ദുരന്തത്തിലേക്ക് നയിക്കണോ?

Posted on: September 7, 2018 9:32 am | Last updated: September 7, 2018 at 9:32 am

ഉഭയ സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിയിരിക്കുകയാണ് സുപ്രീം കോടതി. മാധ്യമപ്രവര്‍ത്തക സുനില്‍ മെഹ്‌റ, ഹോട്ടലുടമകളായ അമന്‍ നാഥ്, കേശവ് സുരി, നര്‍ത്തകന്‍ നവതേജ് ജോഹര്‍ബിസിനസ് തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രസ്താവം. ഗുരുതര സാമൂഹിക, ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ വിധി. നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്വവര്‍ഗരതി 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം ക്രിമില്‍ കുറ്റമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും 2013ല്‍ സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കുകയാണുണ്ടായത്.

ലൈംഗിക അഭിരുചിയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്, ഏകപക്ഷീയവും യുക്തിഹീനവുമാണ്, ഐ പി സി 377ലെ സാമൂഹിക ധാര്‍മികതയുടെ പേരില്‍ വ്യക്തിയുടെ അവകാശം ഇല്ലാതാക്കാനാകില്ല, സ്വവര്‍ഗ രതിക്കുള്ള അവകാശം നിഷേധിക്കുന്നത് ഒരു തരം അടിച്ചര്‍ത്തലാണ്, എല്ലാതരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണ് തുടങ്ങിയ ന്യായങ്ങളാണ് ഈ നികൃഷ്ടകേളി നിയമവിധേയമാക്കുന്നതിന് കോടതി മുന്‍വെച്ചത്. അതേസമയം മൃഗങ്ങളുമായുള്ള ഏത് തരത്തിലുള്ള ലൈംഗിക ബന്ധവും കുറ്റകരമാണെന്നും വിധിയില്‍ പറയുന്നു. മൃഗങ്ങളുമായുള്ള ലൈംഗികാഭിരുചി വ്യക്തിയുടെ അവകാശം ഹനിക്കലാണെന്ന് കോടതിക്ക് തോന്നാതിരുന്നത് എന്തുകൊണ്ടാണ്?
ചരിത്രവിധിയെന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചതെങ്കിലും വൃത്തികെട്ട പാശ്ചാത്യന്‍ സംസ്‌കാരത്തിന് അടിപ്പെട്ടവരല്ലാതെ സംസ്‌കാര ബോധമുള്ള ഒരു സമൂഹവും ഈ വിധിയെ സ്വാഗതം ചെയ്യില്ല. ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്ന തീരൂമാനമാണ് കോടതിയുടേത്. ഈ നാട് ഇന്നുവരെ പുലര്‍ത്തിപ്പോന്ന സദാചാരത്തിനും സംസ്‌കാരത്തിനും ഭാരതീയ ദാര്‍ശനികതക്കും മതങ്ങളുടെ കാഴ്ചപ്പാടിനും വിരുദ്ധമാണിത്. പൗരാണിക ഇന്ത്യയില്‍ ആസ്തിക ദര്‍ശനങ്ങളോ നാസ്തികദര്‍ശനങ്ങളോ ഒന്നും തന്നെ സ്വവര്‍ഗപ്രേമത്തെ അംഗീകരിക്കുന്നില്ല. മൃഗങ്ങള്‍ പോലും എതിര്‍ ലിംഗവുമായല്ലാതെ ബന്ധത്തിലേര്‍പ്പെടുന്നില്ലെന്നിരിക്കെ ഇത്തരമൊരു ബന്ധത്തിലേര്‍പ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ മൃഗങ്ങളേക്കാള്‍ നികൃഷ്ടരാണ്.

