.

പ്രളയത്തില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച യുവാക്കള്‍, പ്രത്യേകിച്ചും മധ്യ വര്‍ഗത്തില്‍പ്പെട്ട മക്കള്‍; അവര്‍ മുതിര്‍ന്നവര്‍ ഉണ്ടാക്കിയ മതില്‍ ചാടി കടന്നത് ആരോടും അനുവാദം ചോദിക്കാതെയാണ്. ഇന്നലെ വരെ മതിലിനുള്ളിലെ ജീവിതം നല്‍കിയ കരുതല്‍ തങ്ങള്‍ക്ക് വേണ്ടി ആണെങ്കില്‍ അതേ കരുതല്‍ സമൂഹത്തിനും ആവശ്യമാണ് എന്ന് മധ്യവര്‍ഗത്തില്‍ പെട്ട മക്കള്‍ക്ക് കാണിച്ചു കൊടുക്കാന്‍ ഈ പ്രളയത്തിനു കഴിഞ്ഞു. ഇത് വലിയ സന്ദേശമാണ് നല്‍കുന്നത്. സാമൂഹിക സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക എന്നത് ഒരു വ്യക്തിയിലെ രാഷ്ട്രീയബോധത്തെയാണ് കാണിക്കുന്നത്. പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട യുവാക്കള്‍, വിദ്യാര്‍ഥികള്‍ പിന്നീട് രക്ഷകരായി മാറിയത് സാമൂഹിക തിരിച്ചറിവിന്റെ ഫലമായിട്ടാണ്. ഇതാണ് ആ വീട്ടമ്മ പറഞ്ഞ വാക്കിന്റെ സത്യവും. നിങ്ങള്‍ എന്നെ രക്ഷിച്ചില്ലേ, ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും. ഈ തരത്തില്‍ ഈ പ്രളയം മലയാളിക്ക് ജീവ നഷ്ടവും ധനനഷ്ടവും നല്‍കിയപ്പോള്‍ കുറെ തിരിച്ചറിവുകളും നല്‍കിയിട്ടുണ്ട്. അതിനെ ഉള്‍ക്കൊണ്ടായിരിക്കണം നമ്മുടെ ഇനിയുള്ള സാമൂഹിക സമ്പര്‍ക്കങ്ങള്‍. അങ്ങനെ നമുക്കിടയിലെ വര്‍ഗ വിഭജനങ്ങള്‍ അവസാനിക്കട്ടെ.

Latest