ലൈംഗിക വേഴ്ച നൈസര്‍ഗികമായ ഒരാവശ്യമാണെങ്കിലും സ്ത്രീപുരുഷ സംസര്‍ഗമാണ് പ്രകൃതിപരമായ വേഴ്ചയെന്നും അതുമാത്രമാണ് അംഗീകരിക്കപ്പെടേണ്ട ബന്ധമെന്നും പൊതുവെ സാര്‍വാംഗീകൃത കാര്യമാണ്. ഇതില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള എന്തും, അതവര്‍ക്ക് ലൈംഗിക തൃപ്തി നല്‍കുന്നുണ്ടെങ്കില്‍ പോലും തെറ്റാണെന്നാണ് പൊതുവായ കാഴ്ചപ്പാട്. ജീവജാലങ്ങളെ പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ട് വിഭാഗമായി സൃഷ്ടിച്ചത് പരസ്പരം ഇണകളും തുണകളുമായാണ്. ആ ഇണകള്‍ തമ്മില്‍ ചേരലാണ് പ്രകൃതിയുടെ നിയമം. മനുഷ്യവംശത്തിന്റെ അടിത്തറയും സ്ത്രീ പുരുഷ സംസര്‍ഗമാണ്. അതിലൂടെയാണ് കെട്ടുറപ്പുള്ള ദാമ്പത്യ ജീവിതവും കുട്ടികളും കുടുംബങ്ങളും സമൂഹവും സൃഷ്ടിക്കപ്പെടുന്നത്. സാഹചര്യങ്ങളുടെ ഫലമായി സ്വവര്‍ഗാനുരാഗികളായി മാറുന്നവരില്‍ ജീവിതാവസാനം വരെ ഈ താത്പര്യം നിലനില്‍ക്കാറില്ലെന്നതും, കുറേ കഴിയുമ്പോള്‍ തകരുന്നുവെന്നതും അത് പ്രകൃതിവിരുദ്ധമാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
സ്വവര്‍ഗാനുരാഗം ഒരു രോഗമാണെന്നാണ് ഇതേക്കുറിച്ച് വിപുലമായ പഠനം നടത്തിയ ഒട്ടേറെ ലൈംഗിക ശാസ്ത്രജ്ഞരുടെ പക്ഷം. ഇത്തരം മനോവൈകല്യങ്ങളെ ചികിത്സിച്ചു ഭേദമാക്കുകയല്ലാതെ നിമയത്തിന്റെ പരിരക്ഷ നല്‍കി സമൂഹത്തില്‍ പടരാന്‍ അവസരം നല്‍കുകയല്ല ഭരണ നേതൃത്വവും നീതിന്യായ വ്യവസ്ഥയും ചെയ്യേണ്ടത്. സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത് ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരികാന്തരീക്ഷത്തെ കൂടുതല്‍ മലീമസമാക്കുമെന്നാണ് നേരത്തെ അതിന് അനുമതി നല്‍കിയ പാശ്ചാത്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

അനിയന്ത്രിതമായ ലഹരി ഉപയോഗം. ബാലപീഡനം, അക്രമം, കലാപം തുടങ്ങി സകല കുഴപ്പങ്ങളുടെയും സാമൂഹിക വിരുദ്ധതയുടെയും ആള്‍ക്കൂട്ടങ്ങളാണ് അവിടങ്ങളിലെ സ്വവര്‍ഗാനുരാഗ സമൂഹങ്ങളെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ പഠനറിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തുന്നത്. കുടുംബത്തില്‍ നിന്നുള്ളഅകല്‍ച്ചയും സാമൂഹിക ബന്ധങ്ങളുടെ തകര്‍ച്ചയും അവ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷവും രോഗങ്ങളും കൂടി വരുന്നതായും പഠനം കാണിക്കുന്നു. സ്വവര്‍ഗ രതിയുടെ പാളയത്തിലെത്തിച്ചേര്‍ന്ന അമേരിക്കക്കാരില്‍ 30 ശതമാനവും 30 വയസ്സിനു മുമ്പ് മരിക്കുകയോ, എയ്ഡ്‌സ് ബാധിതരായി ത്തീരുകയോ ചെയ്യുന്നുവത്രെ. ചെറിയൊരു ശതമാനം സ്വവര്‍ഗഭോഗികളുടെ താത്പര്യത്തിനായി ഇന്ത്യയെയും ഇത്തരമൊരു സാംസ്‌കാരിക ദുരന്തത്തിലേക്ക് നയിക്കണോ?